ബാറ്റിങ്ങിനിടെ ആരാധകനോടും കലിപ്പിച്ചു; ഹാർദിക് പാണ്ഡ്യയ്ക്ക് എന്തുപറ്റി? മുംബൈ ക്യാപ്റ്റൻ രോഷത്തിൽ

1 month ago 8

ഓൺലൈൻ ഡെസ്ക്

Published: April 17, 2026 05:48 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@Rushikeshൽ നിന്ന് എടുത്തതാണ്.
ബാറ്റിങ്ങിനിടെ ഹാർദിക് പാണ്ഡ്യയുടെ രോഷം. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@Rushikeshൽ നിന്ന് എടുത്തതാണ്.

മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ സ്ക്രീനിനു മുന്നിലേക്കു കയറിനിന്ന ആരാധകനു നേരെയും കലിപ്പിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായുള്ള തോൽവികൾക്കിടെ പഞ്ചാബ് കിങ്സിനെതിരെ ബാറ്റു ചെയ്യുമ്പോഴായിരുന്നു സ്ക്രീനിലേക്കു കയറിനിന്ന് തടസ്സം സൃഷ്ടിച്ച ആരാധകനെതിരെയും പാണ്ഡ്യ തിരിഞ്ഞത്. ഒന്നിലേറെ തവണ ആരാധകൻ സ്ക്രീനിനു മുന്നിലൂടെ നടന്നതോടെ ഹാർദിക്കിനു നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ആരാധകനെതിരെ പാണ്ഡ്യ രോഷം പ്രകടിപ്പിക്കുന്ന ദ‍ൃശ്യങ്ങളും പുറത്തുവന്നു.

തുടർച്ചയായ നാലാം തോൽവിയാണ് പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസ് വഴങ്ങിയത്. മത്സരത്തിൽ ഏഴു വിക്കറ്റ് വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സ് 16.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. നിർണായക മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാനും മുംബൈ ക്യാപ്റ്റനു സാധിച്ചിരുന്നില്ല. 12 പന്തിൽ 14 റൺസെടുത്ത പാണ്ഡ്യയെ, മാർകോ യാൻസന്റെ 18–ാം ഓവറിലെ മൂന്നാം പന്തില്‍ സേവ്യർ ബാർട്‍ലെറ്റ് ക്യാച്ചെടുത്താണു പുറത്താക്കുന്നത്.

പഞ്ചാബിനെതിരെ മൂന്നോവറുകൾ പന്തെറിഞ്ഞ പാണ്ഡ്യ, 39 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. സാധാരണയായി സമ്മർദഘട്ടങ്ങളിൽ മികച്ച പ്രകടനം നടത്താറുള്ള പാണ്ഡ്യയ്ക്ക് ഐപിഎൽ സീസണിൽ അതു തുടരാൻ സാധിച്ചിട്ടില്ല. മത്സരത്തിനിടെ പാണ്ഡ്യയുടെ ഫീൽഡിങ് നിയന്ത്രണങ്ങളിൽ സൂപ്പർ താരം ജസ്പ്രീത് ബുമ്ര അസ്വസ്ഥനാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് മുംബൈ ഇന്ത്യൻസിനു നാണക്കേടായിട്ടുണ്ട്.

തുടർ തോൽവികളുടെ നിരാശ പാണ്ഡ്യ മത്സര ശേഷം പരസ്യമാക്കുകയും ചെയ്തു. ‘‘സത്യം പറഞ്ഞാൽ എന്താണു പ്രശ്നമെന്നു ഞങ്ങൾ പരിശോധിക്കേണ്ട സമയമാണിത്. വ്യക്തികളാണോ, സംഘമാണോ, അതല്ല ആസൂത്രണത്തിന്റെ പ്രശ്നമാണോ? ഇതെല്ലാം പരിശോധിക്കണം. എന്താണു ചെയ്യാൻ സാധിക്കുന്നതെന്നു ഞങ്ങൾ ആലോചിക്കുന്നുണ്ട്. രണ്ടാം ഇന്നിങ്സിൽ പഞ്ചാബിന് ചെറിയ ആനുകൂല്യം ലഭിച്ചിരുന്നു. എന്നാൽ അവർ ഞങ്ങളുടെ സാധ്യതകൾ പൂർണമായും ഇല്ലാതാക്കിക്കളഞ്ഞു. ബാറ്റിങ്, ബോളിങ്, ഫീൽഡിങ് എല്ലാ മേഖലയിലും പഞ്ചാബ് മുന്നിലായിരുന്നു.’’– ടീമിന്റെ മുന്നോട്ടു പോക്കിന് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും പാണ്ഡ്യ പറഞ്ഞു.

English Summary:

Hardik Pandya's Outburst astatine Fan During MI vs PBKS Clash

Read Entire Article