Published: May 23, 2026 07:48 PM IST
2 minute Read
ഹൈദരാബാദ് ∙ ഐപിഎൽ മത്സരത്തിനുശേഷം സൺറൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡിന് ആർസിബി സൂപ്പർ താരം വിരാട് കോലി ഹസ്തദാനം നൽകാതിരുന്നതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. ഹൈദരാബാദിൽ നടന്ന ഇരു ടീമുകളുടെയും അവസാന ലീഗ് മത്സരത്തിനു ശേഷമായിരുന്നു സംഭവം. മത്സരത്തിൽ 55 റൺസിനാണ് ആർസിബിയെ സൺറൈസേഴ്സ് തോൽപ്പിച്ചത്. എങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ആർസിബി, 26ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ്, അഭിഷേക് ശർമ (56), ഇഷാൻ കിഷൻ (79), ഹെയ്ൻറിച് ക്ലാസൻ (51) എന്നിവരുടെ അർധ സെഞ്ചറി കരുത്തിലാണ് 255 റൺസെന്ന കൂറ്റൻ ടോട്ടൽ നേടിയത്. മറുപടി ബാറ്റിങ്ങിൽ, രജത് പാട്ടിദാർ (56), വെങ്കടേഷ് അയ്യർ (44), ക്രുനാൽ പാണ്ഡ്യ (41) എന്നിവരുടെ കരുത്തിൽ പൊരുതിയ ബെംഗളൂരു തോൽവിഭാരം കുറച്ച്, ഒന്നാം ക്വാളിഫയറിൽ സ്ഥാനം ഉറപ്പിക്കാൻ മാത്രമായിരുന്നു ശ്രമിച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ ആർസിബി ഇന്നിങ്സ് അവസാനിച്ചു.
ടീമിന്റെ മോശം പ്രകടനത്തിൽ കോലി അതൃപ്തനായിരുന്നു. മത്സരത്തിന് ശേഷമുള്ള പതിവ് ഹസ്തദാന ചടങ്ങിനിടെ, ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിനെ കണ്ടില്ലെന്ന് നടിച്ച് കോലി കടന്നുപോകുകയായിരുന്നു. വൈറലായ ഈ വിഡിയോയ്ക്ക് മുൻപു നടന്ന ചില ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആർസിബിയുടെ റൺ ചേസ് പതറുന്നത് കണ്ട് ഡഗൗട്ടിലിരുന്ന കോലി കടുത്ത നിരാശയോടെ അവിടെനിന്ന് എഴുന്നേറ്റു പോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.
∙ സംഭവിച്ചതെന്ത്?മത്സരത്തിൽ 11 പന്തിൽ 15 റൺസ് മാത്രം നേടി ഷാക്കിബ് ഹുസൈന്റെ പന്തിൽ പുറത്തായ കോലിക്ക് ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞില്ല. എങ്കിലും, കോലിയും ഹെഡും തമ്മിൽ മൈതാനത്ത് വാക്കേറ്റമുണ്ടാകാൻ ഈ 11 പന്തുകൾ ദൈർഘ്യം മാത്രം മതിയായിരുന്നു. സമൂഹമാധ്യമങ്ങളിലും ടിവിയിലും വന്ന ദൃശ്യങ്ങളിൽ നിന്ന്, കോലിയെ പ്രകോപിപ്പിക്കാൻ ഹെഡ് ശ്രമിച്ചതായി കാണാം. അത് ഹൈദരാബാദിന് അനുകൂലമായി മാറുകയും ചെയ്തു. വലിയ ഷോട്ടുകൾ കളിക്കാൻ ഹെഡ് വെല്ലുവിളിച്ചപ്പോൾ, പന്തെറിയാൻ കോലി ഹെഡിനെ ക്ഷണിക്കുകയായിരുന്നെന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്.
‘‘ഇപ്പോൾ നിന്നെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യാൻ പോകുന്നില്ലല്ലോ, എങ്കിൽ പിന്നെ നിനക്ക് പന്തെറിയാം’’ എന്ന് കോലി പറഞ്ഞതായാണ് സൂചന. ഹെഡ് ഭൂരിഭാഗം സമയത്തും ഇംപാക്റ്റ് പ്ലെയറായിട്ടാണ് ഇറങ്ങുന്നതെന്ന് സൂചിപ്പിക്കാനായിരുന്നു കോലിയുടെ ശ്രമം. എന്നാൽ ഇത്തവണ അത് സംഭവിക്കാത്തതിനാൽ, പന്തെറിയാൻ വരാൻ കോലി വെല്ലുവിളിക്കുകയായിരുന്നു.
കോലി പുറത്തായതിന് ശേഷം, ഹെഡ് ഇങ്ങനെ പറഞ്ഞതായാണ് വിവരം: ‘‘ഞാൻ പന്തെറിയാൻ വരുന്നതിന് മുൻപ് തന്നെ നീ പുറത്തായല്ലോ സുഹൃത്തേ..’’. മത്സരത്തിനിടെ കമന്ററി പറയുന്നതിനിടയിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ ഈ വാക്കേറ്റത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: ‘‘വിരാട് കോലി ഓഫ് സ്പിൻ എറിയാൻ ട്രാവിസ് ഹെഡിനെ വെല്ലുവിളിക്കുകയായിരുന്നു. നീ എപ്പോഴും ഇംപാക്റ്റ് പ്ലെയർ ആയിട്ടാണല്ലോ ഇറങ്ങുന്നതെന്ന് കോലി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിലുള്ള തമാശ കലർന്ന വാക്കേറ്റം വീണ്ടും ആരംഭിക്കുകയും, ഹെഡിനെ കോലി പന്തെറിയാൻ ക്ഷണിക്കുകയും ചെയ്തു.’’
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @StarSportsIndia എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:







English (US) ·