ശ്രേയസ്സ് നയിക്കും, രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യാൻ സഞ്ജു: കിവീസിനെതിരെ പുതിയ ‘ടെസ്റ്റ്’ എന്ന് സൂചന നൽകി ഗംഭീർ

2 hours ago 1

ഓൺലൈൻ ഡെസ്‌ക്

Published: September 24, 2026 11:19 PM IST

2 minute Read

സഞ്ജു സാംസൺ, ശ്രേയസ് അയ്യർ (X/@BCCI)
സഞ്ജു സാംസൺ, ശ്രേയസ് അയ്യർ (X/@BCCI)

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത മാസം നടത്തുന്ന ന്യൂസീലൻഡ് പര്യടനത്തിൽ ടെസ്റ്റ് മത്സരങ്ങൾക്കായി തയാറെടുക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിന് ഏകദിന ടീമിൽനിന്നു ചില താരങ്ങൾക്ക് ഇടവേള നൽകിയേക്കുമെന്ന് സൂചന നൽകി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ചുരുങ്ങിയ സമയത്തിനുള്ളിൽ 50 ഓവർ ക്രിക്കറ്റിൽ നിന്ന് അഞ്ച് ദിവസത്തെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കളിശൈലി മാറ്റുന്നത് വലിയ വെല്ലുവിളിയാണെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. ന്യൂസീലൻഡ് പര്യടനമെന്ന് എടുത്ത് പറഞ്ഞില്ലെങ്കിലും, നീണ്ട പര്യടനത്തിന്റെ ഷെഡ്യൂൾ പ്രകാരം അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം കഴിഞ്ഞ് വെറും മൂന്ന് ദിവസങ്ങൾക്ക് ശേഷം, നവംബർ 19ന് വെല്ലിങ്ടനിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഏകദിന, ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിലായ ആകെ 12 മത്സരങ്ങളാണ് പര്യടനത്തിലുള്ളത്.

What you should work next

ഇന്ത്യയുടെ ആഭ്യന്തര സീസണിന് മുന്നോടിയായി ‘ജിയോസ്റ്റാറിനോട്’ സംസാരിക്കുമ്പോഴാണ് ഗംഭീർ ഇക്കാര്യം വ്യക്തമാക്കിയത്: ‘‘പലപ്പോഴും ടെസ്റ്റ് മത്സരങ്ങളുടെ തയാറെടുപ്പുകൾക്കായി ബാറ്റർമാർക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിശ്രമം നൽകേണ്ടി വരും. കാരണം ട്വന്റി20യിൽ നിന്ന് ഏകദിനത്തിലേക്ക് മാറുന്നത് എളുപ്പമാണ്.’’ – ഗംഭീർ പറഞ്ഞു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ-ബാറ്റർ കെ.എൽ. രാഹുൽ, ഓപ്പണർ യശസ്വി ജയ്‌സ്വാൾ, പേസർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി എന്നിവരടങ്ങുന്ന പ്രമുഖ ഏകദിന താരങ്ങളിൽ ചിലർ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിനായി ഏതാനും ഏകദിനങ്ങളിൽ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് സൂചന.

പരിശീലകർക്കും സിലക്ടർമാർക്കും എല്ലാ ഫോർമാറ്റിലും തിളങ്ങുന്ന കളിക്കാരെ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ഭാവിയിൽ മൂന്നു ഫോർമാറ്റിലും ഒരേപോലെ കളിക്കുന്ന താരങ്ങൾ വളരെ കുറവായിരിക്കുമെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. ‘‘ഏതൊരു പരിശീലകനെ സംബന്ധിച്ചും പരമാവധി കളിക്കാർ മൂന്നു ഫോർമാറ്റിലും കളിക്കുന്നത് വളരെ പ്രധാനമാണ്, കാരണം രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ച നിലനിർത്തേണ്ടത് അനിവാര്യമാണ്. എന്നാൽ വരും കാലങ്ങളിൽ മൂന്നു ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾ കുറവായിരിക്കും. സ്പിന്നർമാരായാലും ഫാസ്റ്റ് ബോളർമാരായാലും കളിക്കാരെ മാറിമാറി ഉപയോഗിക്കേണ്ടി വരും.’’– ഗംഭീർ വിശദീകരിച്ചു.

ലോക ക്രിക്കറ്റിൽ എപ്പോഴും ടെസ്റ്റ് മത്സരങ്ങളിലെ ഫലങ്ങൾക്കായിരിക്കും കൂടുതൽ മൂല്യം എന്ന് വ്യക്തമാക്കിയ ഗംഭീരേ‍, റെഡ് ബോൾ ക്രിക്കറ്റിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കൂട്ടിച്ചേർത്തു. ‘‘പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം അവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ശക്തമായ ഒരു ടെസ്റ്റ് ക്രിക്കറ്റ് ടീമുള്ള രാജ്യമേ മികച്ച ക്രിക്കറ്റ് സംസ്കാരമുള്ള രാജ്യമാകൂ എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അല്ലാതെ ശക്തമായ ട്വന്റി20 ടീമുള്ള രാജ്യം മികച്ച ക്രിക്കറ്റ് രാജ്യമാകില്ല.’’– ഗംഭീർ വ്യക്തമാക്കി.

∙ ശ്രേയസ്സ് നയിക്കും; സഞ്ജു വരുമോ?ഒക്ടോബർ 22 മുതലാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം. അഞ്ച് ട്വന്റി20 മത്സരങ്ങൾ, അഞ്ച് ഏകദിനങ്ങൾ, രണ്ടു ടെസ്റ്റുകൾ എന്നിവയാണ് പര്യടനത്തിലുള്ളത്. നവംബർ 15ന് അഞ്ചാം ഏകദിനത്തിനു ശേഷം 19നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇരു ടീമുകളിലും കളിക്കുന്ന താരങ്ങൾക്ക് മൂന്നു ദിവസത്തെ ഇടവേള മാത്രമാണ് ലഭിക്കുക. ഇതുകൊണ്ടാണ് മൂന്നാം ഏകദിനത്തിനു ശേഷം ടെസ്റ്റ് ടീമിലുള്ള താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ ആലോചിക്കുന്നത്.

ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഉൾപ്പെടെയുള്ളവർ ഈ പട്ടികയിലുണ്ട്. അങ്ങനെ അനുവദിച്ചാൽ ട്വന്റി20 ക്യാപ്റ്റനും ഏകദിന വൈസ് ക്യാപ്റ്റനുമായ ശ്രേയസ്സ് അയ്യരാകും അവസാന രണ്ട് ഏകദിനങ്ങളിൽ ഇന്ത്യയെ നയിക്കുക. വിക്കറ്റ് കീപ്പറായ കെ.എൽ.രാഹുലും ടെസ്റ്റ് തയാറെടുപ്പിനായി വിട്ടുനിൽക്കുമെന്നതിനാൽ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഏകദിനത്തിൽ അവസരം ലഭിക്കാനും സാധ്യതയുണ്ട്. ഇഷാൻ കിഷനും ഏകദിന ടീമിലുള്ളതിനാൽ ഗില്ലിന്റെ അഭാവത്തിൽ സഞ്ജുവോ ഇഷാനോ ഓപ്പണറാകാനും സാധ്യതയുണ്ട്.

English Summary:

Indian cricket squad players mightiness get remainder from ODI cricket for the upcoming New Zealand circuit to hole amended for Test matches. Coach Gautam Gambhir highlighted the situation of switching playing styles rapidly from 50-over format to five-day Test cricket.

Read Entire Article