Published: January 29, 2026 09:32 AM IST
1 minute Read
ധാക്ക∙ അണ്ടർ 19 ലോകകപ്പിൽനിന്നു പുറത്തായതിനു പിന്നാലെ ഐസിസിയെ പഴിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. ട്വന്റി20 ലോകകപ്പിനെച്ചൊല്ലി ബംഗ്ലദേശും ഐസിസിയും തമ്മിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് പുതിയ വിവാദം. മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്നു കടുംപിടിത്തം തുടർന്ന ബംഗ്ലദേശിനെ ടൂർണമെന്റിൽനിന്നു പുറത്താക്കിയിരുന്നു. തുടർച്ചയായുള്ള യാത്രകളും മത്സര ക്രമത്തിലെ പ്രശ്നങ്ങളുമാണ് അണ്ടർ 19 ലോകകപ്പിൽ ബംഗ്ലദേശിന്റെ തോൽവിക്കു കാരണമെന്ന് ബിസിബി പ്രതിനിധി ഹബിബുൽ ബാഷർ കുറ്റപ്പെടുത്തി.
‘‘തോൽവിയിൽ ഒഴികഴിവുകൾ പറയുകയാണെന്നു തോന്നുമെങ്കിലും ഇക്കാര്യം പറഞ്ഞേ തീരൂ. ഈ യാത്രാ പ്രശ്നങ്ങളാണു ടീമിനു തിരിച്ചടിയായത്. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കുമെതിരായ മത്സരങ്ങളിൽ ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുൻപ് താരങ്ങൾ കൂടുതൽ ക്ഷീണിക്കാതിരിക്കാൻ കയ്യിൽനിന്നു പണം ചെലവാക്കി വിമാന ടിക്കറ്റുകൾ സംഘടിപ്പിച്ചാണു ഞങ്ങൾ യാത്ര ചെയ്തത്. കാരണം ബസ് യാത്രയാണ് സംഘാടകര്‍ ഞങ്ങള്‍ക്കായി തയാറാക്കിയത്.’’
‘‘മത്സരക്രമത്തിൽ ഞങ്ങളോട് വലിയ അനീതിയാണു കാണിച്ചത്. ആദ്യത്തെ മത്സരക്രമ പ്രകാരം ഞങ്ങൾ മസ്‍വിങ്കോയിൽ രണ്ട് സന്നാഹ മത്സരങ്ങൾ കളിച്ച് നാലു മണിക്കൂർ ബസ് യാത്ര ചെയ്ത് പ്രധാന മത്സരങ്ങൾക്കായി ബുലവായോയിലേക്കു വരേണ്ടതായിരുന്നു. എന്നാൽ പിന്നീട് ഷെഡ്യൂൾ പൊളിച്ച ഐസിസി ഞങ്ങളുടെ സന്നാഹ മത്സരങ്ങൾ രണ്ടിടത്തേക്കു മാറ്റി. അതോടെ യാത്രയും കൂടി. യാത്രാബുദ്ധിമുട്ട് അറിയിച്ചപ്പോൾ ഐസിസി അതു കേൾക്കാൻ തയാറായില്ല.’’– ഹബിബുൽ ഒരു ബംഗ്ലദേശ് മാധ്യമത്തോടു പറഞ്ഞു.
തുടർച്ചയായുള്ള യാത്രകളില്‍ ബംഗ്ലദേശ് പരിശീലകൻ നവീദ് നവാസും താരങ്ങളും അസ്വസ്ഥരായിരുന്നെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ബംഗ്ലദേശിനെ അപേക്ഷിച്ച്, ഇന്ത്യ, പാക്കിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ലഭിച്ചതായും പരാതി ഉയർന്നു.
English Summary:







English (US) ·