വൈഭവിന്റെ തൂക്കിയടി, 38 പന്തിൽ 93, ജുറേലിന് അർധ സെഞ്ചറി, വമ്പൻ വിജയം, പ്ലേ ഓഫിനരികെ രാജസ്ഥാൻ റോയൽസ്

1 week ago 7

ഓൺലൈൻ ഡെസ്ക്

Published: May 19, 2026 09:43 PM IST Updated: May 19, 2026 11:40 PM IST

2 minute Read

 ARUN SANKAR / AFP
ജോഷ് ഇംഗ്ലിഷും മിച്ചൽ മാർഷും ബാറ്റിങ്ങിനിടെ. Photo: ARUN SANKAR / AFP

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി രാജസ്ഥാൻ റോയൽസിന് ഏഴാം വിജയം. ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ലക്നൗ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ വിജയത്തിലെത്തി. 14 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. 0.083 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരം ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം.

മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. 38 പന്തുകൾ നേരിട്ട വൈഭവ്, 10 സിക്സുകളും ഏഴു ഫോറുകളുമുൾപ്പടെ 93 റൺസാണ് അടിച്ചെടുത്തത്. 38 പന്തുകളിൽ 53 റൺസെടുത്ത ധ്രുവ് ജുറെൽ പുറത്താകാതെനിന്നു. യശസ്വി ജയ്സ്വാളും (23 പന്തിൽ 43) ബാറ്റിങ്ങിൽ തിളങ്ങി. ഓപ്പണിങ് വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത യശസ്വി ജയ്സ്വാൾ– വൈഭവ് സൂര്യവംശി സഖ്യം രാജസ്ഥാനു മികച്ച തുടക്കമാണു നൽകിയത്. പതിവിനു വിപരീതമായി ആദ്യ പന്തുകളിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വൈഭവിനെയാണ് ജയ്പുരിൽ കണ്ടത്. വൈഭവ് താളം കണ്ടെത്തിയപ്പോഴേക്കും ജയ്‍സ്വാൾ പുറത്താകുകയും ചെയ്തു.

വൈഭവ് തുടക്കത്തിൽ പിന്നോട്ടുപോയപ്പോൾ, തകർത്തടിച്ച ജയ്സ്വാളാണ് റണ്ണൊഴുക്കിന്റെ വേഗത കൂട്ടിയത്. പവർപ്ലേയിൽ വിക്കറ്റുപോകാതെ 71 റണ്‍സ് രാജസ്ഥാൻ നേടി. ആകാശ് സിങ് എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തിൽ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് ജയ്സ്വാളിനെ പുറത്താക്കി. പിന്നാലെയെത്തിയ ധ്രുവ് ജുറെലും തകർത്തടിച്ചതോടെ രാജസ്ഥാനു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. മൊഹ്സിൻ ഖാന്റെ 14–ാം ഓവറിലെ അവസാന പന്തിൽ പുറത്തായെങ്കിലും, രാജസ്ഥാനെ സുരക്ഷിത നിലയിലെത്തിച്ച ശേഷമാണു വൈഭവ് മടങ്ങിയത്. 23 പന്തിൽ അർധ സെഞ്ചറിയിലെത്തിയ വൈഭവ് 10 സിക്സുകളാണ് ജയ്പുരിൽ ബൗണ്ടറി കടത്തിയത്. വൈഭവിനു പിന്നാലെയെത്തിയ ലുവാൻ ഡെ പ്രിട്ടോറിയസ് ഏഴു റൺസ് മാത്രമെടുത്തു പുറത്തായി. എന്നാൽ അർധ സെഞ്ചറിയുമായി ധ്രുവ് ജുറെലും 16 റൺ‍സടിച്ച ഡോനോവൻ ഫെറേറയും ചേർന്ന് 19.1 ഓവറിൽ രാജസ്ഥാന്റെ വിജയറൺസ് കുറിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. ഓപ്പണർമാരായ മിച്ചൽ മാർഷും ജോഷ് ഇംഗ്ലിഷും അർധ സെഞ്ചറികൾ നേടി. 57 പന്തുകൾ നേരിട്ട മിച്ചൽ മാർഷ് അഞ്ച് സിക്സുകളും 11 ഫോറുകളുമുൾപ്പടെ 96 റൺസെടുത്തു. 29 പന്തുകളിൽനിന്ന് ജോഷ് ഇംഗ്ലിഷ് 60 റൺസടിച്ചും പുറത്തായി. 23 പന്തിൽ 35 റൺസടിച്ച ക്യാപ്റ്റൻ ഋഷഭ് പന്തും ലക്നൗവിനായി തിളങ്ങി.

ഓപ്പണർമാരായ മിച്ചല്‍ മാർഷും ജോഷ് ഇംഗ്ലിഷും ചേർന്നുനൽകിയ സെഞ്ചറി കൂട്ടുകെട്ടാണ് ലക്നൗ ഇന്നിങ്സിന്റെ നട്ടെല്ല്. ഇരുവരും ചേർന്ന് നേരിട്ട 50 പന്തുകളിൽ 109 റൺസാണ് ലക്നൗവിന്റെ സ്കോർ ബോർഡിലെത്തിയത്. പവർപ്ലേയിൽ വിക്കറ്റു പോകാതെ 83 റൺസടിച്ച ലക്നൗ, എട്ടോവറിൽ 100 കടന്നു. സ്കോർ 109ൽ നിൽക്കെ ജോഷ് ഇംഗ്ലിഷിനെ രാജസ്ഥാൻ യുവതാരം യഷ് രാജ് പുഞ്ച ബോൾഡാക്കി. പിന്നാലെയെത്തിയ നിക്കോളാസ് പുരാൻ രണ്ട് സിക്സുകളടിച്ച് തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് എത്തിച്ചേരാനായില്ല. 11 പന്തിൽ 16 റൺസടിച്ച താരത്തെ യഷ് രാജിന്റെ പന്തിൽ ഡോനോവൻ ഫെരേര ക്യാച്ചെടുത്തു പുറത്താക്കി. ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് മിച്ചൽ മാർഷ് തകർത്തടി തുടർന്നതോടെ ലക്നൗ 200 കടന്നു. 35 റൺസടിച്ച ഋഷഭ് പന്ത് റൺഔട്ടായാണു മടങ്ങിയത്. പിന്നാലെ മിച്ചൽ മാര്‍ഷിനെ യശസ്വി ജയ്സ്വാൾ റൺഔട്ടാക്കി. ആയുഷ് ബദോനി നേരിട്ട ആദ്യ പന്തിൽ ബോൾഡായി. ജോഫ്ര ആർച്ചർക്കാണു വിക്കറ്റ്. അവസാന സ്ഥാനക്കാരായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തേ അവസാനിച്ചു.

English Summary:

Indian Premier League 2026, Rajasthan Royals vs Lucknow Super Giants Match Live Updates

Read Entire Article