Published: March 21, 2026 10:51 PM IST
1 minute Read
മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അനായ ഈ വിവരം പങ്കുവെച്ചത്. ക്രിക്കറ്റ് താരവും ട്രാൻസ്ജെൻഡർ അവകാശ പ്രവർത്തകയുമായ അനായ, ഇൻസ്റ്റഗ്രാമിലൂടെ തന്റെ മാറ്റത്തിന്റെ കഥ പങ്കുവയ്ക്കുകയും കുടുംബത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
‘‘ഈ യാത്ര എളുപ്പമായിരുന്നില്ല... എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും. എന്നെ മനസ്സിലാക്കാനും അംഗീകരിക്കാനും എന്റെ കൂടെ നിൽക്കാനും സമയമെടുത്തു. അതു പെട്ടെന്നുണ്ടായ ഒന്നല്ല. ഞങ്ങളെല്ലാവരും ആശയക്കുഴപ്പത്തിന്റെയും ചോദ്യങ്ങളുടെയും നിമിഷങ്ങളിലൂടെ കടന്നുപോയി. എന്നാൽ ഇന്ന്, ഇവിടെ നിൽക്കുമ്പോൾ എനിക്ക് കൃതജ്ഞതയല്ലാതെ മറ്റൊന്നുമില്ല.’’– അനായ തന്റെ പോസ്റ്റിൽ കുറിച്ചു. ‘‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നിൽ അച്ഛൻ കൂടെയുള്ളത് എനിക്ക് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ പിന്തുണ ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല... എന്നാൽ അത് ലഭിച്ചപ്പോൾ, അത് ആത്മാർഥവും നിരുപാധികവും കരുത്തുള്ളതുമായിരുന്നു.’’– അനായ കൂട്ടിച്ചേർത്തു.
‘‘ഈ ശസ്ത്രക്രിയ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ചുവടുവയ്പായിരുന്നു, എന്നാൽ അദ്ദേഹം കൂടെയുള്ളത് ഇത് സാധ്യമാണെന്ന് എന്നെ തോന്നിപ്പിച്ചു. മാറ്റത്തിന് സമയമെടുക്കും. സ്നേഹത്തിനും സമയമെടുക്കും. എന്നാൽ അത് ലഭിക്കുമ്പോൾ, അത് എല്ലാത്തിനും വിലപ്പെട്ടതാണ്. നന്ദിയുണ്ട്. എപ്പോഴും.’’– അനായ പോസ്റ്റിൽ പറഞ്ഞു നിർത്തി. നേരത്തെ, ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും അച്ഛൻ സഞ്ജയ് വഹിക്കുമെന്ന് അനായ അറിയിച്ചിരുന്നു.
സഞ്ജയ് ബംഗാറിന്റെ മകനും ആഭ്യന്തര ക്രിക്കറ്റ് താരവുമായിരുന്ന ആര്യൻ ബംഗാറാണ് അനായ എന്നു പേരു സ്വീകരിച്ച് ട്രാൻസ് വുമൺ ആയി മാറിയത്. 2024ലാണ് താൻ ഹോർമോൺ ചികിത്സ ആരംഭിച്ചതും പുതിയ പേരു സ്വീകരിച്ച വിവരവും അനായ പുറത്തുവിട്ടത്. കഴിഞ്ഞ മാസമാദ്യമാണ് ശസ്ത്രക്രിയ സംബന്ധിച്ച വിവരം പങ്കുവച്ചത്.
“മാർച്ച് 14നു ഞാൻ ലിംഗമാറ്റ ശസ്ത്രക്രിയ (വജിനോപ്ലാസ്റ്റി) നടത്തും. ഈ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഫാഷൻ ഡിസൈനർ സായിഷ ഷിൻഡെയും നടി ത്രിനേത്ര ഹൽദാർ ഗുമ്മരാജുവുമാണ് എനിക്ക് മാർഗനിർദേശം നൽകിയത്. അവർ ശസ്ത്രക്രിയ നടത്തിയ തായ്‌ലൻഡിലെ അതേ ക്ലിനിക്കിലാണ് എനിക്കും ശസ്ത്രക്രിയ. അവിടെ കുറഞ്ഞത് ഒരു മാസമെങ്കിലും ഞാൻ താമസിക്കേണ്ടിവരും. അതിനുശേഷം, എനിക്ക് കുറച്ചുകാലം വിശ്രമിക്കേണ്ടിവരും. കുറഞ്ഞത് ആറു മാസമെങ്കിലും എനിക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല, പക്ഷേ ഇത് ഒടുവിൽ സംഭവിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.” - ഫെബ്രുവരിയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ അനായ പറഞ്ഞു.
English Summary:







English (US) ·