Published: June 18 , 2025 09:36 AM IST
1 minute Read
ചെന്നൈ ∙ പ്രായത്തെയും വെല്ലുവിളികളെയും തുഴഞ്ഞു തോൽപിച്ച് മലയാളി റോവിങ് താരം ജയിംസ് ജോസഫിനു വീണ്ടും രാജ്യാന്തര നേട്ടം. തായ്‌ലൻഡിൽ നടന്ന ഏഷ്യൻ ഇൻഡോർ റോവിങ് ചാംപ്യൻഷിപ് (മാസ്റ്റേഴ്സ്) 2000 മീറ്ററിൽ സ്വർണം നേടിയ ജയിംസ് 500 മീറ്ററിൽ വെള്ളിയും സ്വന്തമാക്കി. പാക്കിസ്ഥാൻ, കൊറിയ, സിംഗപ്പുർ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളോടായിരുന്നു മൽസരം.
ഇന്ത്യയിൽ റോവിങ് മത്സരങ്ങളിൽ എതിരാളികളില്ലാതെ കുതിച്ച സൈനിക ടീമുകളെ മുട്ടുകുത്തിച്ചു മെഡൽ നേടിയ സിവിലയൻ എന്ന നിലയിലാണ് കരിയറിന്റെ തുടക്കക്കാലത്ത് ജയിംസ് അറിയപ്പെട്ടിരുന്നത്.
റോവിങ്ങിൽ ഏഷ്യൻ സ്വർണത്തോടെയാണ് രാജ്യാന്തര കരിയറിന്റെ തുടക്കം. കായികതാരങ്ങളെത്തേടി 1985ൽ മലയാള മനോരമയിൽ എബിടി കമ്പനിയും ഏബ്രഹാം കണ്ടത്തിലും നൽകിയ പരസ്യം കണ്ടാണു ജയിംസ് ചെന്നൈയിലെത്തിയത്. തുടർന്ന് ഏബ്രഹാമിനു കീഴിലായിരുന്നു പരിശീലനം.
1986 മുതൽ ചെന്നൈയിലെ മദ്രാസ് ബോട്ട് ക്ലബ്ബായി തട്ടകം. ഒരു വർഷത്തിനകം ദേശീയ മത്സരത്തിനു യോഗ്യത നേടിയതോടെ അതുവരെ സൈനികർ മാത്രം തിളങ്ങിയ മേഖലയിൽ സിവിലിയനായ ഒരാളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
പിന്നീടങ്ങോട്ട് ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ വിവിധ രാജ്യാന്തര മൽസരങ്ങളിൽ ഇന്ത്യയ്ക്കായി മെഡൽ നേടി. ഇടവേളയ്ക്കു ശേഷം പരിശീലകന്റെ വേഷത്തിൽ തിരിച്ചെത്തിയ ജയിംസിനു കീഴിൽ തമിഴ്നാട് പൊലീസും കമാൻഡോസും മെഡലുകൾ നേടി.
പിതാവിന്റെ പാത പിന്തുടർന്ന് മകൻ ഫിലിപ്പും മകൾ കാവ്യയും റോവിങ്ങിൽ രാജ്യാന്തര മെഡലുകൾ നേടിയിട്ടുണ്ട്. അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന മദ്രാസ് കൊളംബോ റിഗാട്ടയിൽ വീണ്ടും ജയിംസ് തുഴയെടുക്കും. സ്വർണം മാത്രമാണു 60 വയസ്സും കടന്നു മുന്നേറുന്ന ജയിംസിന്റെ ലക്ഷ്യം. റീനയാണ് കോഴിക്കോട് ചക്കിട്ടപ്പാറ നരിനട ഞാറുകുന്നേൽ കുടുംബാംഗമായ ജയിംസിന്റെ ഭാര്യ.
English Summary:







English (US) ·