പോർച്ചുഗലിനെ സമനിലയിൽ തളച്ച് 52 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കളിക്കുന്ന കോംഗോ, ഗോളടിക്കാനാകാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ (1-1)

1 month ago 9

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: June 17, 2026 10:16 PM IST Updated: June 18, 2026 03:54 AM IST

2 minute Read

FBL-WC-2026-MATCH23-POR-COD
ഗോൾ നേട്ടം ആഘോഷിക്കുന്ന പോർച്ചുഗൽ താരങ്ങൾ. Photo: RONALDO SCHEMIDT / AFP

ഹൂസ്റ്റൻ∙ ഫിഫ ലോകകപ്പിൽ വമ്പന്‍മാര്‍ക്ക് അടി തെറ്റുന്ന ‘ട്രെൻഡ്’ തുടരുന്നു. ബുധനാഴ്ച രാത്രി നടന്ന പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗലിനെ 52 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കളിക്കുന്ന കോംഗോയാണു സമനിലയിൽ തളച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെ തകർത്തു കളിച്ചിട്ടും കോംഗോയ്ക്കെതിരെ വിജയ ഗോൾ നേടാൻ സാധിച്ചില്ല. ഇരു ടീമുകളും ആദ്യ പകുതിയിൽ ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പോര്‍ച്ചുഗൽ വിജയ ഗോളിനായി പരമാവധി പൊരുതിയെങ്കിലും കോംഗോ പ്രതിരോധം എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തി. ആറാം മിനിറ്റിൽ ജോവ നെവസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയപ്പോൾ ആദ്യ പകുതിയുടെ അധിക സമയത്ത് യോനെ വിസ്സയുടെ വകയായിരുന്നു കോംഗോയുടെ മറുപടി. ലോകകപ്പിൽ ആദ്യമായാണ് കോംഗോ ഒരു പോയിന്റ് നേടുന്നത്. 1974 ൽ അവസാന ലോകകപ്പ് കളിച്ചപ്പോൾ സ്കോട്‍ലൻഡിനോടും യുഗോസ്‍ലാവിയയോടും ബ്രസീലിനോടും കോംഗോ തോറ്റിരുന്നു.

What you should work next

മത്സരത്തിന്റെ തുടക്കം മുതൽ ഗ്രൗണ്ടിൽ പോർച്ചുഗൽ മുന്നേറ്റ നിരയുടെ ആധിപത്യമായിരുന്നു. ഏതാനും അവസരങ്ങളിൽ കോംഗോയുടെ പ്രത്യാക്രമണം ഒതുങ്ങി. ആറാം മിനിറ്റിൽ പോർച്ചുഗല്‍ ആദ്യ ലീഡെടുത്തു. ഇടതു വിങ്ങിൽനിന്ന് പെദ്രോ നെറ്റോയുടെ ക്രോസിൽ തല വച്ച് കൃത്യമായി വലയിലെത്തിച്ചത് ജോവാ നെവസ്. തകർപ്പൻ ഹെഡറിലൂടെ പോർച്ചുഗൽ മുന്നിൽ. 11–ാം മിനിറ്റിൽ കോംഗോയുടെ പ്രത്യാക്രമണം പോർച്ചുഗലിനെ വിറപ്പിച്ചെങ്കിലും രക്ഷപെട്ടു. യോന വിസ്സയുടെ ഗോളിനായുള്ള ശ്രമം ലക്ഷ്യം കണ്ടില്ല. ഇടം കാൽ ഷോട്ട് പോർച്ചുഗൽ പോസ്റ്റിന് സമീപത്തുകൂടെ പുറത്തേക്കു പോയി. 18–ാം മിനിറ്റിൽ പന്തുമായി കോംഗോ ബോക്സിലേക്ക് കുതിച്ച നുനോ മെന്‍ഡിസിന്റെ ഷോട്ട് കോംഗോ ഗോൾ കീപ്പർ തട്ടിയകറ്റി. ഡിഫ്ലക്ഷനിൽ പന്തു ലഭിച്ച ബ്രൂറോ ഫെർണാണ്ടസ് ഷോട്ടെടുത്തെങ്കിലും കോംഗോ പോസ്റ്റിന് ഭീഷണിയായില്ല.

