Published: January 29, 2026 12:57 PM IST
1 minute Read
ലഹോർ∙ ട്വന്റി20 ലോകകപ്പിൽ കളിച്ചാലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുന്ന കാര്യം പാക്കിസ്ഥാന്റെ പരിഗണനയിൽ. ബംഗ്ലദേശിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയെ ബഹിഷ്കരിക്കാനാണു നീക്കം നടക്കുന്നത്. ഇന്ത്യയിലെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം ഐസിസി നിരസിച്ചതോടെ, ബംഗ്ലദേശ് ടൂർണമെന്റിൽനിന്നു പുറത്തുപോയിരുന്നു. ലോകകപ്പിൽ ഇന്ത്യയെ മാത്രം ബഹിഷ്കരിക്കുന്ന കാര്യത്തിൽ പിസിബി തലവൻ മൊഹ്സിൻ നഖ്‍വി പാക്ക് പ്രധാനമന്ത്രി ഷഹബാസ് െഷരീഫുമായി ചർച്ചകൾ നടത്തിയതായാണു വിവരം.
ഫെബ്രുവരി 15ന് കൊളംബോയിൽ വച്ചാണ് ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടക്കേണ്ടത്. ഇരു ടീമുകളും സൂപ്പർ എട്ട് റൗണ്ടില്‍ കടന്നാൽ അവിടെയും മത്സരങ്ങളുണ്ടാകും. ഐസിസി നടപടികൾ വരുമെന്ന ഭയമുള്ളതിനാൽ ടൂർണമെന്റ് പൂർണമായും ബഹിഷ്കരിക്കേണ്ടതില്ലെന്നാണ് പിസിബിയുടെ നിലപാട്. അതിനു പകരം ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽനിന്നു മാത്രം വിട്ടു നിൽക്കും.
പക്ഷേ ഇന്ത്യയെ മാത്രമായി ബഹിഷ്കരിച്ചാലും പാക്കിസ്ഥാനെതിരെ നടപടിയുണ്ടാകും. ഐസിസിയോ ബ്രോഡ്കാസ്റ്റർമാരോ പാക്കിസ്ഥാനെതിരെ തിരിഞ്ഞാൽ എങ്ങനെ പ്രതിരോധിക്കണമെന്നും മൊഹ്സിൻ നഖ്‍വി പാക്ക് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. ഇന്ത്യയെ ബഹിഷ്കരിച്ചാലും അതു പാക്ക് സർക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്ന വാദമാകും പിസിബി ഉയർത്തുക. അങ്ങനെയെങ്കിലും വിലക്കുകളിൽനിന്നു പിസിബിക്കു രക്ഷപെടാന്‍ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.ബഹിഷ്കരണത്തിന്റെ പേരിൽ ഐസിസി നടപടികൾ വന്നാൽ രാഷ്ട്രീയ ഇടപെടലിന്റെ പേരിൽ കൂടി പിസിബിക്കെതിരെ വലിയ പിഴ ചുമത്താന്‍ വകുപ്പുണ്ട്. എന്നാൽ ദേശീയ സുരക്ഷയും സര്‍ക്കാർ ഉത്തരവും ചൂണ്ടിക്കാട്ടി ഇതിനെ മറികടക്കാനാകും പിസിബി ശ്രമിക്കുക.
ലോകകപ്പിലെ ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്ന മത്സരങ്ങളിലൊന്നാണ് ഇന്ത്യ–പാക്ക് പോരാട്ടം. അതു റദ്ദാക്കപ്പെട്ടാൽ ഐസിസിക്കും വലിയ സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരും. ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളുടെ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപു തന്നെ വിറ്റുപോകാറാണു പതിവ്. ഇതിനു പുറമേ ബ്രോഡ്കാസ്റ്റ്, പരസ്യ ഫീസുകളായി വലിയ തുകയാണു ഐസിസിക്കും ലഭിക്കുക. ഇന്ത്യയെ ബഹിഷ്കരിച്ചാൽ പാക്കിസ്ഥാന് രണ്ടുണ്ട് ഗുണം. ഒന്ന് ബംഗ്ലദേശിനെ പിന്തുണച്ചതു പോലെയുമാകും. ഇന്ത്യയോടു തോറ്റാലുള്ള വിമർശനങ്ങളിൽനിന്നു രക്ഷപെടുകയും ചെയ്യാം.
English Summary:







English (US) ·