‘ബുമ്രയുടെ വിരമിക്കൽ പ്രഖ്യാപനം ഉടൻ, കോലിക്കും രോഹിത്തിനും അശ്വിനും പിന്നാലെ മടക്കം’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

7 months ago 11

ന്യൂഡൽഹി∙ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ബോളറായ ജസ്പ്രീത് ബുമ്ര അധികം വൈകാതെ ഈ ഫോർമാറ്റിൽനിന്ന് വിരമിച്ചേക്കുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ടെസ്റ്റ് ക്രിക്കറ്റിന്റെ കാഠിന്യം ബുമ്രയുടെ ശരീരത്തിന് താങ്ങാനാകുന്നില്ലെന്നും, ഏതു നിമിഷവും താരം വിരമിക്കൽ പ്രഖ്യാപിച്ചേക്കാമെന്നും കൈഫ് അഭിപ്രായപ്പെട്ടു. പരമ്പരയിലെ ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് നാലാം ടെസ്റ്റ് ആയപ്പോഴേക്കും ബുമ്രയുടെ പന്തുകൾക്ക് വേഗം നഷ്ടമായതായും കൈഫ് ചൂണ്ടിക്കാട്ടി. ആദ്യ മത്സരങ്ങളിൽ സ്ഥിരമായി 140 കി.മീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിഞ്ഞിരുന്ന ബുമ്ര, നിലവിൽ 130–135 കി.മീറ്റർ വേഗതയിലാണ് പന്തെറിയുന്നത്.

മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇതുവരെ ബുമ്രയ്‌ക്ക് ആകെ വീഴ്ത്താനായത് രണ്ടു വിക്കറ്റ് മാത്രമാണ്. ജയ്മി സ്മിത്ത്, ലിയാം ഡേവ്സൻ എന്നിവരുടെ വിക്കറ്റുകളാണ് ബുമ്രയ്‌ക്ക് ലഭിച്ചത്. രണ്ടു ദിവസങ്ങളിലായി ഇതുവരെ മുപ്പതിലധികം ഓവറുകൾ ബോൾ ചെയ്താണ് ബുമ്ര 2 വിക്കറ്റ് വീഴ്ത്തിയത്.

‘‘ഇന്ത്യയുടെ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ ജസ്പ്രീത് ബുമ്ര കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ഒരുപക്ഷേ ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചാലും അദ്ഭുതപ്പെടാനില്ല. അദ്ദേഹത്തിന്റെ ശരീരം അത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്തവിധം ശരീരം കൈവിട്ടുകഴിഞ്ഞു. മാഞ്ചസ്റ്റർ ടെസ്റ്റിൽ അദ്ദേഹത്തിന്റെ പന്തുകളുടെ വേഗം ക്രമാതീതമായി കുറഞ്ഞു. ഈ മത്സരത്തിൽ അദ്ദേഹത്തിന്റെ പന്തുകൾക്ക് തീരെ വേഗമില്ല’ – കൈഫ് ചൂണ്ടിക്കാട്ടി.

‘‘നിസ്വാർഥനായ വ്യക്തിയാണ് ബുമ്ര എന്നതും ശ്രദ്ധിക്കണം. തനിക്ക് 100 ശതമാനം ആത്മാർഥത കാണിക്കാനാകുന്നില്ലെന്ന് തോന്നിയാൽ, മത്സരങ്ങൾ ജയിപ്പിക്കാനുള്ള മികവ് നഷ്ടമായെന്ന് ബോധ്യപ്പെട്ടാൽ, വിക്കറ്റുകൾ ലഭിക്കാതെ വന്നാൽ അദ്ദേഹം പിൻമാറിയേക്കാം. ഇതാണ് ഈ ഘട്ടത്തിൽ എന്റെ ഉറച്ച ബോധ്യം’ – കൈഫ് പറഞ്ഞു.

ബോർഡർ – ഗാവസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിനിടെ പുറത്തിനവു പരുക്കേറ്റ് ബുമ്ര സജീവ ക്രിക്കറ്റിൽനിന്ന് നീണ്ട കാലം വിട്ടിനിന്നിരുന്നു. പരുക്കിനെ തുടർന്ന് ചാംപ്യൻസ് ട്രോഫിയിലും ബുമ്ര കളിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്നു ടെസ്റ്റുകളിൽ മാത്രമേ ബുമ്രയെ കളിപ്പിക്കുന്നുള്ളൂ എന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബുമ്ര ടെസ്റ്റ് കരിയറിന് ഉടൻ വിരാമമിട്ടേക്കാമെന്ന കൈഫിന്റെ പ്രവചനം.

‘‘നോക്കൂ, ബുമ്രയുടെ പന്തുകൾക്ക് ഇപ്പോൾ 125–130 കി.മീറ്റർ മാത്രമാണ് വേഗത. അദ്ദേഹത്തിന് കിട്ടിയ വിക്കറ്റ് ആകട്ടെ, വിക്കറ്റ് കീപ്പറിന്റെ തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ ലഭിച്ചതുമാണ്. ബുമ്രയുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം പഴയപടി തന്നെയായിരിക്കാം. പക്ഷേ, ശരീരം അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽനിന്ന് പോയിക്കഴിഞ്ഞു. കായികക്ഷമതയും പ്രശ്നത്തിലാണ്. ശരീരത്തിൽനിന്ന് ആഗ്രഹിക്കുന്ന പിന്തുണ ബുമ്രയ്ക്ക് ലഭിക്കുന്നില്ല’ – കൈഫ് പറഞ്ഞു.

‘‘ഈ ടെസ്റ്റിൽ ബുമ്ര നേരിടുന്ന പ്രശ്നങ്ങൾ, ഭാവിയിലും ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹത്തെ കാത്തിരിക്കുന്ന വെല്ലുവിളികളുടെ സൂചനകളാണ്. ഒരുപക്ഷേ, അധികകാലം അദ്ദേഹത്തെ ടെസ്റ്റിൽ കണ്ടേക്കില്ല. ആദ്യം വിരാട് കോലി പോയി. പിന്നാലെ രോഹിത് ശർമയും വിരമിച്ചു. അശ്വിനും വിടപറഞ്ഞു. ഇനി ബുമ്രയും പോകും. അദ്ദേഹമില്ലാത്ത ടെസ്റ്റ് ടീമിനെക്കുറിച്ച് ആരാധകരും ചിന്തിച്ചേ തീരൂ’ – കൈഫ് പറഞ്ഞു.

‘‘എന്റെ പ്രവചനം തെറ്റിപ്പോകട്ടെ എന്നു തന്നെയാണ് എന്റെ പ്രാർഥന. ഈ ടെസ്റ്റിൽ ഞാൻ കണ്ട കാഴ്ചകൾ പക്ഷേ, അത്ര സന്തോഷകരമല്ല. ബുമ്ര ബോളിങ് ആസ്വദിക്കുന്നതായി തോന്നുന്നില്ല. മനസ് ഇപ്പോഴും കരുത്തുറ്റതാണെങ്കിലും ശരീരം കൈവിട്ടുകഴിഞ്ഞു’ – കൈഫ് പറഞ്ഞു.

English Summary:

Mohammad Kaif Predicts Jasprit Bumrah's Imminent Test Retirement

Read Entire Article