Published: January 21, 2026 02:57 PM IST
1 minute Read
ലഹോർ∙ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ കൂടി ഇന്ത്യയിൽനിന്നു മാറ്റണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലദേശ് എതിർപ്പറിയിക്കുന്ന സാഹചര്യത്തിൽ മത്സരങ്ങൾ മാറ്റണമെന്ന് പിസിബി ആവശ്യപ്പെട്ടു. അതേസമയം ലോകകപ്പ് ബഹിഷ്കരിക്കുന്ന കാര്യത്തിൽ പാക്കിസ്ഥാൻ ഒന്നും മിണ്ടിയില്ല. ബംഗ്ലദേശിനൊപ്പം പാക്കിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ നീക്കം തിരിച്ചടിയാകുമെന്നാണു പാക്കിസ്ഥാന്റെ നിലപാട്.
ബംഗ്ലദേശിന് പിന്തുണയറിയിച്ച് ചൊവ്വാഴ്ചയാണ് പിസിബി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് കത്തയച്ചത്. ഐസിസി അംഗങ്ങളെയെല്ലാം പാക്കിസ്ഥാൻ നിലപാട് അറിയിച്ചിട്ടുണ്ട്. വേദി മാറ്റില്ലെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിൽ തന്നെ ഐസിസി ബംഗ്ലദേശിനെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കു വരില്ലെന്ന് ബംഗ്ലദേശും കടുംപിടിത്തും തുടർന്നു. ബുധനാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും അല്ലെങ്കിൽ ലോകകപ്പിലെ സ്ഥാനം നഷ്ടമാകുമെന്നുമാണ് ഐസിസിയുടെ അന്ത്യശാസനം.
ബംഗ്ലദേശ് സർക്കാരിന്റെ കടുത്ത സമ്മര്‍ദത്തിലുള്ള ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ലോകകപ്പിൽനിന്നു പിൻമാറാനാണു സാധ്യത. അങ്ങനെയെങ്കിൽ പകരം ടീമായി സ്കോട്‌ലൻഡ് ലോകകപ്പ് കളിക്കും. ലോകകപ്പ് ബഹിഷ്കരിച്ചാൽ വലിയ സാമ്പത്തിക നഷ്ടമാണു ബംഗ്ലദേശിനു നേരിടേണ്ടിവരിക. സർക്കാർ നിർദേശമുള്ളതിനാൽ ബഹിഷ്കരണമല്ലാതെ ബംഗ്ലദേശ് ബോർഡിനു മുന്നിൽ മറ്റു വഴികളുമില്ല.
നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം ലോകകപ്പിലെ പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണു കളിക്കുന്നത്. പാക്കിസഥാൻ ഫൈനലിലെത്തിയാൽ ആ മത്സരവും ശ്രീലങ്കയിൽ ആയിരിക്കും. ഇതേ രീതി വേണമെന്നാണ് ബംഗ്ലദേശിന്റെയും നിലപാട്. എന്നാൽ ലോകകപ്പ് തുടങ്ങാൻ രണ്ടാഴ്ച മാത്രം സമയം ബാക്കിയുള്ളപ്പോൾ, ഇങ്ങനെയൊരു മാറ്റത്തിന് ബിസിസിഐ തയാറല്ല.
English Summary:







English (US) ·