മതി, ഋതുരാജ് ഗെയ്ക്‌വാദ് ക്യാപ്റ്റൻസി ഒഴിയണം; സഞ്ജു സാംസൺ വരണമെന്ന് മുൻ ചെന്നൈ സൂപ്പർ കിങ്സ് താരം

6 days ago 3

ഓൺലൈൻ ഡെസ്ക്

Published: May 26, 2026 10:45 AM IST

1 minute Read

 X@CSK
സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും സന്നാഹ മത്സരത്തിനിടെ. Photo: X@CSK

മുംബൈ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ചെന്നൈ മുൻ താരം എസ്. ബദ്രീനാഥ്. ഇന്ത്യൻ വിക്കറ്റ് കീപ്പർ‍ബാറ്റർ സഞ്ജു സാംസണിനെ പുതിയ ക്യാപ്റ്റനായി നിയമിക്കണമെന്ന് ബദ്രീനാഥ് ആവശ്യപ്പെട്ടു. ഐപിഎൽ 2026 സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയൽസില്‍നിന്ന് ചെന്നൈ സഞ്ജുവിനെ വാങ്ങുകയായിരുന്നു. 18 കോടി രൂപയാണ് സഞ്ജുവിനു ലഭിക്കുന്ന പ്രതിഫലം. ഋതുരാജിന്റെ ക്യാപ്റ്റൻസിയേക്കാൾ അദ്ദേഹത്തിന്റെ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് ആവശ്യമെന്നും ബദ്രീനാഥ് യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു.

‘‘ഋതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കേണ്ട കാര്യമില്ല. സഞ്ജു സാംസൺ ചെന്നൈ ക്യാപ്റ്റന്‍സി ഏറ്റെടുക്കണമായിരുന്നു. ക്യാപ്റ്റൻസിയേക്കാൾ ഋതുരാജിന്റെ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് ആവശ്യമുള്ളത്. സഞ്ജു ഋതുരാജിനേക്കാളും മികച്ച ക്യാപ്റ്റനുമാണ്. ബാറ്ററുടെ റോളിൽ ചെന്നൈയ്ക്കു വേണ്ടി അദ്ഭുതങ്ങൾ ചെയ്യാൻ ഋതുരാജിനു കഴിയും. ക്യാപ്റ്റൻസിയുടെ ഭാരമൊഴിഞ്ഞാല്‍ അദ്ദേഹം തിളങ്ങുമെന്ന് ഉറപ്പാണ്. ഇത് അത്ര കടുത്ത തീരുമാനമൊന്നുമല്ല. അദ്ദേഹത്തിനും ഫ്രാഞ്ചൈസിക്കും ഇതാണു നല്ലത്.’’

‘‘ക്യാപ്റ്റൻസി വേണ്ടെന്നു വച്ചാലും ഋതുരാജിന് അതു ഗുണമേ ചെയ്യൂ. സച്ചിൻ തെൻഡുൽക്കറിനു പോലും ക്യാപ്റ്റൻസിയുടെ സമ്മർദം പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനെക്കുറിച്ച് ഒരുപാടു ചിന്തിച്ചുകൊണ്ടിരുന്നാൽ ബാറ്റിങ്ങിന്റെ സമയത്തുപോലും ഇക്കാര്യം മനസ്സിൽനിന്നും പോകില്ല. ’’– ബദ്രീനാഥ് യുട്യൂബ് വിഡിയോയിൽ വ്യക്തമാക്കി. ഈ സീസണിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ ഋതുരാജിനു സാധിച്ചിരുന്നില്ല. 14 മത്സരങ്ങൾ കളിച്ച താരം 337 റൺസെടുത്താണു സീസൺ അവസാനിപ്പിക്കുന്നത്.

രണ്ട് അർധ സെഞ്ചറികൾ നേടിയ ഋതുരാജിന്റെ ഉയർന്ന സ്കോർ 74 റണ്‍സ്. അതേസമയം 14 മത്സരങ്ങളിൽനിന്ന് 477 റൺസടിച്ച സഞ്ജു, രണ്ട് സെഞ്ചറികളും ഒരു അർധസെഞ്ചറിയുമാണ് സ്കോർ ചെയ്തത്. 2024ൽ മഹേന്ദ്ര സിങ് ധോണി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഋതുരാജ് ഗെയ്ക്‌വാദ് ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. 33 മത്സരങ്ങളിൽ ടീമിനെ നയിച്ചെങ്കിലും 14 വിജയങ്ങൾ മാത്രമാണ് താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.

English Summary:

‘Ruturaj should not captain, Sanju is better’: Former CSK batter

Read Entire Article