Published: March 26, 2026 02:36 PM IST
1 minute Read
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ റെക്കോർഡ് തുകയ്ക്കു വിറ്റതിനു പിന്നാലെ ഫ്രാഞ്ചൈസിയുടെ പേരു മാറ്റത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ആദിത്യ ബിർള ഗ്രൂപ്പ് നയിക്കുന്ന കൺസോർഷ്യമാണ് റെക്കോർഡ് തുകയ്ക്ക് ആർസിബിയുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയത്. 1.78 ബില്യൻ യുഎസ് ഡോളറിനാണ് (16,706 കോടി ഇന്ത്യൻ രൂപ) ആർസിബിയുടെ വിൽപന. 2026 ഐപിഎലിനു ശേഷം പുതിയ ഉടമകൾ ക്ലബ്ബിനെ ഏറ്റെടുക്കും. 2008ൽ ഐപിഎൽ ആരംഭിച്ചതു മുതൽ ലീഗിലുള്ള ടീമാണ് ആർസിബി. 2025ൽ കന്നിക്കിരീടം നേടിയതിനു പിന്നാലെ ആർസിബി എന്ന പേര് നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ.
എന്നാല്‍ ക്ലബ്ബിന്റെ പേരു മാറ്റാൻ ഉദ്ദേശമില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ആദിത്യ ബിർള ഗ്രൂപ്പ്. കുമാർ മംഗളം ബിർളയുടെ മകളായ അനന്യ ബിർളയാണ് ക്ലബ്ബിന്റെ പേരു മാറ്റില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്. അനന്യയുടെ സഹോദരൻ ആര്യമാൻ ബിർളയാണ് ആർസിബിയുടെ പുതിയ ചെയർമാൻ. അനന്യയ്ക്കും ആർസിബിയിൽ ചുമതലകൾ ഉണ്ടാകുമെന്നാണു കരുതുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ ആർസിബി പുരുഷ ടീമിനൊപ്പം ഡബ്ല്യുപിഎൽ ചാംപ്യൻമാരായ ആർസിബി വനിതാ ടീമിന്റെയും ഉടമസ്ഥാവകാശമാണ് നിലവിലെ സീസണിനു ശേഷം കൈമാറുന്നത്.
ആദിത്യ ബിർള, ടൈംസ് ഓഫ് ഇന്ത്യ എന്നിവർക്കൊപ്പം ബോൾട്ട് വെഞ്ചേഴ്സ്, യുഎസ് കമ്പനിയായ ബ്ലാക് സ്റ്റോൺ എന്നിവരും കൺസോർഷ്യത്തിലുണ്ട്. ആർസിബി ഫ്രാഞ്ചൈസിയെ വിൽക്കാൻ ഉടമസ്ഥരായ ഡിയാജിയോ കമ്പനി കഴിഞ്ഞ വർഷം നവംബറിൽ നീക്കം ആരംഭിച്ചിരുന്നു. വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) എന്ന കമ്പനിയായിരുന്നു ആർസിബിയുടെ ആദ്യകാല ഉടമസ്ഥർ. 2008ൽ 450 കോടി രൂപയ്ക്കാണ് അവർ ടീമിനെ സ്വന്തമാക്കിയത്.
2012ൽ യുഎസ്എൽ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യനിർമാണ കമ്പനിയായ ഡിയാജിയോയുടെ ഭാഗമായി. പിന്നാലെ മല്യയ്ക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കേസുകൾ വന്നതോടെ, 2016ൽ ഡിയാജിയോ യുഎസ്എലിനെ പൂർണമായി ഏറ്റെടുത്തു. ഇതോടെ ആർസിബി ടീം ഡിയാജിയോയുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ സീസണിൽ ബെംഗളൂരു ടീം ഐപിഎൽ കിരീടം നേടിയതിനു പിന്നാലെ ടീം വിൽക്കാൻ മാനേജ്മെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അധികൃതർ അന്ന് അതു നിഷേധിച്ചിരുന്നു.
English Summary:








English (US) ·