‘പരുക്കേറ്റ് ഐപിഎൽ വിട്ടു, ഇംഗ്ലണ്ട് താരം നാട്ടിൽ ട്വന്റി20 കളിക്കുന്നു’: സാം കറന് രൂക്ഷവിമർശനം

2 days ago 2

ഓൺലൈൻ ഡെസ്ക്

Published: May 30, 2026 06:12 PM IST

1 minute Read

 R.SATISH BABU / AFP
സാം കറൻ എം.എസ്. ധോണിക്കൊപ്പം. Photo: R.SATISH BABU / AFP

ന്യൂചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റു പുറത്തായതിനു പിന്നാലെ, ഇംഗ്ലിഷ് ക്രിക്കറ്റ് താരം സാം കറനെതിരെ ഗുരുതര ആരോപണവുമായി രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര. പരുക്കു കാരണം രാജസ്ഥാൻ റോയൽസ് വിട്ട സാം കറൻ ഇംഗ്ലണ്ടിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതാണ് സങ്കക്കാരയെ പ്രകോപിപ്പിച്ചത്. ഐപിഎൽ സീസണിനു മുൻപ് ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന സാം കറനെ രാജസ്ഥാൻ ഫ്രാഞ്ചൈസിക്കു കൈമാറുകയായിരുന്നു. രവീന്ദ്ര ജഡേജയ്ക്കൊപ്പമായിരുന്നു സാം കറനും രാജസ്ഥാനിലെത്തിയത്. എന്നാൽ പരുക്കേറ്റതോടെ താരം ടീം വിട്ടു.

സാം കറനു പകരമാണ് ശ്രീലങ്കൻ ഓൾറൗണ്ടർ ദസുൻ ശനകയെ രാജസ്ഥാൻ വാങ്ങിയത്. രണ്ടു കോടി രൂപയാണ് ശനകയുടെ പ്രതിഫലം. എന്നാൽ ലങ്കൻ ഓൾറൗണ്ടർ രാജസ്ഥാന്റെ പ്രതീക്ഷകൾക്കൊത്ത് ഉയര്‍ന്നുമില്ല. ‘‘സാം കറന് സീസണ്‍ മുഴുവൻ‍ പുറത്തിരിക്കേണ്ടിവരുമെന്നാണു ഞങ്ങളോടു പറഞ്ഞത്. എന്നാൽ ട്വന്റി20 ബ്ലാസ്റ്റ് ലീഗിൽ സറെയ്ക്കു വേണ്ടി രണ്ടോ, മൂന്നോ മത്സരങ്ങൾ‍ അദ്ദേഹം കളിക്കുന്നതായി ഞാൻ കണ്ടു. ഇക്കാര്യത്തിൽ കടുത്ത നടപടികൾ തന്നെ വേണ്ടിവരും. ബിസിസിഐ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവർക്കും പരുക്കു സംഭവിക്കാം. ഗുരുതരമായ പരുക്കാണെങ്കിൽ നമുക്കും അതു മനസ്സിലാകും.’’– തോൽവിക്കു പിന്നാലെ സംഗക്കാര പറഞ്ഞു. 

ഫൈനലിൽ എത്താൻ സാധിച്ചില്ലെങ്കിലും രാജസ്ഥാൻ താരങ്ങളെല്ലാം മികച്ച പ്രകടനമാണു നടത്തിയതെന്നും ഹെഡ് കോച്ച് പറഞ്ഞു. ‘‘യശസ്വി ജയ്സ്വാൾ, ബ്രിജേഷ് ശര്‍‍മ, റിയാൻ പരാഗ് എന്നിവർക്ക് മികച്ച സീസണായിരുന്നു. ധ്രുവ് ജുറേലിന്റെ പ്രകടനങ്ങളെ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. ഡോനോവൻ ഫെറേറ, ജോഫ്ര ആർച്ചർ, രവീന്ദ്ര ജഡേജ, ശുഭം ദുബെ എന്നിവരും ചില മത്സരങ്ങളിൽ തിളങ്ങി. എല്ലാ താരങ്ങളും അവരുടെ മികച്ചത് തന്നെ പുറത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞങ്ങൾക്കു ഫൈനലിൽ എത്താൻ സാധിക്കുമായിരുന്നു. പക്ഷേ ഗുജറാത്താണ് ക്വാളിഫയറിൽ നന്നായി കളിച്ചത്. അതുകൊണ്ട് അവർ ഫൈനലിലെത്തി.’’– സംഗക്കാര പറഞ്ഞു.

താരലേലത്തിൽ ചെറിയ തുകയ്ക്കു വിറ്റുപോയ ശേഷം, ഐപിഎൽ കളിക്കാതിരിക്കുന്ന താരങ്ങൾക്കെതിരെ കടുത്ത നടപടിയാണ് ബിസിസിഐ സ്വീകരിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ ഐപിഎൽ കളിക്കാതിരുന്നാൽ വിദേശ താരങ്ങളെ രണ്ടു വർഷത്തേക്കു വിലക്കാൻ സാധിക്കും. ലേലത്തിൽ പങ്കെടുത്ത ശേഷം ഐപിഎല്‍ കളിക്കാതിരുന്ന ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കിന് നിലവിൽ ഐപിഎലിൽ വിലക്കുണ്ട്. ദേശീയ ടീമിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനു വേണ്ടി ഐപിഎൽ കളിക്കാനാകില്ലെന്നായിരുന്നു ബ്രൂക്കിന്റെ ന്യായീകരണം.

English Summary:

Kumar Sangakkara Blasts England Star Sam Curran For Missing IPL

Read Entire Article