മുല്ലൻപുർ ∙ ബാറ്റിങ്ങിലെ കരുത്ത് വൈഭവ് സൂര്യവംശി, ബോളിങ്ങിലെ കുന്തമുന ജോഫ്ര ആർച്ചർ; ആവനാഴിയിലെ ഈ രണ്ട് ‘ആയുധങ്ങളും’ എതിരാളികൾക്കു നേരെ ഒരുപോലെ പ്രയോഗിച്ചാൽ ഫലം എന്താകുമെന്ന് ഊഹിക്കാമല്ലോ? മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ സംഭവിച്ചതും അതുതന്നെയാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ അന്ത്യം! എലിമിനേറ്ററിൽ പോരിൽ രാജസ്ഥാൻ റോയൽസിനോട് ദയനീയ തോൽവി ഏറ്റുവാങ്ങി സൺറൈസസേഴ്സ് ഹൈദരാബാദ് ഐപിഎലിൽനിന്നു പുറത്ത്. 47 റൺസിനാണ് രാജസ്ഥാന്റെ ജയം. രാജസ്ഥാൻ ഉയർത്തിയ 244 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19.2 ഓവറിൽ 196 റൺസിന് ഓൾഔട്ടായി. മൂന്നു നിർണായക വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചറാണ് ഹൈദരാബാദിനെ തകർത്തത്. 20 പന്തിൽ 38 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. 29നു നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ രാജസ്ഥൻ നേരിടും.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിനെ ആദ്യ ഓവറിൽ തന്നെ ആർച്ചർ ഞെട്ടിച്ചു. വമ്പൻ അടിക്കാരനായ ഓപ്പണർ അഭിഷേക് ശർമ സംപൂജ്യനായി പുറത്ത്. ആ ‘ഷോക്കിൽ’നിന്ന് പിന്നീട് ഒരിക്കലും പോലും ഹൈദരബാദ് കരകയറിയില്ല. പിന്നീടെത്തിയ ഇഷാൻ കിഷൻ (11 പന്തിൽ 33) സിക്സറുകളും ബൗണ്ടറികളുമായി ആരംഭിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. മൂന്നാം ഓവറിൽ ആർച്ചർ തന്നെ ഇഷാനെ ഡൊണോവൻ ഫെരേരയുടെ കൈകളിൽ എത്തിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ സ്മരൺ രവിചന്ദ്രനെ (4 പന്തിൽ 1) നന്ദ്രെ ബർഗറും പിന്നാലെ ട്രാവിസ് ഹെഡിനെ (8 പന്തിൽ 17) ആർച്ചറും വീഴ്ത്തി. ഇതോടെ 4.4 ഓവറിൽ 4ന് 54 എന്ന നിലയിലേക്ക് വീണു ഹൈദരാബാദ്.
മറ്റൊരു വമ്പൻ അടിക്കാരൻ ഹെയ്‌ൻറിച് ക്ലാസനും കാര്യമായ സംഭവന നൽകാനായില്ല. 10 പന്തിൽ 18 റൺസെടുത്ത ക്ലാസനെ ഏഴാം ഓവറിൽ യഷ് രാജ് പുഞ്ച വിക്കറ്റിനു മുന്നിൽ കുരുക്കി. ആറാം വിക്കറ്റിൽ ഒന്നിച്ച നിതീഷ് കുമാർ റെഡ്ഡി– സലിൽ അറോറ സഖ്യമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു. 11–ാം ഓവറിൽ റെഡ്ഡിയെ വീഴ്ത്തി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെത്തിയെ പാറ്റ് കമ്മിൻസ് (2 പന്തിൽ 1) വന്നപോലെ തന്നെ സുശാന്ത് മിശ്രയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അധികം വൈകാതെ സലിൽ അറോറ (21 പന്തിൽ 35), ഈഷൻ മല്ലിംഗ (8 പന്തിൽ 5), ശിവാംഗ് കുമാർ (24 പന്തിൽ 27) എന്നിവർ കൂടി പുറത്തായതോടെ ഹൈദരാബാദ് ഇന്നിങ്സിന് അന്ത്യമായി. ആർച്ചറെ കൂടാതെ നാന്ദ്ര ബർഗർ, രവീന്ദ്ര ജഡേജ, സുശാന്ത് മിശ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ യഷ് രാജ് പുഞ്ച ഒരു വിക്കറ്റെടുത്തു.