 RONALDO SCHEMIDT / AFP)

പോർച്ചുഗൽ - കോംഗോ മത്സരത്തിൽ നിന്ന്. (Photo: RONALDO SCHEMIDT / AFP)

32–ാം മിനിറ്റിൽ പോർച്ചുഗലിന്റെ ഫോർവേഡ് പെദ്രോ നെറ്റോയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് കോംഗോ ക്യാപ്റ്റൻ ചാന്‍സൽ എംബെംബ യെല്ലോ കാർഡ് കണ്ടു. 33–ാം മിനിറ്റില്‍ കോംഗോ താരം എഡോ കയെംബെയുടെ ഷോട്ട് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയേഗോ കോസ്റ്റ പിടിച്ചെടുത്തു. മത്സരത്തിന്റെ 37 മിനിറ്റുകൾ പിന്നിടുമ്പോൾ പോർച്ചുഗലിനും കോംഗോയ്ക്കും ഓൺ ടാർഗറ്റ് ഷോട്ടുകൾ ഒരെണ്ണം വീതമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഗ്രൗണ്ടിൽ പോർച്ചുഗലിന്റെ മുന്നേറ്റം പ്രകടമായിരുന്നു. കോംഗോയുടെ പെനാൽറ്റി ഏരിയയിൽ നിരന്തരം പന്തെത്തിക്കാൻ പോർച്ചുഗൽ ഫോർവേഡുകൾക്കു സാധിച്ചു. രണ്ടാം പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. കോംഗോ താരം ആർതര്‍ മസുവാക പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് കോംഗോയ്ക്ക് സമനില ഗോൾ പിടിക്കാനുള്ള അവസരം ഒരുക്കി നൽകിയിരുന്നു. എന്നാൽ സാമുവൽ മൊതുസ്സാമിയുടെ ഷോട്ട് ഗതിമാറി കോർണറിൽ കലാശിച്ചു. പക്ഷേ ആദ്യ പകുതിയിൽ തന്നെ കോംഗോ ഞെട്ടിച്ചു. ആര്‍തർ മസുവാക്കയുടെ കോർണറിൽ യോനെ വിസ്സയുടെ ഹെഡർ ക‍ൃത്യമായി വലയിലെത്തി. സ്കോർ 1–1.

What you should work next

രണ്ടാം പകുതിക്കു മുൻപ് പോർച്ചുഗല്‍ ബെര്‍ണാഡോ സിൽവയെ പിന്‍വലിച്ചു. പകരം ഇറങ്ങിയത് ഫ്രാൻസിസ്കോ കോൺസെയ്കാവോ. 54–ാം മിനിറ്റില്‍ പോർച്ചുഗൽ താരം കാൻസലോ ജോവ നെവസിൽനിന്ന് പന്ത് സ്വീകരിച്ച് ഗോൾ ഏരിയയിൽനിന്ന് തകർപ്പനൊരു ആക്രോബാറ്റിക് ഗോൾ നേടി. പന്ത് വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. സ്കോർ വീണ്ടും 1–1. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലെ സമനില ഗോളിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിൽ കോംഗോയിൽനിന്ന് കൂടുതല്‍ ആക്രമണങ്ങൾക്ക് ഗ്രൗണ്ട് സാക്ഷിയായി. മത്സരം 60 മിനിറ്റുകൾ പിന്നിട്ടതിനു പിന്നാലെ, ഗ്രൗണ്ടിൽവച്ച് പോർച്ചുഗൽ– കോംഗോ താരങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർച്ചയായ കോംഗോയുടെ ഫൗളുകളിൽ പോർച്ചുഗൽ താരങ്ങൾ അസ്വസ്ഥരാകുകയായിരുന്നു. 69–ാം മിനിറ്റില്‍ പെനാൽറ്റി ഏരിയയിൽ ഫ്രാന്‍സിസ് കോൺസെകാവോ പിന്നിലേക്കു നൽകിയ പന്തു ലഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഷോട്ട് പായിച്ചെങ്കിലും പോസ്റ്റിനു പുറത്തേക്കാണു പോയത്. മത്സരം 70 മിനിറ്റുകൾ പിന്നിട്ടതോടെ കോംഗോ ബോക്സിലേക്കു തുടർച്ചയായി പന്തെത്തിക്കാന്‍ പോർച്ചുഗൽ താരങ്ങൾക്കു സാധിച്ചു. 82–ാം മിനിറ്റിൽ കോംഗോ താരം സെദ്ദിഖിയുടെ പാസിൽ എഡോ കയെംബെയുടെ ഷോട്ട് പോർച്ചുഗൽ ഗോളി പിടിച്ചെടുത്തു. 90–ാം മിനിറ്റില്‍ പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്നും പോര്‍ച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ടും പോസ്റ്റിനു പുറത്താണ് അവസാനിച്ചത്. 90 മിനിറ്റ് പൂർത്തിയായതോടെ അഞ്ച് മിനിറ്റാണ് ഇൻജറി ടൈമായി അനുവദിച്ചത്. എന്നാൽ ഈ സമയത്തും വിജയ ഗോൾ നേടാൻ പോർച്ചുഗലിനു സാധിച്ചില്ല.

English Summary:

FIFA World Cup 2026, Portugal vs Congo Match Live Updates

Read Entire Article