പ്ലേഓഫിന് അരികെ ആർസിബി, മുംബൈ, ഗുജറാത്ത്: പ്രതീക്ഷയോടെ പഞ്ചാബ്, ഡൽഹി; മറ്റുള്ളവരുടെ കാരുണ്യത്തിനു കാത്ത് ലക്നൗ, കൊൽക്കത്ത

10 months ago 12

ചുണ്ടൻ വള്ളങ്ങൾ ആവേശത്തുഴയെറിയുന്ന ജലോത്സവങ്ങൾ പോലെ ആവേശ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ് ഐപിഎൽ ക്രിക്കറ്റും. 18–ാം സീസൺ ഫിനിഷിങ് പോയിന്റിലേക്ക് അടുക്കുമ്പോൾ രാജസ്ഥാൻ, ചെന്നൈ ടീമുകൾ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച് കരയ്ക്കു കയറി. ഹൈദരാബാദിന് 10 ശതമാനത്തിൽ താഴെയാണ് സാധ്യത. പക്ഷേ ബാക്കിയുള്ള 7 ടീമുകളിലാർക്കും പ്ലേഓഫ് ലൈൻ കടക്കാനുമായിട്ടില്ല. സ്പീഡ് ബോട്ട് പോലെ ബെംഗളൂരുവും മുംബൈയും ഗുജറാത്തും മുന്നിൽ കുതിക്കുമ്പോൾ പ​​ഞ്ചാബും ഡൽഹിയും പിന്നിലായുണ്ട്.

വിജയത്തിനൊപ്പം ഭാഗ്യത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചുവേണം ലക്നൗ, കൊൽക്കത്ത ടീമുകൾക്ക് അവസാന നാലിലെത്താൻ. മഴമൂലം ഉപേക്ഷിക്കുന്ന മത്സരങ്ങൾ പോലും സാധ്യതകളെ അട്ടിമറിക്കും. ലീഗ് റൗണ്ടിൽ ബാക്കിയുള്ളത് 18 മത്സരങ്ങൾ മാത്രം.

∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു

11 മത്സരം, 8 ജയം, 16 പോയിന്റ്, നെറ്റ്‌ റൺറേറ്റ്: +0.482

ചെന്നൈയ്ക്കെതിരായ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയ ബെംഗളൂരു പ്ലേഓഫിന് തൊട്ടരികിലെത്തിയെങ്കിലും ഉറപ്പിച്ചെന്നു പറയാനായിട്ടില്ല. പ്ലേഓഫിലേക്ക് ഇനിയുള്ള 3 മത്സരങ്ങളി‍ൽ ഒരു ജയത്തിന്റെ അകലം മാത്രം. ലീഗിൽ അവശേഷിക്കുന്ന മത്സരങ്ങൾ പരാജയപ്പെട്ടാലും ലക്നൗവും ഡൽഹിയും വലിയ കുതിപ്പ് നടത്തിയാൽ മാത്രമേ ബെംഗളൂരുവിന് പേടിക്കേണ്ടതുള്ളൂ.

∙ മുംബൈ ഇന്ത്യൻസ്

11 മത്സരം, 7 ജയം, 14 പോയിന്റ്, നെറ്റ്‌ റൺറേറ്റ്: +1.274

പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള മുംബൈയ്ക്ക് ഇനി ബാക്കിയുള്ളത് ഒരു എവേ മത്സരവും 2 ഹോം മത്സരങ്ങളും. നെറ്റ് റൺറേറ്റിൽ (+1.27) എതിരാളികളേക്കാൾ ഏറെ മുന്നിലുള്ള മുംബൈയ്ക്ക് ഇനിയുള്ള 2 മത്സരങ്ങൾ ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. ഒരു ജയം അവരെ പ്ലേഓഫിന് തൊട്ടടുത്തെത്തിക്കും. എന്നാൽ പോയിന്റ് പട്ടികയിൽ ആദ്യ 2 സ്ഥാനത്തെത്താൻ ബെംഗളൂരു, ഗുജറാത്ത് ടീമുകളുടെ മത്സരഫലങ്ങളെക്കൂടി ആശ്രയിക്കണം.

