അഹമ്മദാബാദ്∙ ഈ ഫൈനൽ ജയിപ്പിച്ച് വിജയമാഘോഷിക്കാൻ കോലിയെക്കാളും അർഹതയുള്ള മറ്റൊരാളുണ്ടോ? സംശയമാണ്. 37–ാം വയസ്സിലും ഐപിഎലിലെ കൗമാര താരങ്ങളെ വിറപ്പിച്ച വെറ്ററൻ സൂപ്പർ താരം ഒടുവിൽ രണ്ടാം കിരീടവും പൊരുതി നേടി. അംപയർ അനന്തപദ്മനാഭനടക്കം ഔട്ടെന്ന് വിധിച്ചിടത്തുനിന്ന് അപ്പീൽ പോയി തിരിച്ചെത്തിയ കോലി കാത്തിരുന്നത് ഈയൊരു നിമിഷത്തിനാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അർഷദ് ഖാനെ സിക്സർ തൂക്കി വീണ്ടുമൊരു വിജയാഘോഷം. ആർസിബിക്ക് കാത്തിരുന്ന രണ്ടാം കിരീടം. ഇരു ടീമുകളുടേയും ബോളർമാർ നിന്നുപൊരുതിയ ഐപിഎൽ കലാശപ്പോരിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് വിജയം.
ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 18 ഓവറിൽ അഞ്ചു വിക്കറ്റു നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. അർധ സെഞ്ചറി നേടിയ വിരാട് കോലി, അർഷദ് ഖാന്റെ 18–ാം ഓവറിലെ അവസാന രണ്ടു പന്തുകൾ സിക്സും ഫോറും പായിച്ചാണ് ആർസിബിയുടെ വിജയമാഘോഷിച്ചത്. 42 പന്തുകൾ നേരിട്ട കോലി 75 റൺസുമായി പുറത്താകാതെനിന്നു. മൂന്നു സിക്സുകളും ഒന്‍പതു ഫോറുകളുമാണ് കോലി ഫൈനലിൽ ബൗണ്ടറി കടത്തിയത്.
വെങ്കടേഷ് അയ്യർ (16 പന്തിൽ 32), ടിം ഡേവിഡ് (17 പന്തിൽ 24) എന്നിവരും ആർസിബിക്കായി തിളങ്ങി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ വെങ്കിടേഷ് അയ്യരും കോലിയും ചേർന്ന് 62 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ആർസിബിക്കു സമ്മാനിച്ചത്. 16 പന്തുകള്‍ മാത്രം നേരിട്ട വെങ്കടേഷ് അയ്യർ രണ്ടു സിക്സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തി പവര്‍പ്ലേയിൽ കരുത്തുകാണിച്ചു. മുഹമ്മദ് സിറാജിന്റെ അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ കഗിസോ റബാദ ക്യാച്ചെടുത്താണ് അയ്യരെ പുറത്താക്കിയത്. തൊട്ടുപിന്നാലെ റബാദയുടെ പന്തിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ മടങ്ങിയത് ആർസിബിക്കു ഞെട്ടലായി. സ്കോർ 100 പിന്നിടും മുന്‍പ് ക്യാപ്റ്റൻ രജത് പാട്ടീദാറും ക്രുനാൽ പാണ്ഡ്യയും റാഷിദ് ഖാന്റെ ഒൻപതാം ഓവറിൽ വീണതോടെ ആർസിബി പ്രതിരോധത്തിലായി. 9.5 ഓവറിലാണ് ആർസിബി 100 കടന്നത്. മത്സരത്തിൽ അർഷദ് ഖാന്റെ രണ്ടാം പന്ത് ബൗണ്ടറി കടത്തി കോലി 50 തികച്ചു.
25 പന്തുകളിൽനിന്നാണ് കോലി അർധ സെഞ്ചറി നേടിയത്. ഐപിഎലിൽ കോലിയുടെ വേഗതയേറിയ അർധ സെഞ്ചറിയാണിത്. ഒരു സിക്സും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ ടിം ഡേവിഡ് കോലിക്കൊപ്പം ചേർന്ന് കളി ജയിപ്പിക്കുമെന്നു തോന്നിയെങ്കിലും, അർഷദ് ഖാന്റെ 14–ാം ഓവറിൽ ഗുജറാത്ത് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ ക്യാച്ചെടുത്തു പുറത്താക്കി. അർഷദ് ഖാന്റെ 16–ാം ഓവറിലെ അവസാന പന്തിൽ ഗില്ലിന്റെ തകർപ്പൻ ക്യാച്ചിൽ കോലിക്കെതിരെ അംപയർമാർ ഔട്ട് അനുവദിച്ചിരുന്നു. എന്നാൽ അംപയർമാരുടെ തീരുമാനത്തെ എതിർത്ത കോലി, റിവ്യു എടുത്ത് ‘നോട്ട് ഔട്ട്’ വിധി നേടിയെടുത്തു. 11 റൺസെടുത്ത ജിതേഷ് ശർമ ശക്തമായ പിന്തുണ നൽകി നിലയുറപ്പിച്ചപ്പോൾ, രണ്ട് ഓവറുകൾ ബാക്കി നിൽക്കെ കോലി കളി തീർത്തു. ഗ്രൗണ്ടിൽ ആർസിബി താരങ്ങളുടെ ആഘോഷ നിമിഷങ്ങൾ. ഹോം ഗ്രൗണ്ടിൽ ക്യാപ്റ്റൻ ഗില്ലിനും ടൈറ്റൻസിനും തോൽവിയുടെ കണ്ണുനീർ.
