ബെസ്റ്റ് ബംഗാൾ! കൊൽക്കത്ത ഈസ്റ്റ് ബംഗാളിന് ഐഎസ്എൽ ഫുട്ബോൾ കിരീടം; ചാംപ്യന്മാരാകുന്നത് 22 വർഷങ്ങൾക്കു ശേഷം

1 week ago 5

കൊൽക്കത്ത ∙ മൈതാനത്തുരുളുന്ന പന്തിന്റെ ഗതിവിഗതികൾക്കനുസരിച്ച് ശ്വാസമെടുക്കുന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ശ്വാസം മുട്ടിയ രാത്രിയായിരുന്നു ഇന്നലെ!പണവും അധികാര വടംവലികളും ഇന്ത്യൻ ഫുട്ബോളിനെ നശിപ്പിക്കുമെന്ന ആശങ്കകൾക്ക്, ഒരേസമയം രാജ്യത്തിന്റെ വ്യത്യസ്ത മൈതാനങ്ങളിൽ ഉരുണ്ട 4 കാൽപന്തുകൾ സ്വയം മറുപടിയായ രാത്രി. അവസാന ലീഗ് മത്സരം വരെ ആവേശം നിറഞ്ഞുനിന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ഇന്റർ കാശിയെ 2–1ന് തോൽപിച്ച ഈസ്റ്റ് ബംഗാളിന് കിരീടം.

22 വർഷങ്ങൾക്കു ശേഷമാണ് ഈസ്റ്റ് ബംഗാൾ ദേശീയ ഫുട്ബോൾ ലീഗിൽ ജേതാക്കളാകുന്നത്. 2003–04 കാലഘട്ടത്തിൽ നാഷനൽ ലീഗിലാണ് ഇതിനു മുൻപു കൊൽക്കത്ത ക്ലബ് ജേതാക്കളായിട്ടുള്ളത്. ഒരേസമയം 4 മത്സരങ്ങൾ നടന്ന അവസാന ദിനത്തിൽ 5 ടീമുകൾക്ക് കിരീടം നേടാനുള്ള സാധ്യതയുണ്ടായിരുന്നു. ഇന്നലെ രാത്രി 7.30നു ശേഷം നടന്നത് സിനിമാക്കഥയെ വെല്ലുന്ന ത്രില്ലർ പോരാട്ടങ്ങൾ.

ആദ്യ ട്വിസ്റ്റ്: 15–ാം മിനിറ്റ്23 പോയിന്റുമായി ഒന്നാം സ്ഥാനത്തു കളി തുടങ്ങിയ ഈസ്റ്റ് ബംഗാൾ ആരാധകരുടെ ഹൃദയത്തിലാണ് ആദ്യ പ്രഹരമേറ്റത്. കളി തുടങ്ങി 15–ാം മിനിറ്റിൽ ഇന്റർ കാശിയുടെ സ്പാനിഷ് ഫോർവേഡ് ആൽഫ്രഡ് പ്ലനാസ് ബംഗാളിന്റെ വലകുലുക്കി. ഡേവിഡ് ഹ്യുമനസ് നൽകിയ പാസ് പിടിച്ചെടുത്ത പ്ലനാസിന്റെ വലംകാൽ ഷോട്ട് (1–0). ഗോൾ തിരിച്ചടിക്കാനുള്ള ബംഗാളിന്റെ ശ്രമങ്ങൾ വിജയിച്ചില്ല. ആദ്യ പകുതി അവസാനിച്ചു. അപ്പോൾ, സ്പോർടിങ് ഡൽഹിയോട് ഗോൾരഹിത സമനിലയിലായിരുന്ന മോഹൻ ബഗാൻ ടേബിളിൽ മുന്നിലെത്തി. മറ്റു 3 മത്സരങ്ങളും ഗോൾരഹിത സമനില. ഐ ലീഗിൽനിന്നു പ്രമോഷൻ ലഭിച്ചെത്തിയ ആദ്യ സീസണിൽത്തന്നെ കിരീടജേതാക്കളെ നിർണയിക്കാൻ ഇന്റർ കാശിക്കു കഴിയുമോയെന്ന് ഫുട്ബോൾ ലോകം ചിന്തിച്ചു.

