Published: May 24, 2026 05:50 PM IST Updated: May 24, 2026 08:05 PM IST
2 minute Read
മുംബൈ ∙ ജയിക്കും ജയിക്കും എന്ന് ഇടയ്ക്കിടയ്ക്ക് തോന്നിപ്പിക്കും, പക്ഷേ തോൽക്കും; സീസസണിലുടനീളമുണ്ടായിരുന്ന മുംബൈ ഇന്ത്യൻസിന്റെ ഈ ‘സ്വഭാവ’ത്തിന് അവസാന മത്സരത്തിലും മാറ്റമുണ്ടായില്ല. രാജസ്ഥാൻ റോയൽസിനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ 30 റൺസിനാണ് മുംബൈയുടെ തോൽവി. ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നു. ഇതോടെ പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾ പുറത്തായി. 27ന് നടക്കുന്ന എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ.
വാങ്കഡേ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്കു മുന്നിൽ നടന്ന മത്സരത്തിൽ, രാജസ്ഥാൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസിൽ അവസാനിക്കുകയായിരുന്നു. സീസണിലെ രണ്ടാം അർധസെഞ്ചറി നേടിയ സൂര്യകുമാർ യാദവ് (42 പന്തിൽ 60), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (15 പന്തിൽ 34), വിൽ ജാക്സ് (18 പന്തിൽ 33) എന്നിവർ മുംബൈയ്ക്കു വേണ്ടി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസർ ജോഫ്ര ആർച്ചറാണ് മുംബൈ ഇന്നിങ്സിനെ തകർത്തത്. നാന്ദ്രെ ബർഗർ, യഷ് രാജ് പുഞ്ച എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, വൻ തകർച്ചയാണ് മുംബൈ തുടക്കത്തിൽ നേരിട്ടത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ രോഹിത് ശർമ ‘സൂപൂജ്യനായി’ മടങ്ങി. ജോഫ്ര ആർച്ചറാണ് ‘ഇംപാക്ട് പ്ലെയർ’ ആയി ഇറങ്ങിയ താരത്തെ കീപ്പർ ധ്രുവ് ജുറേലിന്റ കൈകളിൽ എത്തിച്ചത്. പവർപ്ലേയിൽ തന്നെ മൂന്നു വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടതോടെ ആറ് ഓവർ കഴിഞ്ഞപ്പോൾ നാലിന് 49 എന്ന നിലയിലായിരുന്നു മുംബൈ. റയാൻ റിക്കൽട്ടൻ (7 പന്തിൽ 12), നമൻ ധീർ (5 പന്തിൽ 6), തിലക് വർമ (7 പന്തിൽ 3) എന്നിവരാണ് വന്നപോലെ മടങ്ങിയത്. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ്– വിൽ ജാക്സ് സഖ്യമാണ് മുംബൈയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തു.
12–ാം ഓവറിൽ വിൽ ജാക്സിനെ മടക്കി യഷ് രാജ് പുഞ്ചയാണ് കൂട്ടുകെട്ട് തകർത്തത്. പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യയും സൂര്യകുമാറിന് ഉറച്ച പിന്തുണ നൽകിയതോടെ മുംബൈയ്ക്ക് ചെറിയ വിജയപ്രതീക്ഷയായി. എന്നാൽ ഇരുവരും ബൗണ്ടറികൾ കണ്ടെത്താൻ വിഷമിച്ചതോടെ റൺനിരക്ക് കാര്യമായി ഉയർന്നില്ല. 16–ാം ഓവറിൽ ഹാർദിക്കിനെ വീഴ്ത്തി ആർച്ചർ മുംബൈയുടെ പ്രതീക്ഷകൾ പൂർണമായും തല്ലിക്കെടുത്തി. 18–ാം ഓവറിൽ സൂര്യകുമാർ യാദവ് കൂടി പുറത്തായതോടെ മുംബൈ തോൽവി സമ്മതിച്ചു. ഷാർദുൽ ഠാക്കൂർ (11 പന്തിൽ 10*), ഗസൻഫർ (3 പന്തിൽ 2*) എന്നിവർ പുറത്താകാതെ നിന്നു.
∙ ഫിഫ്റ്റിയില്ലാതെ 200+ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. ഒരാൾ പോലും അർധസെഞ്ചറി തികയ്ക്കാതെയാണ് രാജസ്ഥാൻ 200+ ടോട്ടൽ കണ്ടെത്തിയത്. ധ്രുവ് ജുറേൽ (26 പന്തിൽ 38) ആണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (15 പന്തിൽ 32), ദസുൻ ശനക (15 പന്തിൽ 29), യശസ്വി ജയ്‍സ്വാൾ (17 പന്തിൽ 27), രവീന്ദ്ര ജഡേജ (11 പന്തിൽ 19) എന്നിവരും സംഭാവനകൾ നൽകി.
ഓപ്പണർ വൈഭവ് സൂര്യവംശി 4 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ റിയാൻ പരാഗ് 14 റൺസടുത്തു. മുംബൈയ്ക്കായി ദീപക് ചാഹർ, ഷാർദുൽ ഠാക്കൂർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ വിൽ ജാക്സ്, ഗസൻഫർ, കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
English Summary:







English (US) ·