Published: May 24, 2026 10:16 AM IST
1 minute Read
ലക്നൗ ∙ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനായി അരങ്ങേറ്റം കുറിച്ച മകന്‍ അര്‍ജുന്‍ തെൻഡുല്‍ക്കറെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. അര്‍ജുന്‍റെ കഠിനാധ്വാനവും ക്രിക്കറ്റിനോടുള്ള താല്‍പര്യവും പ്രശംസാര്‍ഹമാണെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച വൈകാരികക്കുറിപ്പില്‍ സച്ചിന്‍ പറഞ്ഞു. അത്യപൂര്‍വമായാണ് സച്ചിന്‍ മകനെ കുറിച്ച് എഴുതുന്നത്. ക്ഷമയോടെ തന്‍റെ അവസരത്തിനായി അര്‍ജുന്‍ കാത്തിരുന്നെന്നും ടീമിന്‍റെ ലീഗ് മല്‍സരങ്ങളിലെ അവസാനത്തേതില്‍ കളിക്കാന്‍ കഴിഞ്ഞുവെന്നും മകനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും സച്ചിന്‍ കുറിച്ചു.
‘‘അര്‍ജുന്‍, നീ നന്നായി കളിച്ചു. സീസണിലുടനീളമുള്ള നിന്‍റെ ഈ യാത്രയില്‍ എനിക്ക് അഭിമാനമുണ്ട്. നിന്‍റെ കഴിവില്‍ നീ വിശ്വസിച്ചു, ക്ഷമയോടെ കാത്തിരുന്നു. ശാന്തമായി കഠിനാധ്വാനം തുടര്‍ന്നു, പോസിറ്റീവായി അവസരം ലഭിക്കുവോളം, അവസാന മത്സരത്തോളം കാത്തിരുന്നു. പലപ്പോഴും പ്രതിഭ പോലെ തന്നെ ക്ഷമയും പരീക്ഷിക്കുന്നയിടമാണ് ക്രിക്കറ്റ്. രണ്ടും നീ മനോഹരമായി കൈകാര്യം ചെയ്തു. എപ്പോഴത്തേയും പോലെ ക്രിക്കറ്റിനെ സ്നേഹിച്ചു. നിറഞ്ഞ സ്നേഹം.’’– സച്ചിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സഹോദരി സാറ തെൻഡുൽക്കർ, മുൻ ഇന്ത്യൻ താരം യുവരാജ് സിങ് തുടങ്ങിയവരും പോസ്റ്റിനു കമന്റ് ചെയ്തിട്ടുണ്ട്.
അര്‍ജുന്‍റെ കളിയെ കുറിച്ച് 2023ലാണ് സച്ചിന്‍ ഇതിന് മുന്‍പ് എഴുതിയിട്ടുള്ളത്. മുംബൈ ഇന്ത്യൻസിനായി അര്‍ജുന്‍ അരങ്ങേറിയപ്പോഴായിരുന്നു സച്ചിന്‍റെ കുറിപ്പ്. ഈ സീസണിനു മുന്നോടിയായിട്ടാണ് മുംബൈ ഇന്ത്യൻസിൽനിന്ന് അർജുൻ ലക്നൗ സൂപ്പർ ജയന്റ്സിലെത്തിയത്. എന്നാൽ അവസാന മത്സരത്തിലാണ് താരത്തിന് ആദ്യ അവസരം ലഭിച്ചത്.
അർജുനെ അഭിനന്ദിച്ച് സാറയും മറ്റൊരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘‘ഇതു നീ അർഹിക്കുന്നു, സഹോദരാ. നിന്റെ കഠിനാധ്വാനത്തിലും, സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവിലും, ഈ സമയത്തത്രയും നീ കാണിച്ച ക്ഷമയിലും ഞാൻ ഒരുപാട് ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു. എപ്പോഴും നിന്നെ ഞാൻ സ്നേഹിക്കുന്നു (പിന്നെ അതിനേക്കാളേറെയും).’’– അർജുന്റെ ചിത്രം പങ്കുവച്ച് സാറ കുറിച്ചു.
പഞ്ചാബിനെതിരായ മത്സരത്തിൽ പവര്‍പ്ലേയ്ക്ക് പിന്നാലെയാണ് അര്‍ജുന്‍ പന്തെറിയാന്‍ എത്തിയത്. ആദ്യ ഓവറില്‍ തന്നെ പ്രഭ്സിമ്രനെ ഞെട്ടിച്ചെങ്കിലും പന്തിന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോയി. നാലു റണ്‍സ് മാത്രമാണ് താരം ആദ്യ ഓവറില്‍ വഴങ്ങിയത്. രണ്ടാം ഓവര്‍ പക്ഷേ അല്‍പം അയഞ്ഞു. തുടക്കക്കാരനെ ശ്രേയസും പ്രഭ്സിമ്രനും കൈകാര്യം ചെയ്തതോടെ 15 റണ്‍സ് വഴങ്ങേണ്ടി വന്നു.
രണ്ട് ഫോറും ഒരു സിക്സുമുള്‍പ്പടെയാണിത്. മൂന്നാം ഓവറില്‍ പ്രഭ്സിമ്രന്‍റെ വിക്കറ്റും താരമെടുത്തു. അഞ്ച് റണ്‍സ് മാത്രമാണ് 17–ാം ഓവറില്‍ അര്‍ജുന്‍ വിട്ടുനല്‍കിയത്. ലക്നൗ ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ അഞ്ച് പന്തിൽ അഞ്ച് റൺസെടുത്ത് പുറത്താകാതെ നിന്ന അർജുൻ, മത്സരത്തിൽ ഒരു ക്യാച്ചുമെടുത്തു. മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ലക്നൗ തോറ്റത്.
English Summary:







English (US) ·