Published: February 10, 2026 08:31 PM IST
1 minute Read
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ രണ്ടാം മത്സരത്തിനു മുന്നോടിയായുള്ള പരിശീലന സെഷനുകൾ ഒഴിവാക്കി ഓപ്പണർ അഭിഷേക് ശർമ. ന്യൂഡല്‍ഹിയിലെത്തിയ ഇന്ത്യൻ ടീം അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലാണു പരിശീലിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനുകളിലും അഭിഷേക് ശർമ കളിക്കാനിറങ്ങിയിട്ടില്ല. അതേസമയം യുഎസിനെതിരെ കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇഷാൻ കിഷനൊപ്പം നെറ്റ്‌സിൽ ഏറെ നേരം പരിശീലനത്തിന് ഇറങ്ങി.
അഭിഷേക് പൂർണമായും ഫിറ്റ്നസിലേക്കു മടങ്ങിയെത്തിയിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം. 12നാണ് ഇന്ത്യ– നമീബിയ പോരാട്ടം. പാക്കിസ്ഥാനെതിരായ മത്സരത്തിനു മുൻപ് അഭിഷേകിന് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചാൽ, സഞ്ജു സാംസണ്‍– ഇഷാൻ കിഷൻ കോംബോ ആയിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. പരുക്കുമാറി തിരിച്ചെത്തിയ വാഷിങ്ടൻ സുന്ദർ ഉൾപ്പടെയുള്ള താരങ്ങൾ, ഇന്ത്യയ്ക്കായി പരിശീലനത്തിന് ഇറങ്ങി.
ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. ലോകകപ്പിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സഞ്ജു കളിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതോടെ സഞ്ജുവിന് ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായി. അഞ്ച് മത്സരങ്ങളിൽനിന്ന് 46 റൺസ് മാത്രമാണു സഞ്ജുവിനു നേടാൻ സാധിച്ചത്.
യുഎസിനെതിരായ മത്സരത്തിൽ ഫീൽഡറുടെ റോളിൽ സഞ്ജു ഏറെ നേരം ഗ്രൗണ്ടിലുണ്ടായിരുന്നു. അഭിഷേക് ശർമയെ ഡ്രസിങ് റൂമിലേക്കു തിരികെ വിളിച്ചാണ് ഫീൽഡറായി സഞ്ജുവിനെ ഇറക്കിയത്. അതേസമയം വാഷിങ്ടൻ സുന്ദര്‍ നമീബിയയ്ക്കെതിരെ കളിച്ചേക്കും. ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്.
English Summary:







English (US) ·