കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ– ന്യൂസീലൻഡ് അഞ്ചാം ട്വന്റി20യുടെ ടോസ് സമയത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇങ്ങനെ പറഞ്ഞു.‘‘ആരാധകർ നിരാശപ്പെടേണ്ട, സഞ്ജു ഇന്നു കളിക്കുന്നുണ്ട്’’. ഇഷാൻ കിഷൻ പരുക്കുമാറി ടീമിലേക്കു തിരിച്ചെത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആരാധകരെ ആവേശത്തിലാക്കി സൂര്യയുടെ പ്രതികരണമെത്തിയത്. അതിനു പിന്നാലെ ആവേശത്തിൽ സ്റ്റേഡിയം ആർത്തുവിളിച്ചു. പക്ഷേ ആ പ്രതികരണത്തിന് ആകെ ഒരു മണിക്കൂർ പോലും ആയുസ്സുണ്ടായിരുന്നില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണറായി തന്നെ സഞ്ജു കളിക്കാനിറങ്ങി.
ആറു പന്തുകൾ നേരിട്ട സഞ്ജു ഒരിക്കൽ കൂടി പവർപ്ലേ തീരുംമുൻപേ പുറത്തായി. ഒരു ഫോറടിച്ച മലയാളി താരം കരിയറിൽ ഏറെ മത്സരങ്ങൾ കളിച്ചിട്ടുള്ള കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആറു റൺസ് മാത്രമാണു നേടിയത്. പതിവു ഫോമിൽ ഒരു ഭാഗത്തുനിന്ന് അഭിഷേക് ശർമ തകർത്തുകളിക്കുമ്പോഴും സഞ്ജുവിന്റെ മികച്ചൊരു ഇന്നിങ്സിലായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. പക്ഷേ നടന്നത് മറ്റൊന്ന്. ഒരു ഫോറടിച്ച സഞ്ജു, മൂന്നാം ഓവറിൽ ഒരു സിക്സിനു ശ്രമിച്ചു. അവിടെ പിഴച്ചു.
മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണു മടക്കിയത്. ന്യൂസീലൻഡ് പരമ്പരയിലെ അഞ്ചു മത്സരങ്ങളിൽ സഞ്ജു 46 റൺസാണ് ആകെ നേടിയത്.വിശാഖപട്ടണത്ത് 24 റൺസെടുത്തതാണു പരമ്പരയിലെ ഉയർന്ന സ്കോർ. 0,6,10 എന്നിങ്ങനെയായിരുന്നു മറ്റു മത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോർ. എല്ലാ മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ ശേഷമാണു സഞ്ജു പിടിച്ചുനിൽക്കുക പോലും ചെയ്യാതെ അതിവേഗം മടങ്ങിയതെന്നതാണു ശ്രദ്ധേയം.
ഭയമില്ലാതെ വമ്പനടികൾ ലക്ഷ്യം വച്ചിരുന്ന സഞ്ജു സ്റ്റൈല്‍ ബാറ്റിങ്ങായിരുന്നില്ല ഈ പരമ്പരയിൽ കണ്ടത്. പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ട പോലെ കാണപ്പെട്ട താരത്തിന്റെ ‘ഫുട്‍വർക്ക്’ അടക്കം വലിയതോതിൽ വിമർശിക്കപ്പെട്ടു. വിശാഖപട്ടണത്തു നടന്ന നാലാം മത്സരത്തിൽ ന്യൂസീലൻഡ് സ്പിന്നർ മിച്ചൽ സാന്റ്നർക്കെതിരെ സഞ്ജു ബോൾഡായതോടെ, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആ പന്തിൽ സഞ്ജുവിന്റെ കാലുകള്‍ ചലിച്ചിരുന്നോയെന്നു സംശയമാണെന്നായിരുന്നു ഗാവസ്കറുടെ വാക്കുകൾ.
ബാറ്റിങ് പോര, കീപ്പിങ് ഗ്ലൗ ഊരിച്ച് ബിസിസിഐ
ട്വന്റി20 പരമ്പരയിലെ നാലു മത്സരങ്ങളിലും സഞ്ജു സാംസണായിരുന്നു ഇന്ത്യൻ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. ബാറ്റു കൊണ്ടു തിളങ്ങാൻ സാധിച്ചില്ലെങ്കിലും വിക്കറ്റ് കീപ്പിങ്ങിൽ സഞ്ജുവിന്റേത് മികച്ച പ്രകടനമാണെന്നതിൽ സംശയമില്ല. എന്നാൽ കാര്യവട്ടത്തെത്തിയപ്പോൾ കഥമാറി. ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയ സഞ്ജുവിൽനിന്ന് കീപ്പിങ് ഗ്ലൗ കൂടി അകന്നു പോകുന്ന കാഴ്ചയായിരുന്നു. സെഞ്ചറി നേടിയതിനു പിന്നാലെ മികച്ച ആത്മവിശ്വാസത്തിൽ നിൽക്കുന്ന ഇഷാൻ കിഷന് ഗ്ലൗ നൽകാനായിരുന്നു തീരുമാനം. തിരുവനന്തപുരത്ത് സഞ്ജുവിൽനിന്ന് ആരാധകർ എന്ത് ആഗ്രഹിച്ചോ, അതാണ് ഇഷാൻ കിഷൻ സമ്മാനിച്ചത്. 10 ഫോറുകളും ആറു സിക്സുകളും ഉൾപ്പടെ 43 പന്തിൽ 103 റൺസടിച്ച് ലക്ഷണമൊത്തൊരു ട്വന്റി20 ഇന്നിങ്സ്. 18–ാം ഓവറിൽ ഇഷാൻ പുറത്താകുമ്പോഴേക്കും ഇന്ത്യ സുരക്ഷിതമായ നിലയിലെത്തിയിരുന്നു.
