Published: February 21, 2026 02:44 PM IST
1 minute Read
ധാക്ക∙ ട്വന്റി20 ലോകകപ്പിൽനിന്ന് ബംഗ്ലദേശിന്റെ പുറത്താകലിനു കാരണക്കാരനായ മുൻ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലിനെതിരെ രൂക്ഷവിമർശനവുമായി അസിസ്റ്റന്റ് പരിശീലകൻ മുഹമ്മദ് സലാഹുദ്ദീൻ. ബംഗ്ലദേശിന്റെ ഇടക്കാല ഭരണാധികാരിയായിരുന്ന മുഹമ്മദ് യൂനുസിനു കീഴിൽ കായിക ഉപദേഷ്ടാവായിരുന്ന ആസിഫ് നസ്‍റുൽ തിരഞ്ഞെടുപ്പിനു പിന്നാലെ സ്ഥാനമൊഴിഞ്ഞിരുന്നു. ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന ആസിഫ് നസ്റുലിന്റെ പിടിവാശിയെ തുടർന്നാണ് ബംഗ്ലദേശ് ടൂർണമെന്റിൽനിന്നു പുറത്തായത്. സ്ഥാനം ഒഴിയുന്നതിനു മുൻപ് ബംഗ്ലദേശ് താരങ്ങളുടെ താൽപര്യപ്രകാരമാണ് ലോകകപ്പ് ബഹിഷ്കരിച്ചതെന്ന് ആസിഫ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ആസിഫ് നസ്റുൽ നുണയനാണെന്ന് ബംഗ്ലദേശ് ടീമിന്റെ പരിശീലകൻ ആരോപിച്ചു. ‘‘അയാൾ പരസ്യമായി നുണ പറയുകയാണ്. എനിക്ക് ഇക്കാര്യം ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. ഞങ്ങളുടെ താരങ്ങളുടെ മുഖത്തേക്ക് ഞാൻ ഇനി എങ്ങനെ നോക്കും. ആസിഫ് നസ്റുൽ ധാക്ക യുണിവേഴ്സിറ്റിയിലെ അധ്യാപകനാണ്. അദ്ദേഹമാണ് ഇങ്ങനെയൊരു യു–ടേൺ എടുത്തത്. ഒരു താരം വർഷങ്ങളായുള്ള അവന്റെ സ്വപ്നവുമായാണ് ലോകകപ്പ് കളിക്കാൻ പോകുന്നത്. അതാണു നിങ്ങൾ ഒരു സെക്കൻഡിൽ തകർത്തുകളഞ്ഞത്.’’– മുഹമ്മദ് സലാഹുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘‘രാജ്യ താൽപര്യത്തിനു വേണ്ടിയുള്ള തീരുമാനം അനുസരിക്കാൻ ഞങ്ങൾ തയാറാണ്. പക്ഷേ നഷ്ടങ്ങളെക്കുറിച്ചു പറയുമ്പോൾ ഞാൻ വ്യക്തിപരമായ കുറച്ചു കാര്യങ്ങൾ പറയാം. ഒരു കുട്ടിയുടെ സ്വപ്നങ്ങളെയാണ് നിങ്ങൾ ഇല്ലാതാക്കിയത്. രണ്ടു ബംഗ്ലദേശി താരങ്ങൾ അഞ്ചു ദിവസത്തോളമാണ് മെന്റൽ കോമയിലായത്. എല്ലാം നഷ്ടപ്പെട്ട പോലെയായിരുന്നു അവർ.’’– മുഹമ്മദ് സലാഹുദ്ദീൻ പറഞ്ഞു. ബംഗ്ലദേശ് ലോകകപ്പിൽനിന്നു പുറത്തുപോയതോടെ സ്കോട്‌ലൻഡ് പകരക്കാരായി ടൂർണമെന്റിനെത്തിയിരുന്നു.
ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ രൂക്ഷമാകുന്നതിനിടെ ഇന്ത്യയിൽ പ്രതിഷേധമുണ്ടായതോടെ ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽനിന്ന് ഒഴിവാക്കിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുറിനെ മാറ്റിനിർത്താൻ തീരുമാനിച്ചു. ഇതോടെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിൽ സുരക്ഷയില്ലെന്ന വാദം ഉയർത്തുകയായിരുന്നു. ബംഗ്ലദേശിന്റെ മത്സരങ്ങൾ മാത്രം ശ്രീലങ്കയിലേക്കു മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ ഐസിസി ഇത് വോട്ടിനിട്ട് തള്ളി.
English Summary:







English (US) ·