Published: June 30, 2026 01:58 AM IST Updated: June 30, 2026 05:48 AM IST
2 minute Read
ബോസ്റ്റൺ ∙ നിശ്ചിത സമയത്തും എക്ട്രാ ടൈമിലും തുല്യത പാലിച്ച മുൻ ലോകചാംപ്യന്മാരായ ജർമനിയെ (1–1) പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് പാരഗ്വായ് (3-4) പ്രീക്വാർട്ടറിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത ജർമൻ സ്ട്രൈക്കർ കായ് ഹാവേർട്സിന്റെ ഷോട്ട് പാരഗ്വായ് ഗോൾ കീപ്പർ ഓർലാൻഡോ ഗിൽ തടുത്തു. (ജർമനി – പാരഗ്വായ്: 0-0) പാരഗ്വായ്‌യുടെ ആദ്യ കിക്ക് മൗറിസിയോ വലയിലെത്തിച്ചു. (ജർമനി – പാരഗ്വായ്: 0-1). തുടർന്ന് ജർമൻ താരം ജോഷ്വ കിമ്മിച്ചും പന്ത് പോസ്റ്റിനുള്ളിലെത്തിച്ചു. (ജർമനി – പാരഗ്വായ്: 1-1). ഗുസ്താവോ ഗോമസ് ഗോൾ നേടിയതോടെ പാരഗ്വായ് ലീഡ് പിടിച്ചു. (ജർമനി – പാരഗ്വായ്: 1-2). ജമാൽ മ്യൂസിയാലയുടെ കിക്കിൽ ജർമനി വീണ്ടും ഒപ്പമെത്തി. (ജർമനി – പാരഗ്വായ്: 2-2). അടുത്ത കിക്കെടുത്ത മത്തിയാസ് ഗലാർസ വീണ്ടും പാരഗ്വായ്‌യെ മുന്നിലെത്തിച്ചു (ജർമനി – പാരഗ്വായ്: 2-3). പിന്നലെ ജർമൻ താരം നിക്ക് വോൾട്ട്മേഡിന്റെ കിക്ക് ഗോൾ കീപ്പർ തടുത്തു. (ജർമനി – പാരഗ്വായ്: 2-3). പാരഗ്വായ് താരം അന്റോണിയോ സനാബ്രിയയുടെ കിക്ക് ജർമൻ ഗോൾ കീപ്പർ മാനുവൽ നോയർ തട്ടിയകറ്റി (ജർമനി – പാരഗ്വായ്: 2-3). നാദിയെം അമിരിയുടെ ഗോളിൽ ജർമനി വീണ്ടും ഒപ്പം. (ജർമനി – പാരഗ്വായ്: 3-3). പാരഗ്വായ് താരം ഫാബിയൻ ബാൽബ്യൂണയുടെ ഷോട്ട് ഗോൾ കീപ്പർ മാനുവൽ നോയർ തടുത്തു (ജർമനി – പാരഗ്വായ്: 3-3). നിർണായക കിക്ക് എടുത്ത ജോനാഥൻ തായുടെ ഷോട്ട് ഗോൾവലയ്ക്കു മുകളിലൂടെ പുറത്തേക്ക് (ജർമനി – പാരഗ്വായ്: 3-3). പിന്നാലെ ഹോസെ കനാലെയുടെ വിജയഗോൾ (ജർമനി – പാരഗ്വായ്: 3-4). ഇതോടെ മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ നിന്ന് നോക്കൗട്ട് ഉറപ്പിച്ച എട്ടു ടീമുകളിൽ ഏഴാമതായിരുന്ന പാരഗ്വായ് നാലു തവണ ലോകചാംപ്യന്മാരായ ജർമനിയെ അട്ടിമറിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. തോൽവിയോടെ ജർമനി ലോകകപ്പിൽ നിന്നു പുറത്തായി. ലോകകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇത് ആദ്യമായിട്ടാണ് ജർമനി തോൽക്കുന്നത്.
What you should work next
നേരത്തെ, 42 ാം മിനിറ്റിൽ ജൂലിയോ എൻസിസോയാണ് പാരഗ്വായ്‌യുടെ ആദ്യ ഗോൾ നേടിയത്. ലോകകപ്പിലെ ഒരു നോക്കൗട്ട് മത്സരത്തിൽ പാരഗ്വായ്‌യുടെ ആദ്യ ഗോളാണിത്. 54 ാം മിനിറ്റിലെ ഗോളിൽ സ്ട്രൈക്കർ കായ് ഹാവേർട്സാണ് ജർമനിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും സമനില ഭേദിക്കാനാകാത്തതിനെ തുടർന്ന് മത്സരം എക്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു.
