ന്യൂയോർക്ക് ∙ എത്ര ദൂരെയെങ്കിലും മുന്നിലെന്തൊക്കെ തടസ്സങ്ങളുണ്ടെങ്കിലും അവയൊക്കെ മറികടന്ന് കൃത്യമായി ലക്ഷ്യം ഭേദിക്കുന്ന നൂതന യുദ്ധമുറയുടെ പേരാണ് പ്രിസിഷൻ സ്ട്രൈക്ക്. ഫ്രീകിക്കുകൾ ഗോളാക്കി മാറ്റുന്നതിലെ മികവിലൂടെ ഫുട്ബോളിലെ ഏറ്റവും മികച്ച ‘പ്രിസിഷൻ സ്ട്രൈക്കർ’ ആരെന്നു ചോദിച്ചാൽ ലയണൽ മെസ്സിയെന്നാണ് ഉത്തരം. ഫ്രീകിക്ക് ഗോൾവേട്ടക്കാരുടെ പട്ടികയിൽ മെസ്സി ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടന്നു. മെസ്സിക്ക് 71 ഫ്രീകിക്ക് ഗോളുകൾ.
ന്യൂയോർക്കിലെ യാങ്കി സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം ഇന്റർ മയാമി 3–2ന് ന്യൂയോർക്ക് സിറ്റി എഫ്സിയെ തോൽപിച്ച കളിയിലെ ഗോളോടെയാണ് മെസ്സി, പെലെയെ (70 ഗോൾ) മറികടന്നത്. 77 ഗോളുകൾ പേരിലുള്ള ബ്രസീൽ താരം ജുനീഞ്ഞോ പെർനാമ്പുകാനോയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 7 ഗോളുകൾ കൂടി നേടിയാൽ ജൂനീഞ്ഞോയെ മറികടന്ന് മെസ്സിക്ക് ഒന്നാമതെത്താം. മെസ്സിയുടെ നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഈ ചരിത്രനേട്ടം അത്ര വിദൂരമല്ലെന്ന് ഉറപ്പ്.
ഈ ഗോളോടെ മെസ്സിയുടെ കരിയർ ഗോളുകളുടെ ആകെയെണ്ണം 901 ആയി. 38–ാം വയസ്സിലും ഫ്രീകിക്ക് മികവിനു തെല്ലും മങ്ങലേറ്റിട്ടില്ലെന്നു തെളിയിക്കുന്നതാണു കഴിഞ്ഞ ദിവസം 30 വാര അകലെനിന്നു മെസ്സി തൊടുത്ത ഗോൾ. സജീവ ഫുട്ബോളർമാരിൽ 63 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമേ മെസ്സിയുടെ പരിസരത്തുള്ളൂ. ഫ്രീകിക്ക് വിദഗ്ധരായി അറിയപ്പെട്ടിരുന്ന ഡിയേഗോ മറഡോണ, റൊണാൾഡിഞ്ഞോ, ഡേവിഡ് ബെക്കാം, സീക്കോ തുടങ്ങിയവരെയെല്ലാം മെസ്സിയും ക്രിസ്റ്റ്യാനോയും ഗോളെണ്ണത്തിൽ പിന്നിലാക്കിയിട്ടുണ്ട്.
