പ്രിൻസിന്റെ ഇന്ത്യൻ ടീം എൻട്രി ആഘോഷമാക്കി ലക്നൗ, ‘ആൾക്കൂട്ടത്തില്‍ ഏകനായി’ അർജുൻ തെൻഡുൽക്കർ

1 week ago 3

മനോരമ ലേഖകൻ

Published: May 21, 2026 08:32 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം LSG എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
ആഘോഷങ്ങളിൽനിന്ന് മാറിനിൽക്കുന്ന അർജുൻ തെൻഡുൽക്കർ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം LSG എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർത്തുകളിക്കുന്ന പേസർ പ്രിന്‍സ് യാദവിന് ഇന്ത്യൻ ടീമിലേക്കു സിലക്ഷൻ ലഭിച്ചത് ലക്നൗ സൂപ്പർ ജയന്റ്സ് വലിയ ആഘോഷമാക്കിയിരുന്നു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച ലക്നൗ നിരാശയോടെ സീസൺ അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് പ്രിൻസ് യാദവിന്റെ ഇന്ത്യൻ ടീം എൻട്രി സംഭവിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലാണു താരം കളിക്കുന്നത്. കേക്ക് മുറിച്ചുള്ള ലക്നൗവിന്റെ ആഘോഷ പരിപാടികളിൽ ലക്നൗ താരങ്ങളെല്ലാം പങ്കെടുത്തെങ്കിലും അർജുൻ തെൻഡുൽക്കറുടെ സാന്നിധ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രിൻസ് യാദവിന്റെ സന്തോഷ നിമിഷത്തിൽ മറ്റു താരങ്ങളെല്ലാം പങ്കാളികളാകുമ്പോൾ, ഒരു ഭാഗത്തേക്കു മാറിനില്‍ക്കുകയാണ് അർജുൻ ചെയ്യുന്നത്.

പുറത്തുവന്ന ചിത്രങ്ങളിൽ പ്രിൻസ് യാദവിന്റെ തൊട്ടുപിന്നിൽ‍ അർജുൻ ഉണ്ടെങ്കിലും നിരാശയോടെയുള്ള താരത്തിന്റെ മുഖഭാവമാണ് ആരാധകർ ശ്രദ്ധിച്ചത്. വലിയ പ്രതീക്ഷകളോടെ ലക്നൗ സൂപ്പർ ജയന്റ്സിലെത്തിയ അർജുന് ഇതുവരെ ഒരു മത്സരത്തിലും കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. മുഹമ്മദ് ഷമി, മയങ്ക് യാദവ്, മൊഹ്സിൻ ഖാൻ, പ്രിൻസ് യാദവ് തുടങ്ങി പേസര്‍മാരുടെ നീണ്ട നിര തന്നെയുള്ള ലക്നൗവിൽ അർജുന് കാര്യമായ അവസരങ്ങളുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. സീസൺ അവസാനിക്കുമ്പോൾ അതുതന്നെ സംഭവിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിലും താരത്തിന് അവസരമൊന്നും ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഐപിഎലിൽ തുടർച്ചയായ അവസരങ്ങൾ അർജുന് ഇതുവരെ ലഭിച്ചിട്ടില്ല. 2024ൽ ഒരു മത്സരത്തിലും 2023ൽ നാലു മത്സരങ്ങളിലുമാണ് അർജുൻ മുംബൈയ്ക്കായി കളിക്കാനിറങ്ങിയത്. താരലേലത്തിനു മുൻപ് മുംബൈ ഇന്ത്യൻസിൽനിന്ന് ലക്നൗ, അര്‍ജുനെ വാങ്ങുകയായിരുന്നു. 30 ലക്ഷം രൂപയാണു താരത്തിന്റെ പ്രതിഫലം. സീസൺ അവസാനിക്കാറായിട്ടും ഒരു മത്സരത്തിൽ പോലും പന്തെറിയാൻ സാധിക്കാത്തതിൽ അർജുൻ വലിയ നിരാശയിലാണെന്നാണ് ഒരു വിഭാഗം ആരാധകർ വാദിക്കുന്നത്. ലക്നൗവിന്റെ മത്സരങ്ങൾ കാണാൻ അർജുന്റെ ഭാര്യ സാനിയ ചന്തോക്കും സഹോദരി സാറ തെന്‍ഡുൽക്കറും പതിവായി സ്റ്റേഡിയത്തിലെത്താറുണ്ട്.

English Summary:

Prince Yadav's enactment to the Indian squad was a origin for solemnisation for Lucknow Super Giants, adjacent arsenic their IPL play ends. However, Arjun Tendulkar's disappointed demeanor during the celebrations has sparked treatment among fans.

Read Entire Article