വിക്കറ്റ് കീപ്പിങ്ങിലെങ്കിലും സഞ്ജുവിന്റെ മികച്ച പ്രകടനം കാണാൻ തിരുവനന്തപുരത്തെ ആരാധകർ റെഡിയായി ഇരിക്കുമ്പോഴായിരുന്നു ഫീൽഡിങ്ങിനിറങ്ങിയ ഇന്ത്യൻ ടീമിനൊപ്പം ഗ്ലൗ ധരിച്ച് ഇഷാൻ കിഷനെ കാണുന്നത്. മത്സര ശേഷം വിക്കറ്റ് കീപ്പറെ മാറ്റിയതിനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘‘പരമ്പരയ്ക്കു മുന്‍പു തന്നെ സഞ്ജുവിനെ മൂന്നു മത്സരങ്ങളിലും ഇഷാനെ രണ്ടു മത്സരങ്ങളിലും വിക്കറ്റ് കീപ്പറാക്കാൻ ഞങ്ങൾ തീരുമാനിച്ചതാണ്. പക്ഷേ പരുക്കേറ്റതു കാരണം ഇഷാന് കഴിഞ്ഞ മത്സരം നഷ്ടമായി. എന്നാൽ അഞ്ചാം ട്വന്റി20യിൽ അദ്ദേഹം തന്നെ കീപ്പറായി.’’ ലോകകപ്പില്‍ സഞ്ജുവിനും ഇഷാനും ഒരേ സാധ്യതയാണെന്ന സൂചനകളിലേക്കാണു ഈ പ്രതികരണം വാതിൽ തുറക്കുന്നത്.
ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. അതേ ടീമിനെ തന്നെ ന്യൂസീലൻഡ് പരമ്പരയിലും ബിസിസിഐ പരീക്ഷിച്ചപ്പോൾ, തിലക് വർമയ്ക്കു പരുക്കേറ്റതോടെയാണ് ഇരുവരും ഒരുമിച്ചു പ്ലേയിങ് ഇലവനിൽ വന്നത്. പക്ഷേ ലോകകപ്പില്‍ കഥ അതല്ല. തിലക് വര്‍മ പരുക്കുമാറി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ലോകകപ്പിനു മുൻപുള്ള സന്നാഹ മത്സരങ്ങളിൽ തിലക് കളിക്കുമെന്നും ഉറപ്പായി. തിലക് ഫോം തെളിയിച്ചാൽ സ്വാഭാവികമായും ലോകകപ്പില്‍ ഇന്ത്യയുടെ വൺഡൗൺ ബാറ്ററായി കളിക്കാനിറങ്ങും. അങ്ങനെ വരുമ്പോൾ സഞ്ജുവിനോ, ഇഷാനോ പുറത്തിരിക്കേണ്ടിവരും.
ബിസിസിഐയുടെ മനസ്സിലെന്ത്?
ലോകകപ്പിനു മുൻപ് ഇന്ത്യൻ ടീമിന്റെ അവസാന പരമ്പരയും പൂർത്തിയായെങ്കിലും വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനത്തിലേക്ക് ബിസിസിഐ എത്തിക്കാണില്ല. സന്നാഹ മത്സരങ്ങൾ കൂടി നിരീക്ഷിച്ച ശേഷമാകും ഒന്നാം നമ്പർ കീപ്പറുടേയും ഓപ്പണിങ് ബാറ്ററുടേയും കാര്യത്തിൽ അന്തിമ തീരുമാനമാകുക. പക്ഷേ ഇതു ബിസിസിഐയ്ക്കു മുന്നിൽ തുറന്നിടുന്നത് ഒരു സാധ്യത കൂടിയാണ്. ഓപ്പണറായും വിക്കറ്റ് കീപ്പറായും ഉപയോഗിക്കാവുന്ന രണ്ടു താരങ്ങളുള്ളത് നിലവിലെ ചാംപ്യൻമാർക്കു നൽകുന്ന മുൻതൂക്കം ചെറുതൊന്നുമാകില്ല. ലോകകപ്പിലെ മത്സരങ്ങളുടെ ഗൗരവം അനുസരിച്ച് സഞ്ജുവും ഇഷാനും മാറിമാറിവന്നാലും അദ്ഭുതപ്പെടാനില്ല. വേണമെങ്കിൽ ബോളിങ് ക്രമത്തിൽ മാറ്റങ്ങള്‍ കൊണ്ടുവന്ന് സഞ്ജുവും ഇഷാനും ഇപ്പോഴുള്ളതുപോലെ കളിക്കാനിറങ്ങുകയും ചെയ്യാം.
English Summary:







English (US) ·