‘ബംഗ്ലദേശിനെ പുറത്താക്കിയതുപോലെ ഇന്ത്യയോടു ചെയ്യുമോ?’ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റന് രൂക്ഷവിമര്‍ശനം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: February 05, 2026 09:28 PM IST

1 minute Read

 SajjadHussain/AFP
ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിൽനിന്ന്. Photo: SajjadHussain/AFP

Follow Us

Facebook

WhatsApp

ലണ്ടൻ∙ ബംഗ്ലദേശിനെ ട്വന്റി20 ലോകകപ്പിൽനിന്നു പുറത്താക്കിയതിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസെയ്ൻ. ഐസിസി എല്ലാ ടീമുകളോടും സ്ഥിരതയുള്ള സമീപനങ്ങൾ സ്വീകരിക്കണമെന്നാണ് നാസർ ഹുസെയ്ന്റെ നിലപാട്. ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന കടുംപിടിത്തം തുടർന്നതോടെയാണ് ബംഗ്ലദേശിനെതിരെ നടപടി വന്നത്. ബംഗ്ലദേശ് പുറത്തുപോയപ്പോൾ, റാങ്കിങ് അടിസ്ഥാനത്തിൽ സ്കോട്‌ലൻഡ് മത്സരത്തിനു യോഗ്യത നേടുകയും ചെയ്തു.

ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്നും ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്നുമായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. ബംഗ്ലദേശ് സർക്കാർ കടുത്ത നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ഐസിസി നടപടിയെടുത്തത്. ബംഗ്ലദേശിനു പിന്തുണയറിയിച്ച് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയാണ് ബംഗ്ലദേശിന്റേതിനു സമാനമായ നിലപാടു സ്വീകരിക്കുന്നതെങ്കിൽ ഐസിസി പുറത്താക്കുമോയെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ഒരു ചർ‌ച്ചയ്ക്കിടെ ചോദിച്ചു. ‘‘ഇന്ത്യ ഒരു മാസം മുൻപ് ഞങ്ങളുടെ സർക്കാർ ഒരു രാജ്യത്ത് കളിക്കാൻ അനുവദിക്കുന്നില്ല എന്നു പറഞ്ഞാൽ ഐസിസി എങ്ങനെയാകും പ്രതികരിക്കുക? നിങ്ങൾക്കു നിയമം അറിയാം, നിങ്ങളെ പുറത്താക്കുകയാണ് എന്ന് അവർ പറയുമോ?’’– നാസർ ഹുസെയ്ൻ ചോദിച്ചു.

‘‘സ്ഥിരതയെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. ബംഗ്ലദേശിനെയും പാക്കിസ്ഥാനെയും ഇന്ത്യയെയും ഒരേ രീതിയിലാകണം കൈകാര്യം ചെയ്യുന്നത്. ഉറക്കെ കരയൂ, ഞങ്ങളുടെ കയ്യിലാണ് പണം എന്നൊക്കെ ഇന്ത്യൻ ആരാധകർ പറയുമായിരിക്കും.’’–നാസർ ഹുസെയ്ൻ തുറന്നടിച്ചു. അതേസമയം വലിയ പരിഹാസങ്ങളാണ് നാസർ ഹുസെയ്ൻ സമൂഹമാധ്യമങ്ങളിൽ നേരിടുന്നത്. 2003 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരായ പോരാട്ടം ഇംഗ്ലണ്ട് ബഹിഷ്കരിച്ചതും ആരാധകർ ചൂണ്ടിക്കാട്ടുന്നു. സിംബാബ്‍വെയിലെ റോബർട്ട് മുഗാബെയുടെ ഭരണകൂടത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ ബഹിഷ്കരണം.

ബംഗ്ലദേശിൽ ഹിന്ദു വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ തുടരുന്നതിൽ, ഇന്ത്യയിൽ പ്രതിഷേധം രൂക്ഷമായതോടെ മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽനിന്നു പുറത്താക്കിയിരുന്നു. താരലേലത്തിൽ വലിയ തുകയ്ക്കു വിറ്റുപോയതിനു ശേഷമാണ് മുസ്തഫിസുറിനെതിരായ നടപടി വന്നത്. ഇതിനു പിന്നാലെയാണ് ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന വാദവുമായി ബംഗ്ലദേശ് രംഗത്തെത്തിയത്. മുന്നറിയിപ്പുകൾ നൽകിയിട്ടും ബംഗ്ലദേശ് വഴങ്ങാതിരുന്നതോടെയാണ് ഐസിസി പുറത്താക്കൽ നടപടിയിലേക്കു കടന്നത്.

English Summary:

Nasar Hussain criticizes the ICC for its inconsistent attack successful cricket, peculiarly regarding Bangladesh's expulsion from the T20 World Cup

Read Entire Article