പൊരുതിനിന്നത് വാഷിങ്ടൻ മാത്രം, കഷ്ടിച്ച് 150 കടന്ന് ഗുജറാത്ത്
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. അർധ സെഞ്ചറി നേടിയ വാഷിങ്ടന്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. 37 പന്തുകൾ നേരിട്ട വാഷിങ്ടൻ 50 റൺസുമായി പുറത്താകാതെനിന്നു. നിഷാന്ത് സിദ്ദു (18 പന്തിൽ 20), ജോസ് ബട്‌ലർ (23 പന്തിൽ 19) എന്നിവരാണ് ഗുജറാത്തിനായി കുറച്ചെങ്കിലും പിടിച്ചുനിന്നത്.
പവർപ്ലേയില്‍ 45 റൺസെടുക്കുന്നതിനിടെ ഗുജറാത്തിന് രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. പവർപ്ലേയിലെ ക്ഷീണം മത്സരത്തിലുടനീളം ഗുജറാത്തിനെ വേട്ടയാടി. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ആർസിബി ക്യാപ്റ്റൻ രജത് പാട്ടീദാർ ക്യാച്ചെടുത്താണ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (10 റൺസ്) പുറത്താക്കിയത്. ഗില്ലിന്റെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയ പന്ത്, മിഡ് ഓഫിൽനിന്ന് ഓടിയെത്തിയാണ് തകർപ്പൻ ഫീൽഡിങ്ങിലൂടെ പാട്ടീദാർ കൈക്കലാക്കിയത്. സായ് സുദർശനെ (12) ഭുവനേശ്വർ കുമാർ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു. റാസിഖ് സലാമിന്റെ എട്ടാം ഓവറിലെ ആറാം പന്തിൽ നിഷാന്ത് സിദ്ദുവും മടങ്ങി.
സ്കോർ 73 ൽ നിൽക്കെ ജോസ് ബട്‍ലറെ ആർസിബി വിക്കറ്റ് കീപ്പർ ജിതേഷ് ശർമ സ്റ്റംപ് ചെയ്തു പുറത്താക്കി. പിന്നാലെ ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ അർഷദ്ഖാനും വീണു. 14.2 ഓവറിലാണ് ഗുജറാത്ത് 100 പിന്നിട്ടത്. രാഹുൽ തെവാത്തിയ (ഏഴ്) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. പുറത്താകാതെനിന്ന വാഷിങ്ടൻ സുന്ദറാണ് ഗുജറാത്തിനെ 150 കടത്തിയത്. റാസിഖ് സലാം എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്തിൽ സിക്സർ തൂക്കിയ റാഷിദ് ഖാൻ, തൊട്ടുപിന്നാലെ റൊമാരിയോ ഷെഫേർഡ് ക്യാച്ചെടുത്തു പുറത്തായി. ആർസിബിക്കായി റാസിഖ് സലാം മൂന്നും ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
∙ പ്ലേയിങ് ഇലവൻ
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ദേവദത്ത് പടിക്കൽ, രജത് പാട്ടിദാർ(ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹെയ്സൽവുഡ്, റാസിഖ് സലാം ദർ
ഗുജറാത്ത് ടൈറ്റൻസ്: സായ് സുദർശൻ, ശുഭ്മൻ ഗിൽ(ക്യാപ്റ്റൻ), ജോസ് ബട്‌ലർ(വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, രാഹുൽ തെവാത്തിയ, നിഷാന്ത് സിന്ധു, ജെയ്സൻ ഹോൾഡർ, റാഷിദ് ഖാൻ, കഗീസോ റബാദ, അർഷാദ് ഖാൻ, മുഹമ്മദ് സിറാജ്
English Summary:







English (US) ·