‘‘ഇനി എന്തു ചെയ്യുമെന്നോ എന്താകുമെന്നോ എനിക്ക് അറിയില്ല. എന്നാൽ, 25–ാം ഗ്രാൻസ്‌ലാം എന്ന സ്വപ്നം വിട്ടുകൊടുക്കാൻ എനിക്ക് ഇപ്പോഴും മനസ്സില്ല’’ – ടെന്നിസിലെ അപൂർവനേട്ടത്തിലേക്കുള്ള കാത്തിരിപ്പ് നീണ്ടപ്പോൾ കഴിഞ്ഞവർഷം നൊവാക് ജോക്കോവിച്ച് പറഞ്ഞത് ഇങ്ങനെയാണ്. എന്നാൽ 2026 ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിനു ശേഷം ജോക്കോയുടെ വാക്കുകൾ ഇങ്ങനെയാണ്: ‘‘നാളെ എന്ത് സംഭവിക്കുമെന്ന് ദൈവത്തിനറിയാം. എന്തായാലും ഇതൊരു മികച്ച യാത്രയായിരുന്നു.’’ – കരിയറിലെ ആ മോഹം ജോക്കോ ഉപേക്ഷിച്ചെന്നുള്ള സൂചനയാണോ ഈ വാക്കുകൾ? പക്ഷേ കാലവും ലോകവും കാത്തിരിക്കുന്നു, ജോക്കോ തിരിച്ചുവരും, വരാതിരിക്കില്ല!
കൂടുതൽ ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങളുടെ റെക്കോർഡിൽ ജോക്കോ (24) മുൻ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിനൊപ്പമെത്തിയത് 2023 യുഎസ് ഓപ്പൺ വിജയത്തിലൂടെയാണ്. പക്ഷേ പിന്നീട് ഒരു ഗ്രാൻസ്‌ലാം കിരീടം പോലും നേടാനാകാതെ രണ്ടു സീസണുകളാണ് ജോക്കോയുടെ കരിയറിൽ കടന്നുപോയത്. 2026 ഓസ്ട്രേലിയൻ ഓപ്പണിലൂടെ ആ കിരീട വരൾച്ച അവസാനിപ്പിക്കാമെന്നായിരുന്നു ജോക്കോയുടെയും ആരാധകരുടെയും പ്രതീക്ഷ. എന്നാൽ പക്ഷേ ഗ്രാൻസ്‌ലാം പട്ടികയിലെ 25 എന്ന മാന്ത്രിക സംഖ്യ ഇതിഹാസ താരത്തിന് ഒരിക്കൽ കൂടി കൈയകലെ നഷ്ടമായിരിക്കുന്നു.
ഫൈനലിൽ, ലോക ഒന്നാം നമ്പർ താരം ഇരുപത്തിരണ്ടുകാരൻ സ്പാനിഷ് താരം കാർലോസ് അൽകാരസിനു മുന്നിലാണ് മുപ്പത്തെട്ടുകാരനായ ജോക്കോ മുട്ടുകുത്തിയത്. ഓസ്ട്രേലിയൻ ഓപ്പണിൽ 11–ാം ഫൈനൽ കളിച്ച ജോക്കോ, ആദ്യമായാണ് തോൽവിയറിയുന്നത്. ഒരുകാര്യം ആത്മാർഥമായി ആഗ്രഹിച്ചാൽ അതു നേടാൻ ലോകം മുഴുവൻ ഒപ്പം നിൽക്കും എന്ന വാക്കുകൾ അന്വർഥമാക്കിയായിരുന്നു ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്റെ മുന്നേറ്റം. പോരാട്ട മികവിനെക്കാൾ ഭാഗ്യത്തിന്റെ അകമ്പടിയോടെ ജയിച്ച ടെന്നിസ് മത്സരങ്ങൾ നൊവാക് ജോക്കോവിച്ചിന്റെ കരിയറിൽ അധികമുണ്ടായിട്ടില്ല.
