Published: March 29, 2026 11:37 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിന്റെ തുടക്കത്തിൽ തന്നെ പരുക്കിന്റെ പിടിയിലാണു താരങ്ങൾ. പരുക്കേറ്റും മറ്റു കാരണങ്ങളാലും താരങ്ങൾ പിൻമാറുമ്പോൾ പകരക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു ഫ്രാഞ്ചൈസികൾ. സിംബാബ്‍വെ താരം ബ്ലസിങ് മുസറബനിയും ഓസ്ട്രേലിയയുടെ സ്പെന്‍സർ ജോൺസണും അടക്കം വന്നപ്പോൾ, ഐപിഎലിൽ പകരക്കാരായി കളിക്കാനുള്ള അവസരം വേണ്ടെന്നു വച്ചിരിക്കുകയാണ് രണ്ട് ഇംഗ്ലണ്ട് താരങ്ങൾ. ജെയ്മി സ്മിത്തും ജോഷ് ടോങ്ങുമാണ് ഐപിഎൽ ഓഫർ വേണ്ടെന്നുവച്ചത്. ഓഫർ നിരസിക്കാനുള്ള കാരണം എന്താണെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ലെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇരുവരും ഐപിഎൽ താരലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല. ലേലത്തിൽ സ്മിത്തിന് രണ്ടു കോടി രൂപയായിരുന്നു അടിസ്ഥാന വില. ടോങ്ങിന് 1 കോടിയായിരുന്നു വില. എന്നാൽ രണ്ടു താരങ്ങളിലും ഒരു ഫ്രാഞ്ചൈസിക്കും താൽപര്യമുണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ഐപിഎൽ വിട്ട ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിനു പകരമായാണ് ഇംഗ്ലിഷ് താരങ്ങളെ തന്നെ ഐപിഎലിൽ കളിപ്പിക്കാൻ ശ്രമിച്ചതെന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓഫർ താരങ്ങൾ തള്ളിക്കളഞ്ഞതോടെ, പുതിയ കളിക്കാരനുവേണ്ടിയുള്ള അന്വേഷണത്തിലാണു ഫ്രാഞ്ചൈസി.
ഇംഗ്ലണ്ട് ദേശീയ ടീമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബെൻ ഡക്കറ്റ് ഐപിഎൽ ഒഴിവാക്കിയത്. താരത്തിന് അടുത്ത മൂന്നു സീസണുകളിൽ ഐപിഎൽ കളിക്കാൻ സാധിക്കില്ല. താരലേലത്തിൽ രണ്ടു കോടി രൂപയ്ക്കാണ് ഡക്കറ്റിനെ ഡൽഹി ക്യാപിറ്റൽസ് വാങ്ങിയത്. എന്നാൽ ഐപിഎലിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ താരം പിൻവാങ്ങുകയായിരുന്നു. ആരാധകർ ക്ഷമിക്കണമെന്നും ഇംഗ്ലണ്ട് ദേശീയ ടീമിൽ കൂടുതൽ ശ്രദ്ധ നൽകാനാണു ശ്രമമെന്നുമാണ് ഡക്കറ്റ് വിശദീകരണമായി അറിയിച്ചത്.
ഇംഗ്ലണ്ടിനായി അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും മികച്ച സ്കോർ കണ്ടെത്താൻ ഡക്കറ്റിനു സാധിച്ചിരുന്നില്ല. ആഷസ് പരമ്പരയിൽ 220 റൺസാണ് ഡക്കറ്റ് ആകെ നേടിയത്. ട്വന്റി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ടിനായി ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല. ഏപ്രിൽ മൂന്നിന് തുടങ്ങുന്ന ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ കളിച്ച് ഫോം കണ്ടെത്താനാണ് ഡക്കറ്റ് ശ്രമിക്കുന്നത്. നോട്ടിങ്ങാംഷെയറിനു വേണ്ടി താരം കളിക്കാനിറങ്ങും. ജൂൺ ആദ്യം ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം ഇംഗ്ലണ്ടിനായി കളിച്ചേക്കും.
English Summary:








English (US) ·