∙ വൈഭവ് ‘ബോസ്’!മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ, സിക്സറുകളുടെ ‘മഹാരാജ’യായി വൈഭവ് സൂര്യവംശി എന്ന പതിനഞ്ചുകാരൻ കത്തിക്കയറിയപ്പോൾ ടീം ഭേദമില്ലാതെ ഓരോ ക്രിക്കറ്റ് ആരാധകനും അതു വിരുന്നായി. ഐപിഎൽ പ്ലേഓഫിലെ ജീവന്മരണ പോരാട്ടമായ എലിമിനേറ്റർ റൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മത്സരത്തിൽ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ് കരുത്തിൽ രാജസ്ഥാൻ റോയൽസ് കുറിച്ചത് കൂറ്റൻ ടോട്ടൻ. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 243 റൺസെടുത്തത്.
ഐപിഎൽ രാജസ്ഥാന്റെ ഏറ്റവും ഉയർന്ന ടോട്ടലും ഐപിഎൽ പ്ലേഓഫിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലുമാണിത്. ഇന്നലെ ഗുജറത്തിനെതിരെ ആർസിബി നേടിയ 254/5 ആണ് ഒന്നാമത്. അർധസെഞ്ചറി നേടിയ വൈഭവ് സൂര്യവംശി (29 പന്തിൽ 97), ധ്രുവ് ജുറേൽ (21 പന്തിൽ 50) എന്ന ബാറ്റിങ് കരുത്തിലാണ് രാജസ്ഥാൻ മികച്ച സ്കോർ കണ്ടെത്തിയത്. അവസാന ഓവറുകൾ തുടരെ വിക്കറ്റുകൾ വീഴ്ത്തി സൺറൈസേഴ്സ് ബോളർമാർ പിടിച്ചുകെട്ടിയതോടെയാണ് സ്കോർ ഇവിടെ നിന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ എല്ലാം പ്രതീക്ഷകളും വൈഭവ് സൂര്യവംശിയിലായിരുന്നു. ആ പ്രതീക്ഷകളെ ശരിവച്ച് വൈഭവ് ‘കൊടുങ്കാറ്റ്’ ആഞ്ഞുവീശിയപ്പോൾ സൺറൈസേഴ്സ് ഹൈദരാബദ് ബോളർമാരെല്ലാം കടപുഴകി. പാറ്റ് കമ്മിൻസ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്ത് സിക്സർ പറത്തിയാണ് വൈഭവ് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് 11 സിക്സുകൾ കൂട, 5 ഫോറുകൾ. രണ്ടാം ഓവറിൽ ഒരു സിക്സ്, മൂന്നാം ഓവറിൽ ഹാട്രിക് സിക്സ്, നാലാം ഓവറിൽ രണ്ട് സിക്സ്. അങ്ങനെ പവർപ്ലേയിൽ മാത്രം എട്ടു സിക്സുകൾ. വെറും 16 പന്തിൽ അർധസെഞ്ചറി. പവർപ്ലേ പൂർത്തിയാകുമ്പോൾ രാജസ്ഥാൻ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസ്. അതിൽ 60 ഉം വൈഭവിന്റെ ബാറ്റിൽനിന്ന്.
പവർപ്ലേയ്ക്കു ശേഷവും വൈഭവ് ‘ഹൈ’ ഗിയർ ‘ഡൗൺ’ ചെയ്തില്ല. വീണ്ടും പിറന്നത് നാല് സിക്സുകൾ. എന്നാൽ റെക്കോർഡ് സെഞ്ചറിയിലേക്ക് കുതിച്ച വൈഭവിന് എട്ടാം ഓവറിലെ അവസാന പന്തിൽ പഴിച്ചു. പ്രഫുൽ ഹിൻഗയെ തേർഡ് മാനിലേക്ക് പായിച്ച പന്ത് , സ്മരൺ രവിചന്ദ്രൻ കൈപ്പിടിയിലൊതുക്കി. സെഞ്ചറിക്ക് വെറും 3 റൺസകലെയാണ് വൈഭവ് വീണത്. അതും ഒരുപക്ഷേ ബൗണ്ടറി ആകുകയായിരുന്നെങ്കിൽ ഐപിഎലിലെ വേഗമേറിയ സെഞ്ചറിയെന്ന പേരും വൈഭവിന്റെ പേരിലാകുമായിരുന്നു. എങ്കിലും എട്ടാം ഓവറിൽ വൈഭവ് പുറത്താകുമ്പോൾ രാജസ്ഥാൻ സ്കോർ 125ൽ എത്തിയിരുന്നു.