എന്നാൽ മെൽബണിൽ ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയായിരുന്നു ജോക്കോയുടെ മുന്നേറ്റം. പ്രീക്വാർട്ടറിലും ക്വാർട്ടറിലും എതിരാളി മത്സരത്തിൽനിന്നു പിന്മാറിയതോടെ ജോക്കോയ്ക്ക് വാക്കോവർ കിട്ടുകയായിരുന്നു. സെമിഫൈനലിൽ രണ്ടാം സീഡും നിലവിലെ ചാംപ്യനുമായ യാനിക് സിന്നറിനെ വാശിയേറിയ പോരാട്ടത്തിൽ തോൽപ്പിച്ചാണ് ജോക്കോ ഫൈനലിൽ കടന്നത്. പക്ഷേ ഫൈനലിൽ ഒന്നാം സീഡ് അൽക്കാരസിനെ തോൽപ്പിക്കാൻ ആ ‘ഭാഗ്യം’ ജോക്കോയ്ക്കൊപ്പം നിന്നില്ല.
2023ലെ യുഎസ് ഓപ്പൺ നേട്ടത്തോടെ കൂടുതൽ ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങളിൽ മുൻ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം ജോക്കോ എത്തിയപ്പോൾ എല്ലാവരും കരുതിയത് 25-ാം കിരീടത്തിലേക്ക് മാസങ്ങൾക്കുള്ളിൽ എത്തുമെന്നാണ്. എന്നാൽ 24–ാം ഗ്രാൻസ്‌ലാം ജോക്കോ സ്വന്തമാക്കിയിട്ട് ഇപ്പോൾ 29 മാസങ്ങൾ പിന്നിടുന്നു. രാജ്യാന്തര ക്രിക്കറ്റിൽ 99 സെഞ്ചറികളിൽനിന്ന് 100ലേക്ക് എത്താൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് ഒന്നര വർഷത്തോളമാണ് കാത്തിരിക്കേണ്ടിവന്നത്. എന്നാൽ 24 ഗ്രാൻസ്‌ലാം കിരീടത്തിൽനിന്ന് 25ലേക്ക് എത്താൻ ടെന്നിസ് ഇതിഹാസം ജോക്കോയുടെ കാത്തിരിപ്പ് രണ്ടരവർഷത്തിനു ശേഷവും തുടരുകയാണ്; കാത്തിരുന്ന് കിട്ടുന്നതിന്റെ മാറ്റുകൂടുമെന്നതിനാൽ പ്രതീക്ഷ കൈവിടുന്നില്ല.
∙ കിരീടമില്ലാത്ത രണ്ടു വർഷം2017ന് ശേഷം ആദ്യമായി ഒരു ഗ്രാൻസ്‌ലാം പോലും നേടാനാവാതെയാണ് ജോക്കോവിച്ച് 2024 സീസൺ പൂർത്തിയാക്കിയത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ യാനിക് സിന്നറിനോട് സെമിയിൽ തോറ്റു. വിമ്പിൾഡൺ ഫൈനലിൽ അൽകാരസിന് മുന്നിൽ അടിപതറി. കാൽമുട്ടിനേറ്റ പരുക്ക് മൂലം ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറേണ്ടി വന്നു. 18 വർഷത്തിനിടെ ആദ്യമായി യുഎസ് ഓപ്പണിൽ നാലാംറൗണ്ടിലെത്താതെ ജോക്കോവിച്ച് പുറത്തായി.
2025ൽ നാല് ഗ്രാൻസ്‌ലാമുകളിലും സെമി ഫൈനലിൽ എത്തിയെങ്കിലും കലാശപ്പോരാട്ടത്തിലേക്കു മുന്നേറാൻ താരത്തിനായില്ല. യുവതാരങ്ങളായ സിന്നറും അൽകാരസും ഉയർത്തിയ വെല്ലുവിളികൾക്ക് മുന്നിൽ പലപ്പോഴും അദ്ദേഹത്തിന് കാലിടറി. 2026 സീസണിന്റെ തുടക്കത്തിലും കിരീടവരൾച്ചയെന്ന നിർഭാഗ്യം ജോക്കോയെ പിന്തുടരുകയാണ്. കരിയറിൽ ബാക്കിയുണ്ടായിരുന്ന വലിയ നേട്ടമായ ഒളിംപിക് സ്വർണമാണ് ഈ കാലയളവിൽ ജോക്കോയ്ക്ക് ആശ്വാസമായത്. 2024 പാരിസ് ഒളിംപിക്സിലാണ് ജോക്കോയുടെ സ്വർണ മെഡൽ നേട്ടം.