2–ാം ട്വിസ്റ്റ്: 50–ാം മിനിറ്റ്50–ാം മിനിറ്റിൽ, ലീഗ് ടോപ് സ്കോററായ ഈസ്റ്റ് ബംഗാളിന്റെ സ്പാനിഷ് താരം യൂസഫ് എസ്സെരി ഗോൾ മടക്കി. ബോക്സിന്റെ മധ്യത്തിൽനിന്നുള്ള വലംകാൽ ഷോട്ട്. (സ്കോർ 1–1). 24 പോയിന്റുമായി ഈസ്റ്റ് ബംഗാൾ വീണ്ടും പട്ടികയിൽ ഒന്നാമത്.

3–ാം ട്വിസ്റ്റ്: 63–ാം മിനിറ്റ്പോയിന്റ് ടേബിളിൽ 23 പോയിന്റുമായി 2–ാം സ്ഥാനത്തുണ്ടായിരുന്ന മോഹൻ ബഗാനു കിരീടനേട്ടത്തിനായി സ്പോർടിങ് ഡൽഹിക്കെതിരെ ജയിച്ചേ മതിയാകുമായിരുന്നുള്ളൂ. പക്ഷേ, 63–ാം മിനിറ്റിൽ ഡൽഹി താരം ക്ലാരൻസ് ഫെർണാണ്ടസിന്റെ ഗോൾ ബഗാന്റെ കിരീടസ്വപ്നങ്ങൾക്കുമേൽ ഇടിത്തീയായി.

4–ാം ട്വിസ്റ്റ്: 73–ാം മിനിറ്റ്ബിപിൻ സിങ്ങിന്റെ കാലിൽനിന്നു സ്വീകരിച്ച പന്ത്, ബംഗാളിന്റെ പലസ്തീൻ താരം മുഹമ്മദ് റാഷിദ് പോസ്റ്റിലേക്കു പായിച്ചു (2–1). ഈസ്റ്റ് ബംഗാൾ 26 പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.

5–ാം ട്വിസ്റ്റ്: 80–ാം മിനിറ്റ്ന്യൂഡൽഹിയി‍ൽ, പഞ്ചാബ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന മത്സരത്തിലെ 80–ാം മിനിറ്റ്. ആകാശ് മിശ്രയിൽനിന്നു പന്ത് സ്വീകരിച്ച മുംബൈ താരം എച്ച്.റാൾട്ടെയുടെ ഷോട്ട് ഗോളായി (1–0). 22 പോയിന്റുമായി 5–ാം സ്ഥാനത്തായിരുന്ന മുംബൈ 25 പോയിന്റുമായി കുതിച്ചെത്തിയത് 2–ാം സ്ഥാനത്തേക്ക്. അതോടെ ബഗാൻ മൂന്നാം സ്ഥാനത്തേക്കു വീണു.

6–ാം ട്വിസ്റ്റ്: ഇൻജറി ടൈംകളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ഡൽഹിക്കെതിരെ വൈ.എസ്. സിങ്ങിലൂടെ (90+1) ബഗാൻ ഗോൾ മടക്കിയെങ്കിലും 24 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു. എന്നാൽ ഓസ്ട്രേലിയൻ താരം ജയ്മി മക്‌ലാരനിലൂടെ ബഗാൻ വിജയഗോൾ നേടിയത് കളിയുടെ 90+9–ാം മിനിറ്റിൽ. (സ്കോർ: 2–1). ഇതോടെ, ബഗാൻ രണ്ടാം സ്ഥാനത്ത്. എന്നാൽ കിരീടം നേടാൻ അത് മതിയാവില്ലായിരുന്നു. ബഗാനും ഈസ്റ്റ് ബംഗാളിനും 26 പോയിന്റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ഈസ്റ്റ് ബംഗാൾ ഒന്നാംസ്ഥാനവും ചാംപ്യൻപട്ടവും സ്വന്തമാക്കി.

English Summary:

East Bengal ISL triumph marked a historical nighttime for Indian football, culminating successful their archetypal nationalist league rubric successful 22 years aft a thrilling last match. This victory, achieved against Inter Kashi successful the Indian Super League, signifies a resurgence for the Kolkata nine and a testament to their resilience.

Read Entire Article