മൂന്നാമനായി ഇറങ്ങിയ ധ്രുവ് ജുറേലും അതേ ‘അടിനയം’ തന്നെയാണ് തുടർന്നത്. 11–ാം ഓവറിൽ യശസ്വി ജയ്സ്വാളിനെ (29 പന്തിൽ 29) ശിവാംഗ് കുമാർ പുറത്താക്കി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ജുറേൽ– റിയാൻ പരാഗ് സഖ്യം റൺറേറ്റ് താഴാതെ രാജസ്ഥാൻ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. 20 പന്തിൽ അർധസെഞ്ചറി നേടിയ ജുറേലിനെ 14–ാം ഓവറിൽ പ്രഫുൽ ഹിൻഗെ വീഴ്ത്തി. മൂന്നു സിക്സും അഞ്ച് ഫോറുമാണ് ജുറേലിന്റെ ബാറ്റിൽനിന്നു പിറന്നത്. വീണ്ടും ‘സിക്സറുകളുമായി’ പരാഗ് ക്രീസിൽ തുടർന്നെങ്കിലും 16–ാം ഓവറിൽ പ്രഫുൽ തന്നെ പരാഗിനെയും വീഴ്ത്തി. അപ്പോഴേയ്ക്കും രാജസ്ഥാൻ സ്കോർ 207ൽ എത്തിയിരുന്നു.
ഇതിനുശേഷമെത്തിയ ഒരു ബാറ്റർക്കും കാര്യമായ സംഭവനകൾ നൽകാൻ സാധിക്കാതെ പോയതോടെയാണ് രാജസ്ഥാൻ സ്കോർ 250നു താഴെ ഒതുങ്ങിയത്. ദസുൻ ശനക (3 പന്തിൽ 5) , ഡൊണോവൻ ഫെരേര (9 പന്തിൽ 12), ജോഫ്ര ആർച്ചർ (5 പന്തിൽ 4), നാന്ദ്ര ബർഗർ (1 പന്തിൽ 1) എന്നിങ്ങനെയാണ് പുറത്തായ മറ്റു ബാറ്റർമാരുടെ സ്കോറുകൾ. രവീന്ദ്ര ജഡേജ (9 പന്തിൽ 12*), സുശാന്ത് മിശ്ര (3 പന്തിൽ 1*) എന്നിവർ പുറത്താകാതെ നിന്നു. സൺറൈസേഴ്സ് ഹൈദരാബാദിനായി പ്രഫുൽ ഹിൻഗെ 3 വിക്കറ്റും ഈഷൻ മല്ലിംഗ, ശിവാംഗ് കുമാർ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഉൾപ്പെടെ മൂന്നു ബോളർമാർ അമ്പതിലധികം റൺസ് വഴങ്ങി. കമ്മിൻസ് വഴങ്ങിയ 64 റൺസ്, ഒരു ട്വന്റി20 മത്സരത്തിൽ താരം വഴങ്ങുന്ന ഏറ്റവും ഉയർന്ന സ്കോറാണ്.
∙ ടോസ് ഹൈദരാബാദിന്ഐപിഎൽ പ്ലേഓഫിലെ ജീവന്മരണ പോരാട്ടമായ എലിമിനേറ്റർ റൗണ്ടിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രാജസ്ഥാൻ റോയൽസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇരുടീമുകളിലും ഓരോ മാറ്റം വീതുമുണ്ട്. ഹൈദരാബാദ് ഇലവനിൽ പ്രഫുൽ ഹിൻഗെ തിരിച്ചെത്തിയപ്പോൾ രാജസ്ഥാൻ ടീമിലേക്ക് രവീന്ദ്ര ജഡേജ എത്തി.
∙ പ്ലേയിങ് ഇലവൻ
സൺറൈസേഴ്സ് ഹൈദരാബാദ്:
അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹെയ്ൻറിച് ക്ലാസൻ, സ്മരൺ രവിചന്ദ്രൻ, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഇഷാൻ മലിംഗ, സാക്കിബ് ഹുസൈൻ, പ്രഫുൽ ഹിൻഗെരാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജൂറൽ(വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്(ക്യാപ്റ്റൻ), ഡൊണോവൻ ഫെരേര, ദസുൻ ശനക, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ, യഷ് രാജ് പുഞ്ച
English Summary:







English (US) ·