Published: February 16, 2026 10:48 PM IST Updated: February 16, 2026 11:03 PM IST
2 minute Read
പല്ലെക്കലെ ( ശ്രീലങ്ക)∙ നിസ്സങ്കയ്ക്കു മുന്നിൽ നിസ്സഹായരായി നിൽക്കുന്ന ഓസീസിനെയാണ് പല്ലെക്കലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്. ഈ ട്വന്റി20 ലോകകപ്പിലെ ആദ്യ സെഞ്ചറി കുറിച്ച പാത്തും നിസ്സങ്കയുടെ (52 പന്തിൽ 100*) അപരാജിത ഇന്നിങ്സിന്റെ കരുത്തിൽ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് ശ്രീലങ്ക തോൽപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത് ഓസ്ട്രേലിയ 20 ഓവറിൽ 181 റൺസിന് ഓൾഔട്ടായപ്പോൾ, മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ലക്ഷ്യം കണ്ടു. സെഞ്ചറി നേടിയ നിസ്സങ്കയ്ക്കു പുറമേ അർധസെഞ്ചറി നേടിയ കുശാൽ മെൻഡിസ് (38 പന്തിൽ 51), പവൻ രത്നായകെ (15 പന്തിൽ 28*) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. ട്വന്റി20 ലോകകപ്പിൽ ശ്രീലങ്ക പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
ഈ ലോകകപ്പിൽ ഓസ്ട്രേലിയയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ സിംബാബ്‌വെയോടും അവർ തോൽവി ഏറ്റുവാങ്ങിയിരുന്നു. ജയത്തോടെ ഗ്രൂപ്പ് ബിയിൽനിന്ന് ശ്രീലങ്ക സൂപ്പർ എട്ടിൽ കടന്നു. എന്നാൽ ഓസ്ട്രേലിയയുടെ കാര്യം പരുങ്ങലിലായി. നിലവിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥനത്തുള്ള അവർക്ക് രണ്ടു പോയിന്റ് മാത്രമാണുള്ളത്. ഒമാനെതിരായ അടുത്ത മത്സരം ജയിച്ചാലും രണ്ടാം സ്ഥാനത്തുള്ള സിംബാബ്‌വെയുടെ മത്സരഫലങ്ങളെ കൂടി ആശ്രയിച്ചാകും അവരുടെ സൂപ്പർ എട്ട് പ്രവേശനം.
ശ്രീലങ്കയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിനു വേണ്ടി ഓപ്പണർമാരായ ക്യാപ്റ്റൻ മിച്ചൽ മാർഷും (27 പന്തിൽ 54), ട്രാവിഡ് ഹെഡും (29 പന്തിൽ 56) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 104 റൺസാണ് അടിച്ചുകൂട്ടിയത്. 9–ാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. ഹെഡിനെ പുറത്താക്കി ദുഷാൻ ഹേമന്തയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടങ്ങോട്ട് ഓസീസിന്റെ തകർച്ചയും ആരംഭിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ഓസീസ് സ്കോർബോർഡ് കിതച്ചു.
ആദ്യ 9 ഓവറിൽ 105 റൺസെടുത്ത ഓസീസ്, ബാക്കി 11 ഓവറിൽ വെറും 76 റൺസ് മാത്രമാണ് കൂട്ടിച്ചേർത്ത്. മാർഷിനെയും ഹെഡിനെയും കൂടാതെ ജോഷ് ഇംഗ്ലിസ് (22 പന്തിൽ 27), ഗ്ലെൻ മാക്‌സ്‌വെൽ (15 പന്തിൽ 22) എന്നിവർക്കു മാത്രമാണ് പിന്നീട് രണ്ടക്കം കാണാനായത്. 20–ാം ഓവറിൽ വെറും നാല് റൺസ് മാത്രമണ് ഓസീസിന് നേടാനായത്. വീണത് മൂന്നു വിക്കറ്റും. ശ്രീലങ്കയ്ക്കായി ദുഷാൻ ഹേമന്ത മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ, ദുഷ്മന്ത ചമീര രണ്ടും മഹേഷ് തീക്ഷണ, ദുനിത് വെല്ലലഗെ, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ കുശാൽ പെരെരയെ (3 പന്തിൽ 1) രണ്ടാം ഓവറിൽ തന്നെ വീഴ്ത്തി മാർക്സ് സ്റ്റോയിനിസ് ഓസീസിനു പ്രതീക്ഷ നൽകിയെങ്കിലും അത് ഏറെ നേരം നീണ്ടുനിന്നില്ല. രണ്ടാം വിക്കറ്റിൽ ഒന്നിച്ച പാത്തും നിസ്സങ്ക– കുശാൽ മെൻഡിസ് സഖ്യം ലങ്കൻ ഇന്നിങ്സിനെ തോളിലേറ്റുകയായിരുന്ന. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 97 റൺസാണ് കൂട്ടിച്ചേർത്തത്. 13–ാം ഓവറിൽ പെരേരെ പുറത്താകുമ്പോൾ ലങ്കൻ സ്കോർ 105 ൽ എത്തിയിരുന്നു. പിന്നീട് എത്തിയ പവൻ രത്നായകെ, നിസ്സങ്കയ്ക്ക് ഉറച്ച പിന്തുണ നൽകിയതോടെ ലങ്ക അതിവേഗം ജയത്തിലേക്ക് അടുത്തു. 52 പന്തിൽ 5 സിക്സറുകളുടെ 10 ഫോറുകളുടെയും അകമ്പടിയോടെയാണ് നിസ്സങ്ക സെഞ്ചറി തികച്ചത്. ട്വന്റി20 ലോകകപ്പിൽ ലങ്കൻ താരത്തിന്റെ രണ്ടാം സെഞ്ചറിയാണിത്. 2010 ലോകകപ്പിൽ മഹേള ജയവർധനെയാണ് ആദ്യ സെഞ്ചറിക്കാരൻ. ലോകകപ്പിൽ ഓസീസിനെതിരെയും ഒരു താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്.
English Summary:







English (US) ·