∙ പ്രായത്തെ വെല്ലുവിളിച്ച വിസ്മയം
‘‘ഞാൻ എപ്പോഴും എന്നിൽ വിശ്വസിക്കുന്നു, അത് ശരിക്കും ആവശ്യമാണെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച് കാർലോസിനെയും യാനിക്കിനെയും പോലെ നിലവാരമുള്ള താരങ്ങൾക്കെതിരെ കളിക്കുമ്പോൾ. സത്യം പറഞ്ഞാൽ, ഇനി ഒരിക്കലും ഒരു ഗ്രാൻസ്‌ലാം ചടങ്ങിൽ ഞാൻ നിൽക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. അതിനാൽ എന്റെ യാത്രയിലുടനീളം എന്നെ മുന്നോട്ട് നയിച്ചതിന് നിങ്ങളോട് നന്ദി പറയുന്നു.’’ – ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ അൽകാരസിനെതിരായ തോൽവിക്കു ശേഷം ജോക്കോവിച്ച് പറഞ്ഞ വാക്കുകളാണ്. 2026ൽ ഓസ്ട്രേലിയൻ ഓപ്പണിനായി മെൽബണിൽ കാലുകുത്തിയ ജോക്കോയെ പലരും എഴുതിത്തള്ളിയിരുന്നു. എന്നാൽ സെമി ഫൈനലിൽ 4 മണിക്കൂറും 9 മിനിറ്റും പോരാട്ടത്തിൽ യാനിക് സിന്നറിനെ തോൽപ്പിച്ച ജോക്കോവിച്ച് പുറത്തെടുത്തത് പ്രായത്തെ വെല്ലുന്ന ശാരീരികക്ഷമതയായിരുന്നു. 2023 മുതൽ 2026 വരെയുള്ള ഈ കാലയളവ് ജോക്കോവിച്ചിനെ സംബന്ധിച്ച് പ്രായത്തോടും പുതിയ തലമുറയോടുമുള്ള യുദ്ധം കൂടിയായിരുന്നു.
25-ാം ഗ്രാൻസ്‌ലാം കിരീടനേട്ടം ഇപ്പോഴും വിദൂരത്താണെങ്കിലും ജോക്കോവിച്ച് എന്ന ഇതിഹാസത്തിന്റെ മഹത്വം ഒട്ടും കുറയുന്നില്ല. പുരുഷ ടെന്നിസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം, ഏറ്റവും കൂടുതൽ കാലം ഒന്നാം നമ്പർ സ്ഥാനത്ത്, എല്ലാ ഗ്രാൻസ്‌ലാമുകളും ഒളിംപിക് സ്വർണവും നേടിയ താരം—ഈ റെക്കോർഡുകളെല്ലാം അദ്ദേഹത്തിന് സ്വന്തമാണ്. ജോക്കോവിച്ച് ഇനിയും വിരമിച്ചിട്ടില്ല. ഈ വർഷം നടക്കുന്ന ഫ്രഞ്ച് ഓപ്പണിലോ വിമ്പിൾഡണിലോ 25–ാം ഗ്രാൻസ്‌ലാം എന്ന ചരിത്രനേട്ടം ജോക്കോ സ്വന്തമാക്കുമെന്ന് വിശ്വസിക്കാനാണ് ടെന്നിസ് പ്രേമികൾക്ക് ഇഷ്ടം. കാരണം, നൊവാക് ജോക്കോവിച്ച് എന്നത് കേവലം ഒരു പേരല്ല, അസാധ്യമായതിനെ സാധ്യമാക്കുന്ന പോരാളിയുടെ പേരാണ്. ദ് റിയൽ ഗോട്ട്!
English Summary:







English (US) ·