Published: June 16, 2026 01:49 AM IST Updated: June 16, 2026 02:59 AM IST
1 minute Read
സിയാറ്റിൽ ∙ ആദ്യ പകുതിയിൽ പിന്നിട്ടുനിന്ന ശേഷം ഈജിപ്ത് പ്രതിരോധ താരത്തിന്റെ സെൽഫ് ഗോളിൽ സമനില പിടിച്ച് ബൽജിയം (1–1). ഇമാം അഷൂറാണ് ഈജിപ്ത്തിന്റെ ഗോൾ നേടിയത്. 66 ാം മിനിറ്റിൽ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളാണ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം ഈജിപ്ത്തിന് നിഷേധിച്ചത്. ഇതോടെ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ജിയിൽ ബൽജിയവും ഈജിപ്ത്തും ഓരോ പോയിന്റ് പങ്കിട്ടു.
What you should work next
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ കളി നിയന്ത്രിച്ചത് ബൽജിയം ആണെങ്കിലും സ്കോർ ബോർഡ് തുറന്നത് ഈജിപ്താണ്. 19 ാം മിനിറ്റിൽ തുറന്നു കിട്ടിയ അവസരത്തിൽ ഈജിപ്ത്, എതിർ ഗോൾമുഖത്തേക്ക് കടന്നുകയറി നടത്തിയ നീക്കങ്ങൾക്കൊടുവിൽ ക്യാപ്റ്റൻ മുഹമ്മദ് സലായുടെ അസിസ്റ്റിൽ പന്ത് സ്വീകരിച്ച മിഡ് ഫീൽഡർ ഇമാം അഷൂർ ബോക്സിനു പുറത്തു നിന്ന് പായിച്ച ഷോട്ട് ബൽജിയം പ്രതിരോധം ഭേദിച്ച് ഗോൾവലയുടെ വലത്തേയറ്റത്ത് പറന്നിറങ്ങുകയായിരുന്നു (ഈജിപ്ത് – 1, ബൽജിയം – 0).
ലീഡ് നേടിയ ആത്മവിശ്വാസത്തിൽ ഈജിപ്ത് ആക്രമണം കടുപ്പിച്ചു. തുടരെ എതിർ ഗോൾമുഖത്ത് റെയ്ഡ് നടത്തിയ ഈജിപ്ത് താരങ്ങൾ ബൽജിയം പ്രതിരോധ നിരയെ സമ്മർദത്തിലാക്കി. 33 ാം മിനിറ്റിൽ ഈജിപ്ത് മിഡ്ഫീൽഡർ മുസ്തഫാ സിക്കോയുടെ താഴ്ന്നു പറന്ന ഷോട്ട് ഗോൾ കീപ്പർ തിബോ കുർട്ടോയിസിനെ മറികടന്ന് പോസ്റ്റിനു പുറത്തേക്ക്. ആദ്യ പകുതിയുടെ അധികസമയത്ത് ഒമർ മാർമുഷ് ഇടതുവശത്തുനിന്ന് അകത്തേക്ക് കടന്ന് ഉതിർത്ത ഷോട്ട് ബൽജിയം ഗോൾ കീപ്പർ തിബോ കുർട്ടോയിസ് തട്ടിയകറ്റി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇമാം അഷൂറിന്റെ ഗോളിൽ ഈജിപ്ത് മുന്നിട്ടുനിന്നു.
What you should work next
നാലാം ലോകകപ്പ് കളിക്കുന്ന ഈജിപ്ത് (1934, 1990, 2018, 2026) ചരിത്രത്തിലാദ്യമായാണ് ഒരു മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ലീഡ് നിലനിർത്തുന്നത്. ലോകകപ്പിലെ ഒരു മത്സരത്തിൽ ഈജിപ്ത് മുന്നിലെത്തുന്നത് ഇത് രണ്ടാം തവണയാണ്. അവസാനം പങ്കെടുത്ത 2018 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ മുഹമ്മദ് സലായുടെ ഗോളിൽ സൗദി അറേബ്യയ്‌ക്കെതിരെ മുന്നിലെത്തിയ ഈജിപ്ത്, ആദ്യ പകുതിയുടെ അധിക സമയത്ത് സമനില വഴങ്ങുകയും ഒടുവിൽ മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽക്കുകയുമായിരുന്നു.
രണ്ടാം പകുതിയിലെ 53 ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്‌ന്റെ ഫ്രീ കിക്ക് ഈജിപ്ത് പോസ്റ്റിന്റെ വലത്തേയറ്റത്ത് തട്ടിത്തെറിച്ചു. 55 ാം മിനിറ്റിൽ മുഹമ്മദ് സലായുടെ ഹെഡർ ബൽജിയം ഗോൾ കീപ്പർ തിബോ കുർട്ടോയിസ് തട്ടിയകറ്റി. റീബൗണ്ട് ലഭിച്ച പന്ത് ഇമാം അഷൂർ പോസ്റ്റിലേക്ക് പായിച്ചെങ്കിലും വലയിലെത്തിക്കാനായില്ല. 66 ാം മിനിറ്റിൽ റൊമേലു ലുക്കാകു കളത്തിലിറങ്ങി സെക്കൻഡുകൾക്കുള്ളിൽ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളിൽ ബൽജിയം സമനില പിടിച്ചു. എതിർഗോൾമുഖത്തേക്ക് ഓടിക്കയറിയ ലുക്കാകുവിന് നൽകിയ പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ ഈജിപ്ത് പ്രതിരോധ താരം മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി ഗോൾവലയിലെത്തുകയായിരുന്നു. (ഈജിപ്ത് – 1, ബൽജിയം – 1). അവസാന മിനിറ്റുകളിൽ ഇരുടീമുകളും എതിർഗോൾ മുഖത്ത് തുടരെ ആക്രമണം നടത്തിയെങ്കിലും വിജയഗോൾ നേടാനായില്ല.
English Summary:







English (US) ·