എങ്ങനെ സാധിക്കുന്നു?എസ്.പി.ശരത്
ഗിഫ്റ്റഡ്’ കളിക്കാരനെന്നു മെസ്സിയെ വിശേഷിപ്പിക്കുമെങ്കിലും ഫ്രീകിക്ക് വൈദഗ്ധ്യം അദ്ദേഹത്തിനു സ്വാഭാവികമായി ലഭിച്ചതല്ല. ഡ്രിബ്ലിങ്, ഫിനിഷിങ് മികവുകൾ സ്വതസിദ്ധമാണെങ്കിലും സെറ്റ്പീസുകളുടെ കാര്യത്തിലെ വൈദഗ്ധ്യത്തിനു മെസ്സി ഒരാളോടു കടപ്പെട്ടിരിക്കുന്നു – അർജന്റീനൻ പ്ലേമേക്കറായിരുന്ന യുവാൻ റോമൻ റിക്വിൽമിയോട്. റിക്വിൽമിയെ കണ്ടുപഠിച്ചാണു മെസ്സി ഫ്രീകിക്ക് മാസ്റ്ററായത്. അടിയുടെ ശക്തിയല്ല, കൃത്യതയാണ് (പ്രിസിഷൻ ഓവർ പവർ) മെസ്സി സ്വയം തേച്ചുമിനുക്കിയെടുത്ത രീതി. മെസ്സി എടുക്കുന്ന ഫ്രീകിക്കുകൾ വിജയിക്കുന്നതിനു പിന്നിലെ രഹസ്യങ്ങളിങ്ങനെ:
∙ ബോഡി പൊസിഷൻ: ചെറിയ റണ്ണപ്പ് ആണു മെസ്സിയുടെ രീതി. ആശങ്കാകുലനായി കാണപ്പെടുമെങ്കിലും ഉറച്ച കാൽവയ്പുകളോടെ, കൃത്യമായ പ്ലാനോടെയാകും പന്തിനെ സമീപിക്കുക.
∙ ഇടംകാൽ ഷോട്ട്: മെസ്സിയുടെ ഡയറക്ട് ഫ്രീകിക്കുകളിൽ ഒട്ടുമിക്കതും ഇടംകാലിൽ തൊടുത്തവയാണ്. 60 ഡിഗ്രിയോളം ചെരിഞ്ഞ റണ്ണപ്പുമായെത്തി വലംകാൽ നിലത്തുറപ്പിച്ച്, ശക്തിയാർജിച്ച്, ഇടംകാലിന്റെ ഉൾഭാഗം കൂടി സ്പർശിക്കുംവിധം പന്തിന്റെ ചുവട്ടിലാണു സ്ട്രൈക്ക് ചെയ്യുക.
∙ മാഗ്നസ് എഫക്ട്: കാൽപാദം 50 ഡിഗ്രി ആംഗിളിൽ ശക്തിയായി പന്തിന്റെ ചുവട്ടിൽ പതിക്കുമ്പോൾ പന്ത് ഉയർന്ന വേഗത്തിൽ (ഹൈ ആർപിഎം) ഉയർന്നുപൊങ്ങും. കറക്കം വഴി ഉണ്ടാകുന്ന മർദ വ്യത്യാസത്തിലൂടെ പന്ത് വായുവിൽ ഗതിമാറും. പോസ്റ്റിനു മുകളിലൂടെയോ വശങ്ങളിലൂടെയോ പുറത്തേക്കെന്നു തോന്നിച്ച ശേഷം പന്തു പൊടുന്നനെ വലയ്ക്കുള്ളിൽ പതിക്കും. മാഗ്നസ് എഫക്ട് എന്നാണീ പ്രതിഭാസത്തിന്റെ പേര്.
∙ കൃത്യത: അടിയുടെ ശക്തിയെക്കാൾ കൃത്യതയിലാണ് ഉന്നം. മെസ്സിയുടെ ഫ്രീകിക്കുകൾ പലപ്പോഴും ദുർബലമായി തോന്നിപ്പിക്കുന്നതിന്റെ കാരണവും ഇതാണ്. ഗോൾകീപ്പറുടെ സ്ഥാനം, പ്രതിരോധതാരങ്ങൾക്ക് ഇടയിലെ വിടവുകൾ തുടങ്ങിയവ മനസ്സിൽവച്ചാണു മെസ്സി ഷോട്ട് തിരഞ്ഞെടുക്കുക. ഷോട്ടിനു വേഗവും കരുത്തും കുറവായി തോന്നിയാലും പന്തു കൃത്യമായി വലയിൽ കയറും.
English Summary:








English (US) ·