Published: May 20, 2026 03:21 PM IST Updated: May 20, 2026 03:33 PM IST
1 minute Read
ധാക്ക∙ ടെസ്റ്റ് പരമ്പരയിൽ പാക്കിസ്ഥാനെ 2–0ന് തകർത്തുവിട്ട് ബംഗ്ലദേശ്. രണ്ടാം ടെസ്റ്റിൽ 78 റൺസിനു തോൽപിച്ചതോടെയാണ് ബംഗ്ലദേശ് ‘വൈറ്റ് വാഷ്’ വിജയം സ്വന്തമാക്കിയത്. ബംഗ്ലദേശ് സ്വന്തം മണ്ണിൽ പാക്കിസ്ഥാനെതിരെ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്. രണ്ടാം ഇന്നിങ്സിൽ 437 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 358ന് ഓൾഔട്ടാകുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്‍വാൻ (166 പന്തിൽ 94), ക്യാപ്റ്റൻ ഷാൻ മസൂദ് (116 പന്തിൽ 71), സൽമാൻ ആഗ (102 പന്തില്‍ 71) എന്നിവർ അർധ സെഞ്ചറികളുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ 34.2 ഓവറിൽ 120 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തിയ ബംഗ്ലദേശ് സ്പിന്നര്‍ തൈജുൽ ഇസ്‍ലാമാണ് പാക്കിസ്ഥാനെ പ്രതീക്ഷകളെ തകർത്തെറിഞ്ഞത്.
മൂന്നു വിക്കറ്റുകൾ മാത്രം കയ്യിലിരിക്കെ ജയിക്കാൻ 121 റൺസ് കൂടി അഞ്ചാം ദിനം പാക്കിസ്ഥാനു വേണമായിരുന്നു. എന്നാൽ സാജിദ് ഖാൻ (28), മുഹമ്മദ് റിസ്‍വാൻ, ഖുറം ഷഹ്സാദ് എന്നിവരെയും പുറത്താക്കി ഒരു മണിക്കൂറിൽ ബംഗ്ലദേശ് കളി തീർത്തു. ബംഗ്ലദേശിന്റെ ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായി നാലു ടെസ്റ്റ് മത്സരങ്ങൾ അവര്‍ വിജയിക്കുന്നത്. കഴിഞ്ഞ വർഷം അയർലൻഡിനെയും ബംഗ്ലദേശ് 2–0ന് കീഴടക്കിയിരുന്നു. ബംഗ്ലദേശിന്റെ രണ്ടാം ഇന്നിങ്സിൽ മുഷ്ഫിഖർ റഹീം സെഞ്ചറി നേടിയിരുന്നു. 233 പന്തുകളിൽനിന്ന് ഒരു സിക്സും 12 ഫോറുകളും ബൗണ്ടറി കടത്തിയ മുഷ്ഫിഖർ 137 റൺസാണ് അടിച്ചത്. ഓപ്പണർ മഹ്മുദുൽ ഹസൻ ജോയ് (64 പന്തിൽ 52), ലിറ്റൻ ദാസ് (92 പന്തിൽ 69) എന്നിവർ അർധ സെഞ്ചറികൾ കൂടി നേടിയതോടെ ബംഗ്ലദേശിന് മികച്ചൊരു വിജയലക്ഷ്യം പാക്കിസ്ഥാനു മുന്നിൽ വയ്ക്കാൻ സാധിച്ചു. 390 റൺസാണ് ബംഗ്ലദേശ് രണ്ടാം ഇന്നിങ്സിൽ സ്വന്തമാക്കിയത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് 46 റൺസിന്റെ ലീഡ് നേടിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 278 റൺസടിച്ചപ്പോൾ, പാക്കിസ്ഥാന്റെ മറുപടി 232 ൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ലിറ്റൻ ദാസാണ് ബംഗ്ലദേശിനെ കൂട്ടത്തകർച്ചയിൽനിന്നു രക്ഷിച്ചത്. 159 പന്തുകൾ നേരിട്ട ലിറ്റൻ ദാസ് 126 റൺസാണ് കൂട്ടിച്ചേർത്തത്. മറുപടിയിൽ അർധ സെഞ്ചറി നേടിയ ബാബര്‍ അസം (84 പന്തിൽ 68) മാത്രമാണ് പാക്കിസ്ഥാനു വേണ്ടി തിളങ്ങിയത്. ആദ്യ ഇന്നിങ്സില്‍ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ തൈജുൽ മത്സരത്തിൽ ആരെ ഒൻപതു വിക്കറ്റുകളാണു സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശ് 104 റൺസിനു വിജയിച്ചിരുന്നു.
English Summary:







English (US) ·