പാരഗ്വായ്‌യുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. 21 ാം സെക്കൻഡിൽ പാരഗ്വായ്‌ക്ക് ലഭിച്ച ആദ്യ കോർണറിൽ ജൂലിയോ എൻസിസോ ഉയർത്തിയടിച്ച പന്ത് അലോൺസോയുടെ കാലുകളിലേക്ക് എത്തിയെങ്കിലും പോസ്റ്റിലേക്ക് തട്ടിയിടാനുള്ള ശ്രമത്തിനിടെ ലക്ഷ്യംതെറ്റി. 6 ാം മിനിറ്റിൽ പാരഗ്വായ് പോസ്റ്റിനു മുന്നിൽ നിന്ന് ഡെനിസ് ഉൻഡാവ് ഉയർത്തിയടിച്ച് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. പിന്നീട് പാരഗ്വായ്‌യുടെ പാതിയിലായിരുന്നു ഏറെ സമയം പന്ത് ചലിച്ചതെങ്കിലും പോസ്റ്റു ലക്ഷ്യമാക്കിയുള്ള ഷോട്ടുകൾ വിരളമായിരുന്നു. മുന്നേറ്റനീക്കങ്ങൾ നടത്തുമ്പോഴും ഗോൾ വഴങ്ങാതിരിക്കുന്നതിനാണ് ഇരുടീമുകളും മുൻതൂക്കം നൽകിയത്.
ഒടുവിൽ 42 ാം മിനിറ്റിൽ ജർമൻ പ്രതിരോധം ഭേദിച്ച് ജൂലിയോ എൻസിസോ പാരഗ്വായ്‌ക്ക് ലീഡ് നേടിക്കൊടുത്തു. വലതുവിങ്ങിലെ മികച്ച നീക്കങ്ങൾക്കൊടുവിൽ അൽമിറോൺ ബോക്സിലേക്ക് അതിശക്തമായി പായിച്ച പന്ത് ജൂലിയോ എൻസിസോ എട്ട് യാർഡ് അകലെ നിന്ന് ഹെഡ് ചെയ്ത് വല കുലുക്കിയപ്പോൾ ജർമൻ ഗോൾ കീപ്പർ മാനുവൽ നോയറിന് നോക്കി നിൽക്കാനെയായുള്ളു. മന്ദഗതിയിൽ കളിച്ച ജർമനിക്ക് അതിന്റെ വില നൽകേണ്ടി വരികയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഓൺടാർജറ്റ് ഷോട്ടുകൾ പാരഗ്വായ് തൊടുത്തപ്പോൾ മുൻ ലോകചാംപ്യന്മാരുടെ ഓൺടാർജറ്റ് ഷോട്ടുകൾ പൂജ്യമായിരുന്നു. പോസ്റ്റ് ലക്ഷ്യമാക്കി ജർമനി 5 ഷോട്ടുകൾ പായിച്ചപ്പോൾ പാരഗ്വായ് 3 ഷോട്ടുകൾ മാത്രമാണ് പായിച്ചത്. 354 പാസുകളാണ് ജർമനി ആദ്യ പകുതിയിൽ നടത്തിയതെങ്കിൽ പാരഗ്വായ്‌യുടെ പാസുകൾ 89 ൽ ഒതുങ്ങി.
രണ്ടാം പകുതിയിൽ പാരഗ്വായ്‌യുടെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. 50 ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നുള്ള ജൂലിയോ എൻസിസോയുടെ ഗോൾശ്രമം ജർമൻ ഗോൾ കീപ്പർ മാനുവൽ നോയർ തടുത്തു. പിന്നാലെ മത്സരത്തിലെ ജർമനിയുടെ ആദ്യ ഓൺടാർജറ്റ് ഷോട്ട് വലയിലെത്തിച്ച് കായ് ഹാവേർട്സ് ജർമനിയ്‌ക്ക് സമനില സമ്മാനിച്ചു. ബോക്സിനു പുറത്തു നിന്ന് ഫ്ലോറിയൻ വിർട്സിന്റെ ലോങ് റേഞ്ചർ കൃത്യമായി ബോക്സിനുള്ളിൽ നിന്ന കായ് ഹാവേർട്സിന്റെ തലയിലേക്ക്. കാത്തുനിന്ന ഹാവേർട്സ് പന്ത് വലയിലേക്ക് തട്ടിയിട്ടു. 78 ാം മിനിറ്റിൽ ബോക്സിൽ നിന്ന് ഹെഡറുമായി കായ് ഹാവേർട്സ് വീണ്ടും ഗോൾ കീപ്പർ ഓർലാൻഡോ ഗില്ലിനെ പരീക്ഷിച്ചെങ്കിലും തട്ടിയകറ്റി. മത്സരത്തിന്റെ അധിക സമയത്ത് കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് ജോനാഥൻ താ പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും ഗോൾ കീപ്പറെ മറികടക്കാനായില്ല.
എക്ട്രാ ടൈമിൽ ജർമനി കളി നിയന്ത്രിക്കുന്നതാണ് കണ്ടത്. നിരന്തരം അവസരങ്ങൾ സൃഷ്ടിച്ച ജർമനിക്ക് 102 ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നു ലഭിച്ച പന്ത് ജോനാഥൻ താ വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി ഫൗൾ വിളിച്ചു. എക്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ ലഭിച്ച കോർണർ കിക്കിൽ ലഭിച്ച പന്ത് വാൾഡെമാർ ആന്റൺ വലയിലേക്ക് ഹെഡ് ചെയ്തെങ്കിലും ഗോൾ കീപ്പറുടെ കൈകളിലൊതുങ്ങി.
English Summary:





English (US) ·