ഫ്രാഞ്ചൈസി ക്രിക്കറ്റിനു പിന്നാലെ പോകരുത്, താരങ്ങളെ പിടിച്ചുനിർത്തും; പാറ്റ് കമിൻസിന് 66 കോടിയുടെ കരാർ നൽകാൻ ഓസ്ട്രേലിയ

3 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: May 08, 2026 09:32 AM IST

1 minute Read

പ്രസ് കോൺഫറൻസിൽ സംസാരിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകൻ പാറ്റ് കമിൻസ് (Photo by R.Satish BABU / AFP)
പ്രസ് കോൺഫറൻസിൽ സംസാരിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകൻ പാറ്റ് കമിൻസ് (Photo by R.Satish BABU / AFP)

സിഡ്നി∙ ഫ്രാഞ്ചൈസി ടൂർണമെന്റുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാന താരങ്ങളെയെല്ലാം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമുമായി ചേർത്തുനിർത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നീക്കം. ദേശീയ ടീമിന് കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടി പ്രധാന താരങ്ങൾക്കെല്ലാം വൻ തുക ഓഫർ ചെയ്യാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിന്‍സിന് നാല് ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ വർഷം ലഭിക്കുന്ന രീതിയിൽ കരാർ പുതുക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു. ഇന്ത്യൻ രൂപയിൽ ഏകദേശം 22 കോടി രൂപ ഒരു വർഷം കമിൻസിനു ലഭിക്കും. മൂന്നു വർഷത്തേക്ക് 66 കോടി രൂപയാണ് കരാർ പ്രകാരം കമിൻസിനു ലഭിക്കുക. അതേസമയം ഓസ്ട്രേലിയന്‍ താരം കരാറിൽ ഒപ്പിട്ടോയെന്നു വ്യക്തമല്ല.

2029 വരെ മൂന്നു വർഷത്തേക്കുള്ള കരാർ ഒരുമിച്ച് തയാറാക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായ കമിന്‍സിന് ഒരു സീസണിൽനിന്നു മാത്രം 18 കോടി രൂപയാണു ലഭിക്കുന്നത്. ഫ്രാഞ്ചൈസി ടൂർണമെന്റുകളിൽ ഓസീസ് താരങ്ങൾക്കു നിലവില്‍ വന്‍ ഡിമാൻഡാണ്. ഓസ്ട്രേലിയന്‍ താരങ്ങളെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മാത്രം കളിപ്പിക്കാൻ ടീമുകൾ ശ്രമിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു തടയുക കൂടിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ലക്ഷ്യം. കമിൻസിനു പുറമേ, ജോഷ് ഹെയ്സൽവു‍ഡ്, ട്രാവിസ് ഹെഡ് എന്നീ താരങ്ങൾക്കും ഓസ്ട്രേലിയ പ്രത്യേക കരാറുകൾ ‘ഓഫർ’ ചെയ്തേക്കും.

ഓസ്ട്രേലിയയുടെ പ്രധാന താരങ്ങൾ ഉയർന്ന പ്രതിഫലവും തൊഴിൽ സുരക്ഷയും അർഹിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തലവൻ ജെയിംസ് അൽസോപ് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ‘‘തീർച്ചയായും അവർക്ക് അതിന് അർഹതയുണ്ട്. ഓസ്ട്രേലിയയ്ക്കു വേണ്ടി എല്ലാ ഫോർമാറ്റുകളിലും ഏറെക്കാലമായി കളിക്കുന്ന താരങ്ങളാണ് അവര്‍. മൂല്യമനുസരിച്ച് താരങ്ങളുടെ മുകളിലുള്ള സമ്മർദവും കൂടുകയാണ്. എല്ലാ ഫോർമാറ്റുകളിലും കളിക്കുന്ന ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ് എന്നീ താരങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഇവർ ഓസ്ട്രേലിയൻ ക്രിക്കറ്റിനൊപ്പം തന്നെ തുടരേണ്ടത് പ്രഥമ പരിഗണനയാണ്.’’– ജെയിംസ് അൽസോപ് വ്യക്തമാക്കി.

ഓസ്ട്രേലിയയ്ക്കായി നിശ്ചിത മത്സരങ്ങൾ കളിച്ചില്ലെങ്കിലും കമിൻസിന് കരാർ പ്രകാരമുള്ള തുക ലഭ്യമാക്കും. പരുക്കുകാരണം ഐപിഎൽ സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായ കമിൻ‍സ് തിരിച്ചുവരവിൽ തകർപ്പൻ ഫോമിലാണ്. ഈ സീസണിൽ നാലു മത്സരങ്ങൾ കളിച്ച ഹൈദരാബാദ് ക്യാപ്റ്റൻ നാലു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

English Summary:

Cricket Australia's Bold Move to Retain Top Stars

Read Entire Article