∙ ഗുജറാത്ത് ടൈറ്റൻസ്

10 മത്സരം, 7 ജയം, 14 പോയിന്റ്, നെറ്റ്‌ റൺറേറ്റ് +0.867

10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഗുജറാത്തിനും 4 മത്സരങ്ങളിൽ 2 ജയവുമായി പ്ലേഓഫ് ഉറപ്പിക്കാം. ഒരു ജയം മാത്രമാണെങ്കിലും പ്ലേഓഫിന് അരികിലെത്തും. എന്നാൽ ഡൽഹി, ലക്നൗ, പ​ഞ്ചാബ് ടീമുകളുടെ മത്സരഫലവും നെറ്റ്‌ റൺറേറ്റും നിർണായകമാകും.

∙ പഞ്ചാബ് കിങ്സ്

10 മത്സരം, 6 ജയം, ഒന്ന് ഫലമില്ല, 13 പോയിന്റ്, നെറ്റ്‌ റൺറേറ്റ്: +0.199

സീസണിൽ ഇനിയും 4 മത്സരങ്ങൾ ബാക്കിയുള്ള പഞ്ചാബിന് അവസാന മത്സരം വരെ പ്ലേഓഫ് ഉറപ്പിക്കാനാകില്ല. മുംബൈ, ഡൽഹി, ലക്നൗ ടീമുകൾക്കെതിരായ ആദ്യ 3 ഹോം മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ചാൽ മാത്രമേ അവർക്ക് രാജസ്ഥാനെതിരായ അവസാന മത്സരത്തിൽ പ്രതീക്ഷയോടെ ഇറങ്ങാനാകൂ

∙ ഡൽഹി ക്യാപിറ്റൽസ്

10 മത്സരം, 6 ജയം, 12 പോയിന്റ്, നെറ്റ്‌ റൺറേറ്റ്: +0.362

അവശേഷിക്കുന്ന 4 മത്സരങ്ങളിൽ മൂന്നിലും വിജയിച്ചാൽ ഡൽഹി ക്യാപിറ്റൽസ് പ്ലേഓഫിലെത്തും. രണ്ട് വിജയങ്ങൾ മാത്രമാണെങ്കിൽ മറ്റു ടീമുകളുടെ ഫലവും നെറ്റ് റൺറേറ്റും കണക്കാക്കിയാകും ഡൽഹിയുടെ സാധ്യതകൾ. അവസാന 4 മത്സരങ്ങളിൽ രണ്ടെണ്ണം പോയിന്റ് പട്ടികയിൽ ആദ്യ മൂന്നിലുള്ള  മുംബൈ, ഗുജറാത്ത് ടീമുകൾക്കെതിരെയാണ്.

∙ ലക്നൗ സൂപ്പർ ജയന്റ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ലക്നൗ– 10 മത്സരം, 5 ജയം, 10 പോയിന്റ് കൊൽക്കത്ത– 10 മത്സരം, 4 ജയം, ഒന്ന് ഫലമില്ല, 9 പോയിന്റ്

പോയിന്റ് പട്ടികയിൽ ആറും ഏഴും സ്ഥാനങ്ങളിലുള്ള ലക്നൗവും കൊൽക്കത്തയും സമാന ദുഃഖിതരാണ്. ഇനിയുള്ള എല്ലാ മത്സരം ജയിച്ചാലും മറ്റു ടീമുകളുടെ കാരുണ്യവും റൺറേറ്റിന്റെ ഭാഗ്യവും തുണച്ചാൽ മാത്രമേ അവർക്കു പ്ലേഓഫ് പ്രതീക്ഷിക്കാനാകൂ.

English Summary:

IPL 2025: A Detailed Look astatine Each Team's Playoff Chances

Read Entire Article