Published: June 15, 2026 09:32 PM IST Updated: June 16, 2026 12:08 AM IST
1 minute Read
അറ്റ്‌ലാന്റ ∙ മുൻ ലോകചാംപ്യന്മാരുടെ സമ്പൂർണ ആധിപത്യം കണ്ട ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ സ്പെയിനിനെതിരെ കെയ്പ് വെർഡിക്ക് ജയത്തോളം പോന്ന സമനില (0-0). കെയ്പ് വെർഡിയുടെ പ്രതിരോധ നിരയും ഗോൾകീപ്പർ വോസിൻഹയും പ്രതിരോധക്കോട്ട കെട്ടിയാണ് സ്പെയിനിന്റെ ആക്രമണം ചെറുത്തത്. പോസ്റ്റിലേക്ക് സ്പെയിൻ തൊടുത്ത 7 ഷോട്ടുകൾ തടുത്ത കെയ്പ് വെർഡി പ്രതിരോധമാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. സമനില വഴങ്ങിയ സ്പെയിൻ, ആഫ്രിക്കയിൽ നിന്നുള്ള കുഞ്ഞൻ രാജ്യമായ കെയ്പ് വെർഡിയുമായി പോയിന്റ് പങ്കിട്ടു. ആറു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള കെയ്പ് വെർഡി ലോകകപ്പിനെത്തുന്ന ജനസംഖ്യ കുറഞ്ഞ മൂന്നാമത്തെ രാജ്യമാണ്.
മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ സ്പെയിനിന്റെ സമഗ്രാധിപത്യമായിരുന്നു. കെയ്പ് വെർഡിയുടെ ബോക്സ് കേന്ദ്രീകരിച്ചായിരുന്നു ഭൂരിഭാഗം സമയവും കളി പുരോഗമിച്ചത്. ആദ്യ മിനിറ്റുകളിൽ മികച്ച രണ്ട് ഗോളവസരങ്ങളാണ് സ്പെയിൻ നഷ്ടപ്പെടുത്തിയത്. ഹൈഡ്രേഷൻ ബ്രേക്കിന് മുൻപ് സ്പെയിൻ ബോക്സിനുള്ളിലേക്ക് കയറുന്ന രണ്ടു നീക്കങ്ങൾ മാത്രമാണ് കെയ്പ് വെർഡിയ്ക്ക് നടത്താനായത്. വീണുകിട്ടിയ അവസരത്തിൽ സ്പെയിൻ ബോക്സിലേക്ക് ഇരച്ചുകയറിയ ജോവാനെ കാബ്രാൽ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പറന്നകന്നു. ആദ്യ പകുതിയുടെ അവസാന പത്ത് മിനിറ്റിൽ ഒരുപിടി എണ്ണംപറഞ്ഞ നീക്കങ്ങളാണ് സ്പെയിൻ നടത്തിയത്. 39 ാം മിനിറ്റിൽ സെക്കന്റുകൾക്കിടെ ബോക്സിനുള്ളിൽ നിന്ന് ഫെറാൻ ടോറസിന്റെ കിക്ക് ക്രോസ് ബാറിൽ തട്ടിയും റീബൗണ്ടിൽ മൈക്കൽ ഓയർസബാലിന്റെ ഹെഡർ കെയ്പ് വെർഡി ഗോൾകീപ്പർ വോസിൻഹ ക്രോസ് ബാറിനു മുകളിലൂടെ തട്ടിയകറ്റിയും സ്പെയിനിന് ഗോൾ നിഷേധിച്ചു. 45 ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്ന് ഫെറാൻ ടോറസ് തൊടുത്ത ഷോട്ട് വോസിൻഹ കയ്യിലൊതുക്കി. ആദ്യ പകുതിയ്ക്കു ശേഷമുള്ള അധിക സമയത്ത് പോസ്റ്റിന്റെ വലത്തേയറ്റം ലക്ഷ്യമാക്കി ക്യാപ്റ്റൻ റോഡ്രിയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് വോസിൻഹ തട്ടിയകറ്റി.
71 ാം മിനിറ്റിലാണ് സൂപ്പർ താരം ലമീൻ യമാൽ, മൈക്കൽ മെരിനോ എന്നിവരെ ഇറക്കി സ്പെയിൻ ആദ്യ സബ്സ്റ്റിറ്റ്യൂഷൻ നടത്തിയത്. 18 വയസും 337 ദിവസവും മാത്രം പ്രായമുള്ള ലമീൻ യമാൽ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്പെയിൻ താരമായി. 18 വയസും 110 ദിവസവും മാത്രം പ്രായമുണ്ടായിരിക്കെ 2022 ൽ ലോകകപ്പ് അരങ്ങേറ്റം നടത്തിയ ഗവിയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്പെയിൻ താരം. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സ്പെയിൻ ബോക്സിനുള്ളിലേക്ക് കെയ്പ് വെർഡി താരങ്ങൾ ഇരച്ചുകയറി ഗോൾശ്രമം നടത്തിയെങ്കിലും വിഫലമായി. നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ രണ്ട് അവസരങ്ങളാണ് കെയ്പ് വെർഡിയ്‌ക്ക് നഷ്ടമായത്. അവസാന നിമിഷം വരെ സ്പെയിൻ കിണഞ്ഞു ശ്രമിച്ചിട്ടും പ്രതിരോധിച്ചു നിന്ന കെയ്പ് വെർഡി, അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മത്സരത്തിൽ മുൻ ലോകച്യാംപന്മാർക്കെതിരെ നടത്തിയ പ്രകടനത്തിന് അർഹിച്ച പോയിന്റ് പിടിച്ചുവാങ്ങുകയായിരുന്നു.
English Summary:






English (US) ·