ന്യൂസീലൻഡ് 225ന് പുറത്ത്,കാര്യവട്ടത്ത് ഇന്ത്യയ്ക്ക് 46 റൺസ് വിജയം, അർഷ്ദീപിന് അഞ്ച് വിക്കറ്റ്

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: January 31, 2026 06:39 PM IST Updated: January 31, 2026 11:11 PM IST

2 minute Read

Indin T20 team
പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ഇന്ത്യൻ താരങ്ങൾ. ചിത്രം∙ മനോജ് ചേമഞ്ചേരി, മനോരമ

Follow Us

Facebook

WhatsApp

തിരുവനന്തപുരം∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേ‍ഡിയത്തിൽ ഇന്ത്യയുയര്‍ത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 225 റൺസിൽ ഓൾഔട്ടായി. ഫലം ഇന്ത്യയ്ക്ക് 46 റണ്‍സ് വിജയം. വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 4–1ന്റെ മേധാവിത്വം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണു നേടിയത്. വമ്പൻ സ്കോർ പിന്തുടർന്ന കിവീസ് കാര്യവട്ടത്തെ റണ്ണൊഴുകുന്ന പിച്ചിൽ 200 കടന്നെങ്കിലും ഇന്ത്യൻ വിജയത്തിനു ഭീഷണി മുഴക്കാൻ സാധിക്കാതെ മടങ്ങി.

നാലോവറിൽ 51റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ പേസർ അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ വിജയം എളുപ്പത്തിലാക്കിയത്. 38 പന്തുകള്‍ നേരിട്ട് 80 റൺസടിച്ച ഫിൻ അലനാണ് മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. ആറു സിക്സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തിയ ഫിൻ അലന്റെ കരുത്തിൽ കിവീസ്, പവർ പ്ലേയിൽ 79 റൺസും എട്ടോവറിൽ 100 റൺസും പിന്നിട്ടതാണ്.ഈ ഘട്ടത്തിൽ മാത്രമായിരുന്നു ഇന്നിങ്സിൽ ന്യൂസീലൻഡിന് കുറച്ചെങ്കിലും ആത്മവിശ്വാസമുണ്ടായത്. എന്നാൽ ഒൻപതാം ഓവറിൽ അക്ഷർ പട്ടേലിന്റെ പന്തിൽ അർഷ്ദീപ് സിങ് ക്യാച്ചെടുത്ത് ഫിൻ അലൻ പുറത്തായതോടെ ന്യൂസീലൻഡിന്റെ റണ്ണൊഴുക്കു നിലച്ചു.

IND

271-5 20/20

NZ

225-10 19.4/20

രചിൻ രവീന്ദ്രയും (17 പന്തിൽ 30), ഡാരിൽ മിച്ചലുമാണു (12 പന്തിൽ 26) കുറച്ചെങ്കിലും പൊരുതിനിന്നത്. മധ്യനിരയിൽ ഗ്ലെൻ ഫിലിപ്സ് (ഏഴ്), മിച്ചൽ സാന്റ്നർ (പൂജ്യം), ബെവൺ ജേക്കബ്സ് (ഏഴ്) എന്നിവർ രണ്ടക്കം കടക്കാതെ മടങ്ങി. ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ അവസാന 12 പന്തുകളിൽ ന്യൂസീലൻഡിനു ജയിക്കാൻ വേണ്ടിയിരുന്നത് 68 റൺസായിരുന്നു. അപ്പോഴേക്കും ഒൻപതു വിക്കറ്റുകളും അവർക്കു നഷ്ടമായിരുന്നു. വാലറ്റത്ത് ഇഷ് സോധി 15 പന്തിൽ 33 റൺസെടുത്തെങ്കിലും, 19.4 ഓവർ വരെ മാത്രമാണു പിടിച്ചുനിൽക്കാൻ സാധിച്ചത്. ഇന്ത്യയ്ക്കായി സ്പിന്നർമാരായ അക്ഷർ പട്ടേൽ മൂന്നും വരുൺ ചക്രവർത്തി ഒരു വിക്കറ്റും വീഴ്ത്തി.

ഇഷാന് സെഞ്ചറി, സൂര്യയ്ക്ക് ഫിഫ്റ്റി, സഞ്ജുവിന് വീണ്ടും നിരാശ

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ സെഞ്ചറി നേടിയ ഇഷാൻ കിഷനാണ് ടോപ് സ്കോറർ. 43 പന്തുകൾ നേരിട്ട ഇഷാൻ 103 റൺസെടുത്തു പുറത്തായി. 10 സിക്സുകളും ആറു ഫോറുകളുമാണ് ഇഷാൻ കാര്യവട്ടത്ത് ബൗണ്ടറി കടത്തിയത്. 28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 തൊട്ടത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തകർത്തുകളിച്ചു. അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.

sanju-batting

സഞ്ജു സാംസണിന്റെ ബാറ്റിങ്. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്, മനോരമ

‘വീട്ടുമുറ്റത്ത്’ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങാനാകാതെ പോയത്. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം. 9.5 ഓവറിൽ ഇന്ത്യ 100 പിന്നിട്ടു.

sanju-manorama

സഞ്ജു സാംസൺ പുറത്തായി മടങ്ങുന്നു. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്, മനോരമ

മികച്ച തുടക്കം ലഭിച്ച അഭിഷേക് രണ്ടു സിക്സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും ലോക്കി ഫെർഗൂസന്റെ പന്തിൽ പുറത്തായി മടങ്ങുകയായിരുന്നു. അർധ സെഞ്ചറി നേടിയ സൂര്യയെ മിച്ചൽ സാന്റ്നറിന്റെ 15–ാം ഓവറിൽ ടിം സിഫർട്ട് സ്റ്റംപ് ചെയ്തു പുറത്താക്കി. 42 പന്തുകളിൽനിന്നാണ് ഇഷാൻ കിഷൻ സെഞ്ചറിയിലെത്തിയത്. സെഞ്ചറി നേടിയതിനു പിന്നാലെ ഇഷാൻ പുറത്തായി മടങ്ങി.

india-2

സെഞ്ചറിനേടിയ ഇഷാൻകിഷന്റെ ആഹ്ലാദം. Photo: BCCI

സ്കോർ 260 പിന്നിട്ടതിനു പിന്നാലെ ഹാർദിക് പാണ്ഡ്യ വീണു. കൈൽ ജെയ്മീസണിന്റെ പന്തിലായിരുന്നു പാണ്ഡ്യയുടെ മടക്കം. റിങ്കു സിങ്ങും (എട്ട്), ശിവം ദുബെയും (ഏഴ്) ഇന്ത്യൻ നിരയിൽ പുറത്താകാതെനിന്നു. ന്യൂസീലൻഡിനായി ലോക്കിഫെർഗൂസൻ രണ്ടും, ജേക്കബ് ഡഫി, കൈൽ ജെയ്മീസൻ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റു വീതവുംവീഴ്ത്തി.

india-win-2

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. ചിത്രം∙ മനോജ് ചേമഞ്ചേരി, മനോരമ

English Summary:

India vs New Zealand Fifth T20 Match Updates

Read Entire Article