‘മിസ്’മാച്ചായത് ഷഹീൻ അഫ്രീദിയുടെ രണ്ടോവറുകൾ, ആധിപത്യം തുടരും, ഇത് ഇഷ്കിന്ത്യ!

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: February 16, 2026 08:58 AM IST

2 minute Read

 ISHARA S.KODIKARA / AFP
ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിൽനിന്ന്. Photo: ISHARA S.KODIKARA / AFP

Follow Us

Facebook

WhatsApp

കൊളംബോ∙ കാലം മാറും, കളം മാറും, കളിക്കാരും മാറും... പക്ഷേ, ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനുമേലുള്ള ഇന്ത്യയുടെ സർവാധിപത്യം കാലാതീതമായി തുടരുക തന്നെ ചെയ്യും. ആദ്യം അടിച്ചൊതുക്കിയും പിന്നാലെ എറിഞ്ഞൊതുക്കിയും ടീം ഇന്ത്യ കത്തിക്കയറിയ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ കാഴ്ചക്കാരുടെ റോൾ മാത്രമായിരുന്നു പാക്കിസ്ഥാന്. 61 റൺസ് ജയത്തോടെ ഇന്ത്യ ടൂർണമെന്റിന്റെ സൂപ്പർ 8 റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു.

സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 175. പാക്കിസ്ഥാൻ 18 ഓവറിൽ 114ന് ഓൾഔട്ട്. തകർപ്പൻ അർധ സെഞ്ചറിയുമായി ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ ഒരുക്കിയ ഇഷാൻ കിഷനാണ് (40 പന്തിൽ 77) പ്ലെയർ ഓഫ് ദ് മാച്ച്. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഇന്നലെ കൊളംബോയിൽ പിറന്നത്.18ന് അഹമ്മദാബാദി‍ൽ, അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളി.

പതറി പാക്കിസ്ഥാൻ

176 റൺസ് പിന്തുടരാൻ ഇറങ്ങിയ പാക്കിസ്ഥാന്, ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ഓപ്പണർ സാഹിബ്സാദാ ഫർഹാനെ (0) നഷ്ടമായി. വിക്കറ്റ് മെയ്ഡനായ ആദ്യ ഓവറിനു പിന്നാലെ രണ്ടാം ഓവറിൽ സയിം അയൂബ് (6), സൽമാൻ ആഗ (4) എന്നിവരെ പുറത്താക്കിയ ജസ്പ്രീത് ബുമ്ര മത്സരത്തിൽ ഇന്ത്യൻ ആധിപത്യം ഉറപ്പിച്ചു. 3ന് 13 എന്ന സ്കോറിലേക്കു വീണ പാക്കിസ്ഥാനു പിന്നീടൊരു തിരിച്ചുവരവ് ഉണ്ടായില്ല. ബാബർ അസമിനെ (5) അക്ഷർ പട്ടേൽ മടക്കിയതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 4ന് 38 എന്ന നിലയിലായി പാക്കിസ്ഥാൻ. അ‍ഞ്ചാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്ത ഉസ്മാൻ ഖാൻ (44)– ഷദാബ് ഖാൻ (14) സഖ്യമാണ് അവരെ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇരുവരും പുറത്തായതോടെ പാക്ക് ഇന്നിങ്സ് തോൽവിയിലേക്കു കൂപ്പുകുത്തി. ഇന്ത്യയ്ക്കായി ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ഇഷാൻ ഷോ

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടമായി. പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയാണ് അഭിഷേകിനെ വീഴ്ത്തിയത്. പിന്നാലെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത ഇഷാൻ, സ്വതസിദ്ധമായ ശൈലിയിലൂടെ റൺനിരക്ക് ഉയർത്തി. പാക്ക് സ്പിന്നർമാരെ സ്ലോഗ് സ്വീപ്പുകളിലൂടെ ബൗണ്ടറി കടത്തിയ താരം, പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ 52ൽ എത്തിച്ചു. 27 പന്തിൽ 50 തികച്ച ഇഷാൻ, വൈകാതെ ആക്രമണം കൂടുതൽ കടുപ്പിച്ചു. 9–ാം ഓവറിൽ ഇഷാൻ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 88ൽ എത്തിയിരുന്നു. 40 പന്തിൽ 10 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്.

ishan-tilak

ഇഷാൻ കിഷനും തിലക് വർമയും ബാറ്റിങ്ങിനിടെ

ഇഷാൻ പുറത്തായതിനു പിന്നാലെ പതറിയ ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കിയത് പാക്ക് സ്പിന്നർ സയിം അയൂബിന്റെ അവസാന ഓവറാണ്. തിലക് വർമ (24 പന്തിൽ 25), ഹാർദിക് പാണ്ഡ്യ (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ അയൂബും സൂര്യകുമാർ യാദവിനെ (29 പന്തിൽ 32) വീഴ്ത്തിയ ഉസ്മാൻ താരിഖും ചേർന്നു റൺനിരക്ക് പിടിച്ചുനിർത്തി.

ഒരു ഘട്ടത്തിൽ 150 കടക്കില്ലെന്നു തോന്നിച്ച ഇന്ത്യൻ ടോട്ടൽ 175ൽ എത്തിച്ചത് ശിവം ദുബെയുടെ പോരാട്ടമായിരുന്നു. 17 പന്തിൽ ഒരു സിക്സും 3 ഫോറുമടക്കം 27 റൺസ് നേടിയ ദുബെയും 4 പന്തിൽ പുറത്താകാതെ 11 റൺസ് നേടിയ റിങ്കു സിങ്ങും അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് ഇന്ത്യയെ മികച്ച ടോട്ടലിൽ എത്തിച്ചു.

മിസ് മാച്ച്

പാക്ക് പേസർ ഷഹീൻ അഫ്രീദി എറിഞ്ഞ 2 ഓവറുകളായിരുന്നു മത്സരം പാക്കിസ്ഥാന്റെ കയ്യിൽനിന്ന് തട്ടിയകറ്റിയത്. രണ്ടാം ഓവറും 20–ാം ഓവറുമാണ് ഷഹീൻ എറിഞ്ഞത്. 2 ഓവറിലുമായി 31 റൺസ് വിട്ടുനൽകിയ ഇടംകൈ പേസർക്ക് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. മറുവശത്ത് 6 പാക്ക് സ്പിന്നർമാർ കൂടി 18 ഓവറിൽ നൽകിയത് 144 റൺസ് മാത്രം. വീഴ്ത്തിയത് 5 വിക്കറ്റും. പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് നല്ല ആനുകൂല്യം ലഭിച്ചിട്ടും, ലെഗ് സ്പിന്നർ ഷദാബ് ഖാന് 3 ഓവർ ബാക്കിയുണ്ടായിട്ടും, മീഡിയം പേസർ ഫഹീം അഷ്റഫിന്റെ സേവനം ലഭ്യമായിരുന്നിട്ടും ഷഹീനിൽത്തന്നെ വിശ്വാസമർപ്പിക്കാൻ ക്യാപ്റ്റൻ സൽമാൻ ആഗ കാട്ടിയ ‘ധൈര്യമാണ്’ മത്സരത്തിലെ പ്രധാന വഴിത്തിരിവുകളിലൊന്ന്. 

English Summary:

India secured their spot successful the Super 8 circular of the T20 World Cup with a ascendant 61-run triumph implicit Pakistan. Ishan Kishan's explosive half-century provided a beardown instauration for India's commanding performance, with Jasprit Bumrah's aboriginal wickets dismantling Pakistan's chase.

Read Entire Article