പെർത്ത് ∙ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായിക്കാം, പക്ഷേ ഏകദിന ക്രിക്കറ്റിൽ ‘നമ്പർ വൺ’ എന്നു തെളിയിക്കാൻ ഇന്ത്യയ്ക്കു മുന്നിൽ ഒരു കടമ്പ കൂടി ബാക്കിയുണ്ട്; ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ കീഴടക്കുക! ഐതിഹാസിക വിജയങ്ങളുടെയും ഹൃദയം തകർത്ത തോൽവികളുടെയും ചരിത്രം പേറുന്ന ഇന്ത്യ– ഓസ്ട്രേലിയ ക്രിക്കറ്റ് പോരാട്ടങ്ങളുടെ പുതിയ അധ്യായത്തിന് ഇന്നു തുടക്കമാകുന്നു.
3 മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു വേദിയാകുന്നത് പെർത്ത് സ്റ്റേഡിയം. ഓസ്ട്രേലിയയിൽ ഏകദിന പരമ്പര വിജയത്തിനായുള്ള 7 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ദൗത്യമാണ് ക്യാപ്റ്റൻസിയിലെ തന്റെ കന്നി പോരാട്ടത്തിൽ ശുഭ്മൻ ഗില്ലിനു മുന്നിലുള്ളത്. സീനിയർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും തിരിച്ചുവരവും ഈ വർഷത്തെ ചാംപ്യൻസ് ട്രോഫി കിരീടനേട്ടവും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഇന്ത്യൻ സമയം ഇന്നു രാവിലെ 9 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
നോട്ടപ്പുള്ളികൾക്യാപ്റ്റൻസിയുടെ കവചമില്ലാതെ ടീമിൽ തുടരുന്ന രോഹിത് ശർമയുടെയും വിരാട് കോലിയുടെയും പ്രകടനം സൂക്ഷ്മമായി വിലയിരുത്തുമെന്ന സൂചന ചീഫ് സിലക്ടർ അജിത് അഗാർക്കർ നൽകിക്കഴിഞ്ഞു. രാജ്യാന്തര മത്സരങ്ങൾക്കിടയിലെ നീണ്ട ഇടവേള ഇവരുടെ പ്രകടനത്തെ തളർത്തുമോ? 2027 ലോകകപ്പിനുള്ള ടീമിൽ ഇവർക്ക് സ്ഥാനം ലഭിക്കുമോ?... ഈ ചോദ്യങ്ങൾക്കെല്ലാം ബാറ്റുകൊണ്ട് മറുപടി പറയാൻ രോഹിത്തിനും കോലിക്കും സുവർണാവസരമാണ് ഈ പരമ്പര.
റെഡ്ഡി റെഡി!ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡിയുടെ ഏകദിന അരങ്ങേറ്റത്തിന് ഇന്നു പെർത്ത് വേദിയായേക്കും. ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതോടെയാണ് നിതീഷ് ഏകദിന ടീമിലെത്തിയത്. ശ്രേയസ് അയ്യരും കെ.എൽ.രാഹുലും ഉൾപ്പെടുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. അക്ഷർ പട്ടേലിനൊപ്പം രണ്ടാം സ്പിന്നറാകാൻ കുൽദീപ് യാദവും വാഷിങ്‌ടൻ സുന്ദറും തമ്മിലാണ് മത്സരം. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് സിറാജും അർഷ്‌ദീപ് സിങ്ങുമാണ് പേസ് ബോളിങ് നയിക്കുക. പ്രസിദ്ധ് കൃഷ്ണയെ മറികടന്ന് മൂന്നാം പേസറായി ഹർഷിത് റാണയെത്തിയേക്കും. പരുക്കു ഭേദമാകാത്ത പാറ്റ് കമിൻസിനു പകരം മിച്ചൽ മാർഷാണ് ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ.
മഴയ്ക്കു സാധ്യതഇതുവരെ 3 രാജ്യാന്തര ഏകദിന മത്സരങ്ങൾക്കു മാത്രമാണ് പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയം വേദിയായിട്ടുള്ളത്. മറ്റൊരിടത്തു നിർമിച്ച്, പരിപാലിച്ച ‘ഡ്രോപ് ഇൻ പിച്ചുകളാണ് ഇവിടത്തേത്. ബോളർമാരെ സഹായിക്കുന്നതാണ് പെർത്തിലെ പിച്ചുകളുടെ പൊതുസ്വഭാവം. ഇതുവരെ നടന്ന 3 മത്സരങ്ങളിൽ രണ്ടിലും രണ്ടാമത് ബാറ്റു ചെയ്ത ടീം വിജയിച്ചു. 153 റൺസാണ് ചേസ് ചെയ്തു കീഴടക്കിയ ഉയർന്ന ടീം സ്കോർ. സ്റ്റേഡിയത്തിൽ ഇന്നു മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
വിജയ വഴി തേടി ഹർമൻ ആൻഡ് ടീം
ഇൻഡോർ ∙ ബോളിങ് നിരയുടെ ബലക്കുറവിനെക്കുറിച്ചുള്ള ആശങ്കകൾക്കിടെ വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം. കരുത്തരായ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ഇന്ത്യ, ബോളിങ് ലൈനപ്പിൽ മാറ്റം വരുത്തിയേക്കും. 2 വീതം ജയവും തോൽവിയുമായി പോയിന്റ് പട്ടികയിൽ നാലാമതുള്ള ഇന്ത്യയ്ക്കു സെമി സാധ്യത നിലനിർത്താൻ അടുത്ത 3 മത്സരങ്ങളിൽ 2 ജയം അനിവാര്യമാണ്. ഉച്ചകഴിഞ്ഞ് 3 മുതലുള്ള മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം.
കഴിഞ്ഞ 2 മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ ഇന്ത്യയെ തോൽവിയിലേക്കു നയിച്ചത് ബോളിങ് നിരയുടെ മോശം പ്രകടനമാണ്.
English Summary:







English (US) ·