Published: March 16, 2026 02:49 PM IST
1 minute Read
ഒരാഴ്ച മുൻപ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ട്വന്റി20 ലോകകപ്പ് ഫൈനലിൽ അപ്പുറമിപ്പുറം പോരാട്ടം നയിച്ച സൂര്യകുമാർ യാദവും മിച്ചൽ സാന്റ്നറും ഇനി മുംബൈയിൽ ഒരുമിക്കും. ഇന്ത്യയുടെയും ന്യൂസീലൻഡിന്റെയും നായകന്മാർ ഇനി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പോരാളികളാകും! – മുംബൈ ഇന്ത്യൻസിനെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ കറങ്ങുന്ന ഈ ഫോർവേഡ് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ കൊടിയടയാളമാണ്. ട്വന്റി20യുടെ കളത്തിൽ ലോകകപ്പിനെക്കാൾ വീറും വീര്യവും നിറഞ്ഞ ഐപിഎലിന്റെ 19–ാം പതിപ്പിനാണ് ഈ മാസം 28നു കൊടിയേറുക.
മാറ്റങ്ങൾ നിറച്ച് ടീമുകൾനിലവിലെ ജേതാക്കളായ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മുതൽ പോയ സീസണിൽ നിരാശരായ രാജസ്ഥാൻ റോയൽസ് വരെയുള്ള ടീമുകളെല്ലാം ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് ഇത്തവണയെത്തുന്നത്. മെഗാ ലേലമില്ലാതെ തന്നെ വമ്പൻ താരമാറ്റങ്ങളാണ് ടീമുകളിൽ നടന്നത്. ട്വന്റി20 ലോകകപ്പിന്റെ താരം കൂടിയായ സഞ്ജു സാംസന്റെ കൂടുമാറ്റമാണ് അതിലൊന്നാമത്. രാജസ്ഥാന്റെ വിലാസം വിട്ടു സഞ്ജു ചെന്നൈയിലെത്തിയപ്പോൾ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലേക്കു ചേക്കേറി.
കൊൽക്കത്തയുടെ മുഖമായിരുന്ന വെങ്കടേഷ് അയ്യരെ എത്തിച്ച് ബെംഗളൂരു ബാറ്റിങ് നിരയുടെ മൂർച്ചയേറ്റിയപ്പോൾ ഗുജറാത്തിൽനിന്നു വെസ്റ്റിൻഡീസ് താരം ഷെർഫെയ്ൻ റൂഥർഫോഡിനെ റാഞ്ചി മുംബൈ ഫിനിഷിങ് മാരകമാക്കി. ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ റെക്കോർഡ് വിലയ്ക്കു സ്വന്തമാക്കിയാണു കൊൽക്കത്തയുടെ വരവ്. ഡേവിഡ് മില്ലറും പാത്തും നിസങ്കയും ഡൽഹിയുടെ മുഖംമാറ്റങ്ങളാകുമ്പോൾ മുഹമ്മദ് ഷമിയും ആൻറിച് നോർട്യയും ലക്നൗവിനു ബോളിങ് കരുത്താകും.
കളമൊഴിയാൻ താരങ്ങൾ?ഈ ഐപിഎൽ ചില താരങ്ങളുടെ വിടവാങ്ങൽ സീസൺ കൂടിയാകും. മഹേന്ദ്ര സിങ് ധോണി തന്നെ അതിലെ നായകൻ. 44 വയസ്സുള്ള ധോണി ഈ വർഷം കളമൊഴിയുമെന്നാണു കരുതുന്നത്. രോഹിത് ശർമയും വിരാട് കോലിയും വിടപറയാൻ സാധ്യതയുള്ളവരുടെ നിരയിലുണ്ട്. നല്ല പ്രായം പിന്നിട്ട മിച്ചൽ സ്റ്റാർക്, സുനിൽ നരെയ്ൻ, മാർക്കസ് സ്റ്റോയ്നിസ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അജിൻക്യ രഹാനെ, ഇഷാന്ത് ശർമ എന്നിവരുടെ ഭാവിക്കും ഈ സീസൺ വിധിയെഴുതും.
കളം പിടിക്കാൻ നവാഗതർഐപിഎലിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുന്ന വിദേശ താരങ്ങളേറെയുണ്ട് ഈ സീസണിൽ. ട്വന്റി20 ലോകകപ്പിൽ മിന്നൽ സെഞ്ചറി കൊണ്ടു ഞെട്ടിച്ച ന്യൂസീലൻഡ് താരം ഫിൻ അലൻ, ശ്രീലങ്കയുടെ പാത്തും നിസങ്ക, ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റ് എന്നീ ബാറ്റർമാരും സിംബാബ്‌വെയുടെ ബ്ലസിങ് മുസറബനി, ഓസ്ട്രേലിയയുടെ ബെൻ ഡ്വാർഷൂയ്സ്, ഇംഗ്ലണ്ടിന്റെ ബ്രൈഡൻ കാഴ്സ്, ന്യൂസീലൻഡിന്റെ ജേക്കബ് ഡഫി എന്നീ പേസർമാരും ഇന്ത്യൻ ലീഗിലെ ആദ്യ മത്സരം കളിക്കാനൊരുങ്ങുന്നവരാണ്.
ഇന്ത്യയുടെ കണ്ടെത്തലുകൾആഭ്യന്തര ക്രിക്കറ്റിൽ നിന്നു വൻവിലയ്ക്കു താരങ്ങളെ കണ്ടെത്തിയാണ് ഇത്തവണ ഐപിഎൽ ടീമുകളെത്തുന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ അൺക്യാപ്ഡ് ഇന്ത്യൻ താരങ്ങളെന്ന റെക്കോർഡോടെ (14.2 കോടി) ചെന്നൈ ടീമിലെത്തിച്ച പ്രശാന്ത് വീർ, കാർത്തിക് ശർമ എന്നിവരും ഡൽഹിയുടെ ജമ്മു കശ്മീർ പേസർ ആക്വിബ് നബി ദറും ബെംഗളൂരു ഓൾറൗണ്ടർ മങ്കേഷ് യാദവും ഈ സീസണിലെ കണ്ടെത്തലുകളാണ്.
English Summary:







English (US) ·