പ്രധാനമന്ത്രി പറഞ്ഞാൽ ലോകകപ്പ് ബഹിഷ്കരിക്കും; ബംഗ്ലദേശിനു പിന്നാലെ ഭീഷണി മുഴക്കി പാക്കിസ്ഥാൻ

1 month ago 6

മനോരമ ലേഖകൻ

Published: January 25, 2026 08:34 AM IST

1 minute Read

pakistan-cricket-team
പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ

ലഹോർ∙ ‌ബംഗ്ലദേശിനെ ട്വന്റി20 ലോകകപ്പിൽനിന്നു പുറത്താക്കിയതിനു പിന്നാലെ ബഹിഷ്ക്കരണ ഭീഷണിയുമായി പാക്കിസ്ഥാനും. ലോകകപ്പിലെ പാക്ക് ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് പാക്കിസ്ഥാൻ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‍വി പ്രതികരിച്ചു. ‘വിഷയം പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം തേടും. സർക്കാർ എതിർത്താൽ പാക്കിസ്ഥാൻ ലോകകപ്പിൽനിന്ന് പിൻമാറും. ഐസിസിക്ക് മറ്റൊരു ടീമിനെ ക്ഷണിക്കേണ്ടിവരും– പാക്കിസ്ഥാനിൽ മന്ത്രികൂടിയായ നഖ്‍വി വ്യക്തമാക്കി.

വേദി മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യത്തെ ഐസിസി യോഗത്തിൽ മറ്റു രാജ്യങ്ങളെല്ലാം എതിർത്തപ്പോൾ അനുകൂലിച്ചത് പാക്കിസ്ഥാൻ മാത്രമാണ്. ലോകകപ്പിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾക്കു വേദിയൊരുക്കാൻ തങ്ങൾ തയാറാണെന്നും പാക്കിസ്ഥാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. ഇന്ത്യയിൽ മത്സരങ്ങൾ കളിക്കില്ലെന്ന് കർശന നിലപാടെടുത്തതോടെയാണ് ബംഗ്ലദേശിനെ ലോകകപ്പിൽനിന്ന് പുറത്താക്കിയത്. പകരക്കാരായി, റാങ്കിങ്ങിൽ തൊട്ടടുത്തുള്ള ടീമായ സ്കോട്‍ലൻ‍ഡിനെ ഉൾപ്പെടുത്തി. ഇക്കാര്യമറിയിച്ച് അംഗ രാജ്യങ്ങൾക്ക് ഐസിസി ഇ–മെയിൽ സന്ദേശമയച്ചു. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൽ വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാൾ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് സ്കോട്‍ലൻഡിന്റെ മത്സരങ്ങൾ.

സുരക്ഷാ ഭീഷണിയുണ്ടെന്ന വാദമുയർത്തി ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ കളിക്കില്ലെന്ന് നിലപാടെടുത്ത ബംഗ്ലദേശിനെ അനുനയിപ്പിക്കാൻ 3 ആഴ്ചകളായി നടത്തിയ ചർച്ചകൾ വിഫലമായതോടെയാണ് ഐസിസി കടുത്ത തീരുമാനമെടുത്തത്. ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. എന്നാൽ ബംഗ്ലദേശ് ടീമിന് ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് ലഭിച്ച ഐസിസി, തുടക്കം മുതലേ ബംഗ്ലദേശിനെതിരെ നിലപാടെടുത്തിരുന്നു. തുടർന്ന് ബുധനാഴ്ച വെർച്വലായി ചേർന്ന ഐസിസി ബോർഡ് മീറ്റിങ് ബംഗ്ലദേശിന്റെ ആവശ്യം 14–2ന് വോട്ടിനിട്ട് തള്ളുകയും ചെയ്തു. 

വഴങ്ങാതെ ബംഗ്ലദേശ്

ഇന്ത്യയിലേക്കു ടീമിനെ അയച്ചില്ലെങ്കിൽ ലോകകപ്പിൽനിന്ന് പുറത്താക്കുമെന്ന് ബുധനാഴ്ച ഐസിസി ബംഗ്ലദേശിന് അന്ത്യശാസനം നൽകിയിരുന്നു. തീരുമാനം അറിയിക്കാൻ 24 മണിക്കൂർ സമയവും അനുവദിച്ചു. എന്നാൽ, ബംഗ്ലദേശ് നിലപാടിൽ ഉറച്ചുനിന്നതോടെയാണ് പുറത്താക്കുകയെന്ന കടുത്ത തീരുമാനത്തിലേക്ക് ഐസിസി കടന്നത്. ഇന്ത്യയിൽ മത്സരങ്ങൾ കളിക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചില്ലെന്നാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഐസിസിക്ക് നൽകിയ മറുപടി. 

തുടക്കം മുസ്തഫിസുറിലൂടെ

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളുടെ തുടർച്ചയായി ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ജനുവരി മൂന്നിന് ഐപിഎലിൽനിന്ന് പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്. മറുപടിയായി ബംഗ്ലദേശ്, രാജ്യത്ത് ഐപിഎൽ സംപ്രേഷണം വിലക്കി. തുടർന്ന് ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരം ഇന്ത്യയിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വരികയായിരുന്നു. 

English Summary:

Pakistan World Cup withdrawal is simply a anticipation arsenic the Pakistan Cricket Board president has indicated. The authorities volition marque the last determination regarding the team's information successful the World Cup

Read Entire Article