Published: May 18, 2026 06:10 PM IST
1 minute Read
ധരംശാല ∙ ഐപിഎലിൽ ഈ സീസണിൽ പ്ലേഓഫിൽ കടക്കുന്ന ആദ്യ ടീമാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ പഞ്ചാബിനെതിരെ 23 റൺസ് ജയം നേടിയാണ് നിലവിലെ ചാംപ്യന്മാരായ ആർസിബി പ്ലേഓഫ് ഉറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് 199 റൺസ് നേടാനേ സാധിച്ചുള്ളൂ.
വെങ്കടേഷ് അയ്യരുടെയും (40 പന്തിൽ 73 നോട്ടൗട്ട്) വിരാട് കോലിയുടെയും (37 പന്തിൽ 58) അർധ സെഞ്ചറിയുടെ കരുത്തിലാണ് ബെംഗളൂരു കൂറ്റൻ സ്കോർ നേടിയത്. മറുപടി ബാറ്റിങ്ങിൽ ശശാങ്ക് സിങ് (27 പന്തിൽ 56) മാർക്കസ് സ്റ്റോയിനിസ് (25 പന്തിൽ 37) കൂപ്പർ കാനലി (22 പന്തിൽ 37) സൂര്യാംശ് ശെഡ്ഗെ (22 പന്തിൽ 35) എന്നിവരിലൂടെ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണത് പഞ്ചാബിന് തിരിച്ചടിയായി. സ്കോർ: ബെംഗളൂരു 20 ഓവറിൽ 4ന് 222. പഞ്ചാബ് 20 ഓവറിൽ 8ന് 199.
വെടിക്കെട്ട് അർധസെഞ്ചറി നേടിയ വെങ്കടേഷ് അയ്യരാണ് പ്ലെയർ ഓഫ് ദ് മാച്ച്. അർധസെഞ്ചറി തികച്ചതിനു പിന്നാലെ വെങ്കടേഷ് അയ്യർ നടത്തിയ ആഘോഷപ്രകടനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തന്റെ സിനിമകളിൽ കാണിച്ച ആംഗ്യം അനുകരിച്ചായിരുന്നു വെങ്കടേഷിന്റെ ആഘോഷം. 17–ാം ഓവറിൽ പഞ്ചാബ് പേസർ ലോക്കി ഫെർഗൂസണെ സിക്സർ പറത്തിയാണ് വെങ്കടേഷ് ഈ സീസണിൽ തന്റെ ആദ്യ അർധസെഞ്ചറിയും ഐപിഎലിൽ 13–ാം അർധസെഞ്ചറിയും നേടിയത്. തൊട്ടുപിന്നാലെ ബാറ്റു താഴെ വച്ച് രണ്ടു കയ്യും ഉയർത്തി വിലങ്ങനെ വച്ചാണ് വെങ്കടേഷ് ആഘോഷിച്ചത്. ‘മെർസൽ’ എന്ന ചിത്രത്തിലൂടെ വിജയ് പ്രശസ്തമാക്കിയ ആംഗ്യമാണിത്.
2025 സീസണിൽ 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ച വെങ്കടേഷ്, ഈ സീസണിനു മുന്നോടിയായി ഏഴു കോടി രൂപയ്ക്കാണ് ആർസിബിയിലെത്തിയത്. എന്നാൽ ഇന്നലെ പഞ്ചാബിനെതിരെ ഉൾപ്പെടെ നാലു മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശ് താരമാണ് വെങ്കടേഷ് അയ്യർ.
English Summary:







English (US) ·