‘ലിഫ്റ്റിനുള്ളിൽ ചുംബിച്ചു, അസാധാരണമായി അടുത്തിടപഴുകി’: കൈസറുടെ അറസ്റ്റിൽ പൊലീസ്; ആൻഡ്രിയയെ അധിക്ഷേപിച്ചെന്നും വെളിപ്പെടുത്തൽ

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: May 23, 2026 05:44 PM IST Updated: May 23, 2026 11:26 PM IST

1 minute Read

 ലുഡ്‌വിഗ് കൈസർ (Instagram/wwe_kaiser/), ആൻഡ്രിയ ബസാർട്ടെ (Instagram/andreabazarte/)
ലുഡ്‌വിഗ് കൈസർ (Instagram/wwe_kaiser/), ആൻഡ്രിയ ബസാർട്ടെ (Instagram/andreabazarte/)

ഫ്ലോറിഡ (യുഎസ്)∙ ഡബ്ല്യുഡബ്ല്യുഇ താരം ലുഡ്‌വിഗ് കൈസർ ഫ്ലോറിഡയിൽ അക്രമക്കുറ്റത്തിന് അറസ്റ്റിലായതിൽ പുതിയ വിവരങ്ങൾ പുറത്ത്. കൈസറുടെ പങ്കാളിയും ഡബ്ല്യുഡബ്ല്യുഇ സ്‌പാനിഷ് അവതാരകയുമായ ആൻഡ്രിയ ബസാർട്ടെയെ അധിക്ഷേപിച്ചതിനെ തുടർന്നാണ് കയ്യാങ്കളി നടന്നതെന്നാണ് വിവരം. റസ്‍ലിങ് മാധ്യമപ്രവർത്തകനായ രാജ് ഗിരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫ്ലാറ്റിലെ അയൽക്കാരനുമായി ഉണ്ടായ തർക്കമാണ് കൈസറുടെ അറസ്റ്റിലേക്ക് നയിച്ചത്. ഈ മാസം 20നാണ് ലുഡ്‌വിഗ് കൈസർ പൊലീസിന് മുന്നിൽ കീഴടങ്ങിയതും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതും.

പൊലീസ് റിപ്പോർട്ട് പ്രകാരം, ഏപ്രിൽ 23ന് ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിലാണ് സംഭവം നടന്നത്. കൈസറുടെ അയൽക്കാരനായ റിച്ചാർഡ് റീപ്പ് എന്ന വ്യക്തിയാണ് പൊലീസിൽ പരാതി നൽകിയത്. ലിഫ്റ്റിനുള്ളിൽ വച്ച് കൈസറും പങ്കാളി ആൻഡ്രിയയും ചുംബിക്കുകയും അനിയന്ത്രിതമായി അടുത്ത് ഇടപഴുകുകയും ചെയ്തെന്ന് റിച്ചാർഡ് ആരോപിച്ചു. ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ‘അല്പം മര്യാദ കാണിക്കണം’ എന്ന് റിച്ചാർഡ് ഇവരോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ കൈസർ അയൽക്കാരനെ മർദിക്കുകയും തറയിലേക്ക് തള്ളിയിടുകയും ചെയ്തെന്നാണ് പരാതി.

എന്നാൽ പുറത്തുവരുന്ന പുതിയ വിവരങ്ങൾ പ്രകാരം, ആൻഡ്രിയയ്‌ക്കെതിരെ റിച്ചാർഡ് വംശീയ അധിക്ഷേപം നടത്തുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തെന്നാണ്. മെക്സിക്കൻ-അമേരിക്കൻ വംശജയായ ആൻഡ്രിയയെ ലക്ഷ്യമിട്ട്, ‘ഇവൾക്കെതിരെ ഞാൻ ഐസിഇയിൽ (ഇമിഗ്രേഷൻ വിഭാഗം) പരാതി നൽകും’ എന്ന് റിച്ചാർഡ് ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. തന്റെ പങ്കാളിയെ അധിക്ഷേപിച്ചതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പരസ്പരം തള്ളുകയല്ലാതെ ആരെയും മർദിച്ചിട്ടില്ലെന്നുമാണ് കൈസറുടെയും വാദം.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കൈസറക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് മേയ് 20ന് ഒറഞ്ച് കൗണ്ടി ജയിലിൽ താരം കീഴടങ്ങിയത്. എങ്കിലും അന്നു തന്നെ ജാമ്യത്തിലിറങ്ങി. അറസ്റ്റ് വാർത്തകൾക്ക് പിന്നാലെ കൈസറുടെ മത്സരത്തിന്റെ വിഡിയോ ആൻഡ്രിയ പങ്കുവയ്ക്കുകയും ‘ഞാൻ എപ്പോഴും നിന്റെ ഒന്നാം നമ്പർ ആരാധികയായിരിക്കും’ എന്ന് കുറിക്കുകയും ചെയ്തിരുന്നു.

രാജ് ഗിരിയുടെ പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ കൈസർക്ക് പിന്തുണയുമായി ഒട്ടേറെ ആരാധകരും രംഗത്തെത്തുന്നുണ്ട്. പരാതിക്കാരന്റെ ഭാഗം മാത്രമാണ് പൊലീസ് പരിശോധിച്ചതെന്നും കൈസറുടെ വാദം കേട്ടില്ലെന്നുമാണ് പരാതി. പരാതിക്കാരൻ ആൻഡ്രിയയെ അധിക്ഷേപിച്ചെങ്കിൽ ഇക്കാര്യത്തിലും നടപടി വേണമെന്നാണ് ആരാധകരുടെ ആവശ്യം. സ്മാക്ക്‌ഡൗൺ, റോ ബ്രാൻഡുകളിൽ സജീവമായ ലുഡ്‌വിഗ് കൈസർ, 2017ലാണ് ഡബ്ല്യുഡബ്ല്യുഇയുമായി കരാറിലേർപ്പെടുന്നത്. ‘എൽ ഗ്രാൻഡെ അമേരിക്കാനോ’ എന്ന മാസ്ക് ധരിച്ച കഥാപാത്രമായും താരം റിങ്ങിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം wwe_kaiser/, andreabazarte/ എന്നീ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്.

English Summary:

Ludwig Kaiser's apprehension successful Florida has caller details emerging regarding an altercation. The WWE prima is accused of assaulting a neighbour aft the neighbour allegedly made racist remarks towards his partner, WWE Spanish announcer Andrea Bartolo.

Read Entire Article