Published: June 03, 2026 09:16 AM IST Updated: June 03, 2026 03:16 PM IST
1 minute Read
തഹ്സീൻ മുഹമ്മദിനൊപ്പം 3 ഇന്ത്യൻ വംശജർകൂടി ഫിഫ ലോകകപ്പിൽ ബൂട്ട് കെട്ടിയിറങ്ങുന്നു. പഞ്ചാബിൽ നിന്നു കുടിയേറിയ ദമ്പതികളുടെ മകനായ മിഡ്ഫീൽഡർ സർപ്രീത് സിങ് ന്യൂസീലൻഡ് ടീമിനെ പ്രതിനിധീകരിക്കുമ്പോൾ കോംഗോയുടെ ഡിഫൻസീവ് മിഡ്ഫീൽഡറായ സമുവൽ മുത്തുസാമിയുടെ പിതാവ് തമിഴ്നാട്ടിൽ നിന്നു കരീബിയൻ പ്രവിശ്യയിലേക്കു കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരൻ. തമിഴ് വേരുകളുള്ള വിങ്ങർ നിഷാൻ വേലുപ്പിള്ള ഓസ്ട്രേലിയൻ ടീമിനു വേണ്ടി കളിക്കും. ഖത്തറിന്റെ പ്രാഥമിക ടീമിൽ ഇടംപിടിച്ച നിയാൽ മെയ്സണിന്റെ മാതാവ് ഇന്ത്യൻ വംശജയായതിനാൽ ഇദ്ദേഹവും ഇന്ത്യൻ പശ്ചാത്തലം അവകാശപ്പെടാമെങ്കിലും ഫൈനൽ സ്ക്വാഡിൽ ഇടംലഭിച്ചില്ല.
സർപ്രീത്, സിങ് ഈസ് കിങ് (ന്യൂസീലൻഡ്)
തികഞ്ഞ ഇന്ത്യക്കാരനെന്ന് എക്കാലവും വിളിക്കാവുന്ന സർപ്രീത് സിങ് (27) ആണു നിലവിൽ ലോക ഫുട്ബോൾ ഭൂപടത്തിലെ ഏറ്റവും പേരുള്ള ഇന്ത്യൻ വംശജൻ. പഞ്ചാബിൽ നിന്നു പതിറ്റാണ്ടുകൾക്കു മുൻപു ന്യൂസീലൻഡിലേക്കു കുടിയേറിയതാണു സിങ്ങിന്റെ അച്ഛനമ്മമാർ. അമ്മ സരബ്ജിത് ആയിരുന്നു സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കൂട്ടുനിന്നത്. 2018ൽ സീനിയർ ടീമിൽ അരങ്ങേറ്റം. 2019ൽ ഫിഫ അണ്ടർ 19 ലോകകപ്പിനുള്ള ദേശീയ ടീമിലേക്കു വിളിവന്നു. അതേവർഷം സിങ്ങിന്റെ കളിമികവു കണ്ട ജർമൻ ക്ലബ് ബയൺ മ്യുണിക് കരാറൊപ്പിട്ടു. ബുന്ദസ്‍ലിഗ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി സിങ് മാറി
നിഷാൻ, വേലുപ്പിള്ള ചരിതം (ഓസ്ട്രേലിയ)
ഓസ്ട്രേലിയൻ ടീമിലെ ഇരുപത്തിയഞ്ചുകാരൻ വിങ്ങർ നിഷാൻ വേലുപ്പിള്ള തമിഴ് വംശജനാണ്. ഓസ്ട്രേലിയൻ എ ലീഗിൽ മെൽബൺ വിക്ടറിക്കു വേണ്ടിയാണ് നിഷാൻ കളിക്കുന്നത്. പിതാവ് ശശിനാഥ് വേലുപ്പിള്ള ശ്രീലങ്കൻ തമിഴ് വംശജനാണെങ്കിലും വേരുകൾ തമിഴ്നാട്ടിലേക്കു നീളുന്നു. അമ്മ ജിലിയൻ വേലുപ്പിള്ള ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലമുള്ളയാളും. മെൽബണിലാണു നിഷാൻ ജനിച്ചതും വളർന്നതും. 2024ൽ ദേശീയ സീനിയർ ടീമിലെത്തി.
സമുവൽ, മുത്തുസാമി മന്നൻ(കോംഗോ)ഡിഫൻസീവ് മിഡ്ഫീൽഡറായ സമുവൽ മുത്തുസാമി (29) ഫ്രാൻസിലാണു ജനിച്ചത്. പിതാവിന്റെ വേരുകൾ പുതുച്ചേരിയിലാണ്. ഫ്രഞ്ച് കരീബിയൻ തോട്ടങ്ങളിലേക്കു തൊഴിൽ തേടിപ്പോയ തമിഴ് വംശജരുടെ പിന്മുറക്കാരാണു കുടുംബം. മാതാവ് കോംഗോയിൽ നിന്നായതിനാൽ കോംഗോ ടീമിനു വേണ്ടി കളിക്കുമെന്നു തീരുമാനമെടുത്തു. 2019 മുതൽ കോംഗോ ടീമിലംഗമാണ്.
English Summary:





English (US) ·