മുഹമ്മദ് സലായുടെ സൈന്യം വരുന്നു, ഈജിപ്ത് ടീമിൽ ബാർസയിൽ കളിക്കുന്ന ഭാവി താരവും

1 day ago 1

മനോരമ ലേഖകൻ

Published: May 31, 2026 01:33 PM IST

1 minute Read

mohammed-salah-1
മുഹമ്മദ് സലാ

കയ്റോ ∙ അദ്ഭുതങ്ങൾ ഒന്നും ഉണ്ടായില്ല, ലോകകപ്പ് കിരീടം തേടി ഈജിപ്തിൽ നിന്നു പുറപ്പെടുന്ന സൈന്യത്തിന് നേതൃത്വം നൽകുന്നത് ഈജിപ്ഷ്യൻ രാജാവായ മുഹമ്മദ് സലാ തന്നെ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ലിവർപൂളിൽനിന്നു വിടപറയാനൊരുങ്ങുന്ന സൂപ്പർ താരം സലായെ ഉൾപ്പെടുത്തി ഈജിപ്ത് പരിശീലകൻ ഹൊസം ഹസ്സൻ ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു.

മുപ്പത്തിമൂന്നാം വയസ്സിലും ഈജിപ്തിനെ മുന്നിൽനിന്നു നയിക്കാൻ സലായെന്ന ലോകോത്തര താരത്തിനു മാത്രമേ കഴിയൂ എന്ന് പരിശീലകൻ അടിവരയിട്ടു. ലിവർപൂളിനായി ഈ സീസണിൽ 12 ഗോളുകൾ നേടിയ സലാ ടീം വിടുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സലായ്ക്ക് ശേഷം ഈജിപ്ഷ്യൻ ഫുട്ബോളിനെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്താൻ ശേഷിയുള്ള കൗമാരതാരമായി വിലയിരുത്തപ്പെടുന്ന ഹംസ അബ്ദെൽ കരീമും സ്ക്വാഡിൽ സ്ഥാനം പിടിച്ചു. ഈജിപ്ഷ്യൻ ക്ലബ്ബായ അൽ അഹ്‌ലിയുടെ താരമായ ഹംസ, കരാറടിസ്ഥാനത്തിൽ സ്പാനിഷ് വമ്പന്മാരായ ബാർസിലോനയുടെ യൂത്ത് ടീമിലാണ് ഇപ്പോൾ കളിക്കുന്നത്.

സലായ്ക്കും ഹംസയ്ക്കും ഒപ്പം മാഞ്ചസറ്റർ സിറ്റി താരം ഒമർ മർമൂഷും 26 അംഗ സ്ക്വാഡിലുണ്ട്. പെപ് ഗ്വാർഡിയോളയുടെ കീഴിൽ ഈ സീസണിൽ 36 മത്സരങ്ങളിൽ സിറ്റിക്കായി ബൂട്ടുകെട്ടിയ താരം 8 ഗോളുകളും നേടിയിരുന്നു. ഈജിപ്തിന്റെ ആക്രമണത്തിൽ ഈ മൂന്ന് താരങ്ങളും നിർണായകമാകും. ശക്തരായ ബൽജിയവും ഇറാനും ന്യൂസീലൻഡും ഉൾപ്പെട്ട ഗ്രൂപ്പ് ജിയിലാണ് ഈജിപ്തിന്റെ സ്ഥാനം. അടുത്ത മാസം 15ന് ബൽജിയവുമാണ് ഈജിപ്തിന്റെ ആദ്യ ലോകകപ്പ് ഗ്രൂപ്പ് പോരാട്ടം.

English Summary:

Mohamed Salah to Captain Egypt's World Cup Campaign

Read Entire Article