കണ്ണൂർ ∙ ഫുട്ബോൾ ആവേശം സിരകളിൽ പടരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മെസ്സിയും റൊണാൾഡോയും നെയ്മറും കരുത്തുകാട്ടാനിറങ്ങുന്ന കളിക്കളത്തിൽ പന്തുതട്ടാൻ ഒരു മലയാളിയുമുണ്ട്. ഖത്തർ ടീമിനുവേണ്ടിയാണ് കണ്ണൂരിൽ വേരുകളുള്ള തഹ്സീൻ മുഹമ്മദ് ബൂട്ടു കെട്ടുന്നത്. ഇന്ത്യയ്ക്ക് വേണ്ടിയല്ലെങ്കിലും മലയാളി ലോകകപ്പിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ.
വളപട്ടണം തങ്ങൾവയലിലെ പുൽമൈതാനത്ത് കളിക്കാനിറങ്ങിയ തഹ്സീനെ അയൽവാസികൾ മറന്നിട്ടില്ല. വളപട്ടണത്തെ തറവാടായ ചങ്ങളാംചാലിപ്പറത്ത് (കൊട്ടക്കാന്റവിടെ) വീട്ടിലെ അംഗമായ തഹ്സീൻ വർഷങ്ങളായി പിതാവ് ജംഷീദിനും മാതാവ് ഷൈമയ്ക്കുമൊപ്പം ഖത്തറിലാണ് താമസം. ഇവരുടെ ബന്ധുക്കളും ഖത്തർ, ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ്. ജംഷീദ് തലശ്ശേരി സ്വദേശിയാണ്.
നിലവിൽ ഖത്തർ ടീമിനായി കളത്തിലിറങ്ങുന്ന തഹ്സീൻ മുഹമ്മദ് എന്ന ഇരുപതുകാരൻ മലയാളികളായ ഫുട്ബോൾ പ്രേമികളുടെ സ്വപ്നത്തിനൊപ്പം പന്തു തട്ടുകയാണ്. ഖത്തറിന്റെ 26 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ തഹ്സീനും ഇടംപിടിച്ചു. ഖത്തർ സ്റ്റാർസ് ലീഗിൽ അൽദുഹൈലിന് വേണ്ടി കളിക്കുന്ന തഹ്സീൻ, ഖത്തർ ടോപ്പ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ്. യുഎസ്എയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കഠിന പരിശീലനത്തിലാണ് തഹ്സീൻ.
∙ കളിക്കളത്തിലേക്ക് കൈ പിടിച്ചത് ഉപ്പഫുട്ബോൾ കളിക്കാരനായിരുന്ന ഉപ്പ ജംഷീദാണ് തഹ്സീനെ കളിക്കളത്തിലേക്ക് കൈപിടിച്ചു നടത്തിയത്. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിച്ച ജംഷീദ്, അന്തർ സർവകലാശാല കിരീടം നേടിയ കാലിക്കറ്റ് സർവകലാശാല ടീമിന്റെ ഉപനായകനുമായിരുന്നു. പരുക്കേറ്റ് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതോടെയാണ് ജോലി തേടി ഗൾഫിലേക്ക് പോയത്. ഖത്തറിൽ ഏറെ തിരക്കുള്ള അക്കൗണ്ടന്റ് ജോലിക്കിടയിലും മകന്റെ ഫുട്ബോൾ അഭിനിവേശം വളർത്താൻ ജംഷീദിനായി. മകനെ ലോകകപ്പ് ടീമിൽ എത്തിക്കുന്നത് വരെ എല്ലാ പിന്തുണയും നൽകി കൂടെ നിന്നു.
2024ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ നടത്തിയ മിന്നൽപോരാട്ടമാണ് ഖത്തർ ദേശീയ ടീമിൽ തഹ്സീന്റെ സ്ഥാനമുറപ്പിച്ചത്. ഖത്തറിന്റെ അണ്ടർ 16 ടീമിലും ഖത്തർ സ്റ്റാർ ലീഗ് ക്ലബ്ബുകളിലും കഴിവ് തെളിയിച്ചു. തഹ്സീൻ നാലുവർഷം മുൻപാണ് വളപട്ടണത്ത് ഉമ്മയുടെ തറവാട്ടിലെത്തിയത്. വളപട്ടണം സെലക്റ്റഡ് ക്ലബ്ബ് പ്രസിഡന്റ് സി. ഹനീഫയും പി.എം. നിഷാലും തഹ്സീനെ ഖത്തറിൽ പോയി ആദരിച്ചിരുന്നു. തഹ്സീൻ കളത്തിലിറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് നാട്ടുകാർ.
∙ ഫ്ലക്സും ബാനറുകളുമായി നാട്ടുകാർനാട്ടുകാർ വലിയ ആവേശത്തിലാണെന്ന് ബന്ധുവും അയൽവാസിയുമായ സി. ഹനീഫ മനോരമ ഓൺലൈനോട് പറഞ്ഞു. നാട്ടിലെത്തിയാൽ തഹ്സീൻ കുട്ടികളുടെ കൂടെ ഫുട്ബോൾ കളിക്കാൻ വയലിലേക്ക് പോകും. ഒരു തവണ വിവാഹത്തിന് നാട്ടിലെത്തിയപ്പോൾ തഹ്സീനെ കാണാതെയായി. അന്വേഷിച്ചു ചെന്നപ്പോൾ കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നിടത്തു നിന്നാണ് കണ്ടത്. ഫുട്ബോൾ എന്നാൽ ചെറുപ്പം മുതലേ അവന് ജീവനായിരുന്നു. വളർന്നതും പഠിച്ചതും ഖത്തറിലാണെങ്കിലും മലയാളം നന്നായി അറിയാം. നാട്ടിലെല്ലായിടത്തും തഹ്സീന്റെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്ന ആവേശത്തിലാണ് ബന്ധുക്കളും അയൽവാസികളും. എല്ലാവരും വലിയ ആഹ്ലാദത്തിലാണെന്നും ഹനീഫ പറഞ്ഞു.
English Summary:








English (US) ·