രാജസ്ഥാന്‍ കുഴങ്ങിയ പിച്ചിൽ ഗുജറാത്തിന്റെ തൂക്കിയടി, ക്യാപ്റ്റൻ ഗില്ലിന് സെഞ്ചറി, ഏഴു വിക്കറ്റ് വിജയവുമായി ഫൈനലിൽ

3 days ago 2

ഓൺലൈൻ ഡെസ്ക്

Published: May 29, 2026 09:36 PM IST Updated: May 29, 2026 11:42 PM IST

2 minute Read

CRICKET-IND-IPL-T20-RAJASTHAN-GUJARAT
ശുഭ്മൻ ഗില്ലും സായ് സുദർശനും ബാറ്റിങ്ങിനിടെ. Photo: PUNIT PARANJPE / AFP

ന്യൂചണ്ഡീഗഡ്∙ ജയിക്കുന്നെങ്കിൽ ഇങ്ങനെ ജയിക്കണം! രാജസ്ഥാൻ റോയൽസ് കഷ്ടപ്പെട്ട് പടുത്തുയർത്തിയ വിജയ ലക്ഷ്യം അനായാസം കീഴടക്കി ഗുജറാത്ത് ടൈറ്റൻസ് ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ. ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഗുജറാത്ത്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഒന്നാം ക്വാളിഫയറിൽ ആര്‍സിബിയോടു തോറ്റ ഗുജറാത്താണ്, എലിമിനേറ്റർ ജയിച്ചെത്തിയ രാജസ്ഥാനെ വീഴ്ത്തി ഫൈനലുറപ്പിച്ചത്. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യത്തിലേക്ക്, 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് എത്തി. ഏഴു വിക്കറ്റ് വിജയത്തോടെ ഹോം ഗ്രൗണ്ടിൽ ഫൈനൽ കളിക്കാനിറങ്ങാം.

സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് രണ്ടാം ക്വാളിഫയറിൽ ടൈറ്റൻ‌സിനെ മുന്നിൽനിന്നു നയിച്ചത്. 53 പന്തുകളിൽ 104 റൺസ് നേടിയ ഗിൽ ബൗണ്ടറി കടത്തിയത് മൂന്നു സിക്സുകളും 15 ഫോറുകളും. ഓപ്പണർ സായ് സുദർശൻ അർധ സെഞ്ചറിയും (32 പന്തിൽ 58) സ്വന്തമാക്കി. ഓപ്പണിങ് വിക്കറ്റിൽ 167 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് ഗില്ലും സായ് സുദർശനും ചേർന്ന് പടുത്തുയർത്തിയത്. പവർപ്ലേയിൽ വിക്കറ്റു പോകാതെ 69 റൺസടിച്ച ഗുജറാത്ത്, 8.4 ഓവറിൽ 100 കടന്നു. ബ്രിജേഷ് ശർമയുടെ 13–ാം ഓവറിലെ അഞ്ചാം പന്തിൽ ഹിറ്റ് വിക്കറ്റായി സായ് മടങ്ങി. പന്തു നേരിട്ട ശേഷം താരത്തിന്റെ കയ്യിൽനിന്ന് ഇളകി തെറിച്ച ബാറ്റ് വിക്കറ്റിൽ പതിക്കുകയായിരുന്നു. ആർസിബിക്കെതിരായ ഒന്നാം പ്ലേ ഓഫിലും സമാനമായ രീതിയിലായിരുന്നു സായ് സുദർശൻ പുറത്തായത്. 

47 പന്തുകളിൽനിന്ന് ഗിൽ സെഞ്ചറി പൂർത്തിയാക്കി. എന്നാൽ ജോഫ്ര ആർച്ചറിന്റെ 15–ാം ഓവറിൽ ഗിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. അപ്പോഴേക്കും ഗുജറാത്ത് സുരക്ഷിത നിലയിലെത്തിയിരുന്നു. അവസാന 12 പന്തിൽ 10 റൺസ് മാത്രമായിരുന്നു ഗുജറാത്തിനു ജയിക്കാൻ വേണ്ടിയിരുന്നത്. 16 റൺസെടുത്ത വാഷിങ്ടൻ സുന്ദറിനെ നഷ്ടമായെങ്കിലും, ജോസ് ബട്‍ലറും (ഒൻപത്), രാഹുല്‍ തെവാത്തിയയും (17) ചേർന്ന് 18.4 ഓവറിൽ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.

