Published: June 17 , 2025 08:59 AM IST
1 minute Read
-
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 20 മുതൽ
-
പരമ്പരയുടെ പേരു മാറ്റിയതിൽ വിമർശനം
ലണ്ടൻ∙ ആൻഡേഴ്സൻ– തെൻഡുൽക്കർ ട്രോഫി എന്നു പുനർനാമകരണം ചെയ്ത ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ട്രോഫി അവതരണച്ചടങ്ങ് മാറ്റി. 14ന് നടക്കേണ്ടിയിരുന്ന പരിപാടി അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് നീട്ടിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ട്രോഫി ഇത്തവണ ഇംഗ്ലിഷ് പേസ് ഇതിഹാസം ജയിംസ് ആൻഡേഴ്സന്റെയും ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കറുടെയും പേരിലേക്കു മാറ്റുകയായിരുന്നു.
എന്നാൽ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ പൂർണമായി ഉപേക്ഷിക്കാൻ ഇരു ക്രിക്കറ്റ് ബോർഡുകളും തീരുമാനിച്ചു. അതേസമയം, ട്രോഫി ലോഞ്ച് ഉപേക്ഷിച്ചിട്ടില്ലെന്നും ആദ്യ ടെസ്റ്റിനു മുൻപു ചടങ്ങ് സംഘടിപ്പിക്കുമെന്നും ബിസിസിഐ അറിയിച്ചു. 20ന് ലീഡ്സിലാണ് 5 മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ്. 2025–2027 ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇംഗ്ലണ്ട് പരമ്പര.
∙ പേര് മാറ്റിയതിൽ വിവാദം
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ട്രോഫിയിൽ നിന്ന് മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പേര് മാറ്റിയതിനെതിരെ പ്രതിഷേധം. സച്ചിൻ തെൻഡുക്കറും ഐസിസി ചെയർമാൻ ജയ് ഷായും പട്ടൗഡിയുടെ പേര് ട്രോഫിയിൽ ഉൾപ്പെടുത്താൻ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടതായാണ് വിവരം. വിദേശത്ത് ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റ് വിജയം സമ്മാനിച്ച ക്യാപ്റ്റനാണ് പട്ടൗഡി.
∙ ഗംഭീർ ഇന്ന് തിരിച്ചെത്തും
അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ഇന്ന് ഇംഗ്ലണ്ടിൽ ടീമിനൊപ്പം ചേരും. അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് 13നാണ് ഗംഭീർ നാട്ടിലേക്കു മടങ്ങിയത്. നിലവിൽ, അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ടീം മാനേജ്മെന്റ് അറിയിച്ചു.
English Summary:







English (US) ·