Published: May 20, 2026 09:43 AM IST
1 minute Read
ലോകകപ്പ് ചരിത്രത്തിലെ ‘ആറാം തമ്പുരാൻ’ ആകാൻ കച്ചമുറുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ അമരത്തു നിർത്തി പോർച്ചുഗലിന്റെ ലോകകപ്പ് സ്ക്വാഡ്. ജോവ ഫെലിക്സും ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയുമടക്കം താരപ്രഭയുള്ള സ്ക്വാഡ് ലക്ഷ്യംവയ്ക്കുന്നതു പോർച്ചുഗലിന്റെ കന്നി ലോകകപ്പ് കിരീടം. അമേരിക്കൻ ലോകകപ്പിൽ ഒരു ഗോൾ സ്കോർ ചെയ്യാൻ ക്രിസ്റ്റ്യാനോയ്ക്കു കഴിഞ്ഞാൽ 6 വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന അപൂർവ റെക്കോർഡ് പോർച്ചുഗൽ നായകനു സ്വന്തമാകും. 2006 മുതൽ 2022 വരെയുള്ള 5 ലോകകപ്പുകളിൽ 8 ഗോളുകൾ നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.
പരുക്കേൽപിച്ച ആഘാതവും ഫിഫയുടെ മത്സരവിലക്കു ഭീഷണിയും നേരിട്ടെങ്കിലും ക്രിസ്റ്റ്യാനോയിൽ കേന്ദ്രീകരിക്കുന്നതാണു പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റെ സ്ക്വാഡ്. അൽ നസ്റിൽ ക്രിസ്റ്റ്യാനോയുടെ സഹതാരം ജോവാ ഫെലിക്സ്, സെന്റർ ഫോർവേഡ് ഗോൺസാലോ റാമോസ് എന്നിവർ ചേരുമ്പോൾ മുന്നേറ്റനിരയ്ക്കു മൂർച്ചയേറെ. ഫ്രാൻസിസ്കോ ട്രിൻകാവോ, ഫ്രാൻസിസ്കോ കോൺസെയ്സാവോ, പെഡ്രോ നെറ്റോ, റഫേൽ ലിയാവോ, ഗൊൺസാലോ ഗേഡസ് എന്നിവരും മുൻനിരയെ സമ്പന്നമാക്കുന്നു.
ബ്രൂണോ ഫെർണാണ്ടസ്, വിറ്റിഞ്ഞ, ബെർണാഡോ സിൽവ ത്രയമാണു മിഡ്ഫീൽഡിലെ പവർഹൗസ്. ജോവ നീവ്സ്, റൂബൻ നീവ്സ്, സാമു കോസ്റ്റ എന്നിവരുടെ ‘പ്രസ് റസിസ്റ്റന്റ്’ ശേഷിയും മധ്യനിരയിൽ നിർണായകം. റൂബൻ ഡയസ് നയിക്കുന്ന പ്രതിരോധ സംഘത്തിൽ ന്യൂനോ മെൻഡിസ്, ജോവ കാൻസിലോ, ഡിയോഗോ ഡാലറ്റ്, മതേയൂസ് ന്യൂനസ്, നെൽസൺ സെമെഡോ, ഗൊൺസാലോ ഇനാച്ചിയോ, റെനറ്റോ വിയേഗ, തോമസ് അരൂജോ എന്നിവർ ഉൾപ്പെടുന്നു. ഡിയോഗോ കോസ്റ്റ തന്നെ ഒന്നാം ഗോൾകീപ്പർ.ഓസ്ട്രിയ, സ്കോട്‍ലൻഡ്, ക്യുറസാവോ, കേപ് വെർദി, കോംഗോ ടീമുകളും ഫൈനൽ സ്ക്വാഡുകൾ പ്രഖ്യാപിച്ചു.
English Summary:







English (US) ·