Published: February 16, 2026 07:45 PM IST
2 minute Read
കൊൽക്കത്ത∙ ഇറ്റലിയെ വീഴ്ത്തി ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ഇംഗ്ലണ്ട്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് ഇറ്റലിയെ ഇംഗ്ലണ്ട് തോൽപ്പിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി, 20 ഓവറിൽ 178 റൺസിന് ഓൾഔട്ടാകുകയായിരുന്നു. വിൽ ജാക്‌സിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച വിജയം സമ്മാനിച്ചത്. ബാറ്റിങ്ങിൽ അർധസെഞ്ചറി നേടിയ ജാക്സ്, നിർണായകമായ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പിൽനിന്ന് വെസ്റ്റിൻഡീസ് നേരത്തെ തന്നെ സൂപ്പർ എട്ടിൽ കടന്നിരുന്നു.
ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വിൽ ജാക്സിന്റെ (22 പന്തിൽ 53*) അർധസെഞ്ചറിയുടെയും ടോം ബാന്റൺ (21 പന്തിൽ 30), ഫിൽ സോൾട്ട് (15 പന്തിൽ 28), സാം കറൻ (19 പന്തിൽ 25) എന്നിവരുടെ ബാറ്റിങ് കരുത്തിലുമാണ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടിയത്. ടൂർണമെന്റിൽ ആദ്യമായാണ് ഇംഗ്ലണ്ട് 200+ ടോട്ടൽ നേടുന്നത്. മറുപടി ബാറ്റിങ്ങിൽ, ബെൻ മാനന്റി (25 പന്തിൽ 60), ഗ്രാന്റ് സ്റ്റുവർട്ട് (23 പന്തിൽ 45), ജസ്റ്റിൻ മോസ്ക (34 പന്തിൽ 43) എന്നിവർ ഇറ്റലിക്കായി പൊരുതിയെങ്കിലും ഇവർ പുറത്തായതോടെ ഇംഗ്ലണ്ട് വിജയത്തിലേക്ക് എത്തുകയായിരുന്നു. ഇംഗ്ലണ്ടിനായി സാം കറൻ (3/22), ജാമി ഓവർട്ടൺ (3/18) എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി.
നാലാം വിക്കറ്റിൽ ബെൻ മാനന്റി– ജസ്റ്റിൻ മോസ്ക സഖ്യം 92 റൺസ് നേടിയാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. 22 പന്തിലാണ് ബെൻ അർധസെഞ്ചറി നേടിയത്. ട്വന്റി20 ലോകകപ്പിൽ ഒരു അസോഷ്യേറ്റ് രാജ്യത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചറിയാണ് ഇത്. ആറു സിക്സുകളും നാലു ഫോറുകളുമാണ് ബെന്നിന്റെ ബാറ്റിൽനിന്നു പിറന്നത്. 12–ാം ഓവറിൽ, വിൽ ജാക്സിനെതിരെ തുടർച്ചയായി നാല് ബൗണ്ടറികളടക്കം (4, 6, 6, 4) 20 റൺസ് നേടിയ ബെൻ, പക്ഷേ അതേ ഓവറിലെ അവസാന പന്തിൽ പുറത്താവുകയായിരുന്നു.
അധികം വൈകാതെ ജസ്റ്റിൻ മോസ്കയും പുറത്തായി. പിന്നീട് ഗ്രാന്റ് സ്റ്റുവർട്ട് അഞ്ച് സിക്സുകളും രണ്ടു ഫോറുമായി കളം നിറഞ്ഞെങ്കിലും 19–ാം ഓവറിൽ സാം കറന്റെ പന്തിൽ പുറത്തായി. അവസാന ഓവറിൽ ജാമി ഓവർട്ടൺ റണ്ണൊന്നും വിട്ടുകൊടുക്കാതെ രണ്ടു വിക്കറ്റ് വീഴ്ത്തിയതോടെ ഇറ്റലിയുടെ ഇന്നിങ്സിന് അവസാനമായി. ടൂർണമെന്റിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ആദ്യമായി ലോകകപ്പ് കളിച്ച ഇറ്റലിയുടെ സൂപ്പർ എട്ട് പ്രതീക്ഷകൾ ഇതോടെ അസ്തമിച്ചു.
∙ അഫ്ഗാൻ കാത്തിരിക്കണംമറ്റൊരു മത്സരത്തിൽ, യുഎഇയെ അഫ്ഗാനിസ്ഥാൻ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചു. യുഎഇ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടക്കുകയായിരുന്നു. ടൂർണമെന്റിൽ അഫ്ഗാനിസ്ഥാന്റെ ആദ്യ ജയമാണിത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ അസ്മത്തുള്ള ഒമർസായ് ആണ് അഫ്ഗാനിസ്ഥാന്റെ വിജയശിൽപി.
യുഎഇയുടെ നാല് വിക്കറ്റ് വീഴ്ത്തിയ ഒമർസായ്, 21 പന്തിൽ 40 റൺസ് നേടി അഫ്ഗാനിസ്ഥനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ആദ്യം ബാറ്റു ചെയ്തു യുഎഇ അർധസെഞ്ചറി നേടിയ സൊഹൈബ് ഖാന്റെയും (48 പന്തിൽ 68), അലിഷാൻ ഷറഫുവിന്റെയും (31 പന്തിൽ 40) ബാറ്റിങ് കരുത്തിലാണ് 160 റൺസ് നേടിയത്. നാല് ഓവറിൽ വെറും 15 റൺസ് മാത്രം വിട്ടുകൊടുത്താണ് ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തിയത്. മറുപടി ബാറ്റിങ്ങിൽ, അഫ്ഗാനിസ്ഥാനായി ഇബ്രാഹിം സദ്രാൻ (41 പന്തിൽ 53) അർധസെഞ്ചറി നേടി.
യുഎഇക്കെതിരെ വിജയിച്ചെങ്കിലും സൂപ്പർ എട്ടിൽ കടക്കണമെങ്കിൽ അഫ്ഗാനിസ്ഥാൻ ഇനിയും കാത്തിരിക്കണം. ഗ്രൂപ്പ് ഡിയിൽനിന്നു മൂന്നു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിലേക്ക് കടന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് നിലവിൽ നാല് പോയിന്റുള്ള ന്യൂസീലൻഡിന്, ചൊവ്വാഴ്ച ചെന്നൈയിൽ കാനഡയെ തോൽപ്പിച്ചാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാം. അങ്ങനെയെങ്കിൽ, മൂന്ന് മത്സരങ്ങളിൽനിന്ന് നിലവിൽ രണ്ട് പോയിന്റുള്ള അഫ്ഗാനിസ്ഥാൻ ഫെബ്രുവരി 19 ന് ചെന്നൈയിൽ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ തോൽപ്പിച്ചാലും ടൂർണമെന്റിൽനിന്ന് പുറത്താകും. കിവീസ്– കാനഡ മത്സരത്തെ ആശ്രയിച്ചാകും അഫ്ഗാനിസ്ഥാന്റെ സൂപ്പർ എട്ട് പ്രവേശം.
English Summary:







English (US) ·