Published: March 19, 2026 05:50 PM IST
1 minute Read
ജയ്പൂർ∙ സഞ്ജു സാംസണെപ്പോലൊരു താരത്തിനു പകരക്കാരനെ കണ്ടെത്തുകയെന്നത് അസാധ്യമായ കാര്യമാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്. ഐപിഎൽ സീസണു മുന്നോടിയായി രാജസ്ഥാൻ റോയൽസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീം ക്യാപ്റ്റൻ സഞ്ജുവിന്റെ അസാന്നിധ്യത്തെക്കുറിച്ചു മനസ്സു തുറന്നത്. 2021 മുതൽ 2025 വരെ രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു സഞ്ജു. 2026 സീസണിനു വേണ്ടിയുള്ള താരലേലത്തിനു മുൻപാണ് സഞ്ജുവിനെ രാജസ്ഥാൻ ചെന്നൈ സൂപ്പർ കിങ്സിനു കൈമാറിയത്. കൈമാറ്റത്തിന്റെ ഭാഗമായി ചെന്നൈ താരം രവീന്ദ്ര ജഡേജ രാജസ്ഥാനിലുമെത്തി.
‘‘മറ്റൊരാളെ കണ്ടെത്തി പകരക്കാരനാക്കാവുന്ന ഒരു താരമല്ല സഞ്ജു ഭയ്യ. അതേ സ്കില്ലുകളുള്ള ഒരു താരത്തെ രാജസ്ഥാന് അന്വേഷിച്ച് കണ്ടെത്താൻ സാധിച്ചേക്കും. അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനിൽ കളിക്കാനിറക്കുകയും ചെയ്യാം. രോഹിത് ശർമയ്ക്കും വിരാട് കോലിക്കും പകരക്കാരുണ്ടാകില്ല. അതുപോലെയാണ് സഞ്ജു ഭയ്യയുടെ കാര്യവും. കാരണം അദ്ദേഹം അത്രയും മികച്ച താരമാണ്.’’– പരാഗ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലെ തിരിച്ചടികളിൽനിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഇത്തവണ ടീം കളിക്കാനിറങ്ങുന്നതെന്നും പരാഗ് പറഞ്ഞു.
‘‘മത്സരങ്ങളിൽ മികച്ച ഫിനിഷിങ് ലക്ഷ്യമിട്ടാണ് ഈ സീസണിൽ ഞങ്ങൾ വരുന്നത്. കഴിഞ്ഞ സീസണിൽ ആറോളം മത്സരങ്ങൾ രാജസ്ഥാൻ കൈവിട്ടത് അവസാന ഓവറിലോ അവസാന പന്തുകളിലോ ഒക്കെയാണ്. അതെല്ലാം ജയിച്ചിരുന്നെങ്കിൽ രാജസ്ഥാന്‍ നോക്കൗട്ടിലേക്കു യോഗ്യത നേടുമായിരുന്നു. ഒരു ട്വന്റി20 മത്സരത്തില്‍ മൂന്നോ, നാലോ തീരുമാനങ്ങളുടെ പേരിലാണു കളി മാറുന്നത്. തീരുമാനങ്ങൾ കൃത്യമായി നടപ്പായാൽ രാജസ്ഥാന്റെ പ്രകടനവും മാറും.’’– റിയാൻ പരാഗ് വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ റോയൽസ്. 10 മത്സരങ്ങൾ തോറ്റ രാജസ്ഥാന്, ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരുക്കും തിരിച്ചടിയായി. രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ മത്സസരങ്ങളിൽ നയിച്ചിട്ടുള്ള താരമാണ് സഞ്ജു. രാജസ്ഥാൻ 2022 ഫൈനലും, 2024 ൽ പ്ലേഓഫും കളിച്ചതു സഞ്ജുവിനു കീഴിലായിരുന്നു.
English Summary:







English (US) ·