വീണ്ടും വൈഭവ് രക്ഷകൻ, 200 കടന്ന് രാജസ്ഥാൻ

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. ന്യൂചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലെ ബാറ്റിങ്ങിന് ബുദ്ധിമുട്ടേറിയ പിച്ചിൽ വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചറി പ്രകടനമാണ് രാജസ്ഥാന്‍ ഇന്നിങ്സിലെ നട്ടെല്ല്. 47 പന്തുകൾ നേരിട്ട താരം 96 റൺസെടുത്തു പുറത്തായി. ഏഴു സിക്സുകളും എട്ടു ഫോറുകളും വൈഭവ് ബൗണ്ടറി കടത്തി. രവീന്ദ്ര ജഡേജ (35 പന്തിൽ 45), ഡോനോവൻ ഫെറേറ (11 പന്തിൽ 38) എന്നിവരുടെ ബാറ്റിങ് പ്രകടനവും അവസാന ഓവറുകളിൽ നിർണായകമായി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടർച്ചയായി വീണപ്പോഴും വൈഭവ് സൂര്യവംശിയുടെ പോരാട്ടമാണ് രാജസ്ഥാനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ രാജസ്ഥാനു നഷ്ടമായിരുന്നു. പന്ത് പുൾ ചെയ്യാൻ ശ്രമിച്ച ജയ്സ്വാളിനെ (ഒന്ന്) പ്രസിദ്ധ് കൃഷ്ണ ക്യാച്ചെടുത്തു പുറത്താക്കി. പിന്നാലെ കഗിസോ റബാദയുടെ പന്തിൽ ധ്രുവ് ജുറേലും (ഏഴ്) വീണതോടെ സൂക്ഷിച്ചാണു വൈഭവ് കളിച്ചത്. പവർപ്ലേയില്‍ 70റൺസടിച്ചെങ്കിലും നിർണായകമായ രണ്ടു വിക്കറ്റുകൾ രാജസ്ഥാനു നഷ്ടമായിരുന്നു.

CRICKET-IND-IPL-T20-RAJASTHAN-GUJARAT

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്. Photo: Punit Paranjpe/AFP

സ്കോർ 82ൽ നിൽക്കെ ജഡേജ റിട്ടയേർഡ് ഹർട്ടായി മടങ്ങി. എന്നാൽ ക്യാപ്റ്റൻ റിയാൻ പരാഗ് (11), ദസുൻ ശനക (മൂന്ന്), ജോഫ്ര ആർച്ചർ (ഏഴ്) എന്നിവർ വേഗത്തിൽ പുറത്തായതോടെ ജഡേജ വീണ്ടും ക്രീസിലെത്തി. പരാഗിനെയും ശനകയെയും വീഴ്ത്തിയ ജേസൺ ഹോൾഡർ ഗുജറാത്തിന് നിർണായക മേൽക്കൈ സമ്മാനിച്ചു. 31 പന്തിൽ അർധ സെഞ്ചറി കടന്നപ്പോൾ രണ്ടു സിക്സുകൾ മാത്രമാണ് വൈഭവിന് ബൗണ്ടറി കടത്താനായത്. സ്കോർ 172 ൽ നിൽക്കെ വൈഭവിനെ കഗിസോറ റബാദ പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ചു.  നോക്കൗട്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കയ്യകലത്തിലാണ് വൈഭവിന് സെഞ്ചറി നഷ്ടമായത്. എലിമിനേറ്ററിൽ സൺറൈസേഴ്സിനെതിരെ 29 പന്തുകൾ നേരിട്ട താരം 97 റൺസടിച്ചിരുന്നു. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച ജഡേജയും ഡോനോവൻ ഫെറേറയും ചേർന്ന് 19.3 ഓവറിൽ രാജസ്ഥാനെ 200 കടത്തി. റാഷിദ് ഖാനെറിഞ്ഞ 20–ാം ഓവറിൽ നാലു സിക്സുകളാണ് ഫെറേറ ബൗണ്ടറി കടത്തിയത്. ഗുജറാത്തിനായി കഗിസോ റബാദയും ജേസൺ ഹോൾഡറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജിനും പ്രസിദ്ധ് ക‍ൃഷ്ണയ്ക്കും ഓരോ വിക്കറ്റുണ്ട്.

English Summary:

Indian Premier League 2026, Rajasthan Royals vs Gujarat Titans Match Live Updates

Read Entire Article