Published: May 28, 2026 06:54 PM IST Updated: May 28, 2026 10:45 PM IST
2 minute Read
മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ അടുത്ത ക്യാപ്റ്റൻ ആരാകണമെന്നതിൽ ചർച്ച തുടങ്ങിയിട്ട് കുറച്ചുകാലമായി. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനു പകരം പുതിയ ഒരാൾ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് അഭ്യൂഹം. ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ സൂര്യകുമാറിന്റെ ‘ദൗത്യം’ പൂർത്തിയായെന്നും 2028ൽ നടക്കുന്ന അടുത്ത ലോകകപ്പും ഒളിംപിക്സും ലക്ഷ്യമിട്ട് പുതിയ നായകന്റെ കീഴിൽ ടീമിനെ രൂപപ്പെടുത്താനുമാണ് ബിസിസിഐയുടെ ആലോചന എന്നാണ് റിപ്പോർട്ട്. സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മയും മാറ്റത്തിനൊരു കാരണമാണ്. ഐപിഎലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനും ഇന്ത്യയുടെ ഏകദിന ടീം വൈസ് ക്യാപ്റ്റനുമായ ശ്രേയസ്സ് അയ്യർ, ട്വന്റി20 ലോകകപ്പ് ഹീറോയായ മലയാളി താരം സഞ്ജു സാംസൺ എന്നിവരുടെ പേരാണ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ഏറ്റവുമധികം ഉയർന്നുകേൾക്കുന്നത്. മുംബൈ ഇന്ത്യൻസ് താരമായ തിലക് വർമയുടെ പേരും ഇടയ്ക്ക് അഭ്യൂഹങ്ങളിൽ നിറഞ്ഞിരുന്നു.
എന്നാൽ ഒരിക്കൽ പോലും ചർച്ചകളിൽ ഉയർന്നിട്ടില്ലാത്ത, ഇന്ത്യയുടെ ട്വന്റി20 ടീമിൽ അരങ്ങേറിയിട്ടു പോലുമില്ലാതെ ഒരു താരത്തെ ക്യാപ്റ്റനാക്കണമെന്ന മുറവിളിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മറ്റാരുമല്ല, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടിദാർ. ആർസിബിയെ തുടർച്ചയായ രണ്ടാം സീസണിലും ഐപിഎൽ ഫൈനലിലെത്തിച്ചതിനു പിന്നാലെയാണ് രജത് പാട്ടിദാറിന്റെ ക്യാപ്റ്റൻസിനെ പുകഴ്ത്തി പോസ്റ്റുകൾ നിറഞ്ഞതും താരത്തെ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഉയർന്നതും.
2022 ഐപിഎൽ സീസണിൽ, പരുക്കേറ്റ താരത്തിന് പകരക്കാരനായാണ് രജത് പാട്ടിദാർ ആർസിബിയിലെത്തുന്നത്. പിന്നീട് സ്വപ്നതുല്യമായ യാത്രയിലൂടെയാണ് താരം വിരാട് കോലിക്കു പിൻഗാമിയായി ടീമിന്റെ ക്യാപ്റ്റനായതും കന്നി സീസണിൽ തന്നെ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബിക്ക് ആദ്യ ഐപിഎൽ ട്രോഫി നേടി കൊടുക്കുകയും ചെയ്തത്. ഈ സീസണിൽ ടേബിൾ ടോപ്പർമാരായാണ് ആർസിബി പ്ലേഓഫിലെത്തിയതും പിന്നീട് ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി ഫൈനലിലെത്തിയതും. ആർസിബിയെ രണ്ടു തവണ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനാണ് രജത് പാട്ടിദാർ. തുടർച്ചയായ രണ്ടാം കിരീടമെന്ന മോഹത്തിന് വെറും ഒരു ജയം മാത്രം അകലെയാണ് ആർസിബി ഇപ്പോൾ.
കോലി ഫ്രാഞ്ചൈസിയുടെ മുഖമായി തുടരുമ്പോഴും, ആർസിബിയുടെ വിജയത്തിൽ പാട്ടിദാർ തുല്യമായ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. തീരുമാനങ്ങൾ എടുക്കുന്നതിലെ പക്വത, മികച്ച ബോളിങ് മാറ്റങ്ങൾ, മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവയ്ക്കാനുള്ള കഴിവ് എന്നിവയും താരത്തിനുണ്ട്. രാജ്യാന്തര തലത്തിൽ, മൂന്നു ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ട്വന്റി20യിൽ പാട്ടിദാർ അരങ്ങേറ്റം കുറിച്ചിട്ടില്ല. ‘‘എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ക്യാപ്റ്റനാകാൻ യോഗ്യരായ രണ്ട് അല്ലെങ്കിൽ മൂന്നു കളിക്കാരുണ്ട്. അതിൽ തീർച്ചയായും ഒരാൾ പാട്ടിദാർ ആണ്. നമ്മുക്ക് അവനെ ട്വന്റി20 ടീമിൽ ആവശ്യമുണ്ട്. അതിൽ രണ്ട് അഭിപ്രായമില്ല.’’– മുൻ ഇന്ത്യൻ ബാറ്റർ അമ്പാട്ടി റായുഡു ക്രിക്ഇൻഫോയോട് പറഞ്ഞു.
സൂര്യകുമാർ യാദവിന് പകരം പാട്ടിദാറിനെ ട്വന്റി20 ടീം ക്യാപ്റ്റനാക്കണമോ എന്ന് ചോദിച്ചപ്പോൾ, റായുഡുവിന്റെ മറുപടി ഇങ്ങനെ: ‘‘അതെ, തീർച്ചയായും. അദ്ദേഹത്തെ നേരിട്ട് ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനായി നിയമിക്കുന്നത് ഒരു സാഹസികമായ നീക്കമായിരിക്കാമെങ്കിലും, സമീപകാലത്ത് ശ്രേയസ്സ് അയ്യർ, സഞ്ജു സാംസൺ എന്നിവരെക്കാൾ പാട്ടിദാർ തീർച്ചയായും മികച്ചു നിന്നിട്ടുണ്ട്. ക്യാപ്റ്റനായിട്ടല്ലെങ്കിൽ പോലും, ഇന്ത്യൻ ട്വന്റി20 ടീമിൽ അദ്ദേഹം തീർച്ചയായും ഒരു സ്ഥാനം അർഹിക്കുന്നു. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ആർസിബി തുടർച്ചയായ രണ്ടാമത്തെ ഐപിഎൽ കിരീടം സ്വന്തമാക്കുകയാണെങ്കിൽ, അത് ഇന്ത്യൻ ടീമിൽ ഒരു സ്ഥാനത്തിനായുള്ള, ഒപ്പം ഒരുപക്ഷേ ക്യാപ്റ്റനാകാനുള്ള പടിദാറിന്റെ അവകാശവാദത്തെ കൂടുതൽ ശക്തമാക്കും.’’– അമ്പാട്ടി റായുഡു പറഞ്ഞു.
English Summary:







English (US) ·